തിരുവനന്തപുരം: മാർച്ച് 10ന് ആരംഭിക്കുന്ന എസ്എസ്എൽസി, പ്ലസ് വൺ, പ്ലസ് ടു, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾക്ക് ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കിയതായി ജനറൽ എഡ്യുക്കേഷൻ ഡയറക്‌ടർ കെ.ജീവൻ ബാബു. ഇതാദ്യമായാണ് ഒറ്റ ഡയറക്‌ടറേറ്റിന് കീഴിൽ മൂന്നു പരീക്ഷകളും ഒരേ ദിവസം ആരംഭിക്കുന്നത്. പരീക്ഷ എഴുതുന്ന കുട്ടികൾക്ക് അനാവശ്യ ആശങ്ക വേണ്ടെന്നും പഠിച്ച കാര്യങ്ങൾ നന്നായി എഴുതാനാണ് കുട്ടികൾ ശ്രദ്ധിക്കേണ്ടതെന്നും ഡയറക്‌ടർ പറഞ്ഞു.
ആശങ്ക വേണ്ട; ബോർഡ് പരീക്ഷകൾക്ക് ഒരുക്കങ്ങൾ സജ്ജം
പരീക്ഷ എഴുതുന്ന കുട്ടികൾക്ക് അനാവശ്യ ആശങ്ക വേണ്ടെന്ന് ജനറൽ എഡ്യുക്കേഷൻ ഡയറക്‌ടർ കെ.ജീവൻ ബാബു
പരീക്ഷ എന്നത് നമ്മുടെ ജീവിതത്തിന്‍റെ അവസാനമല്ലെന്ന് എല്ലാ കുട്ടികളും മനസിലാക്കുക. ഇത് ഒരു ഘട്ടത്തിൽ നിന്ന് മറ്റൊരു ഘട്ടത്തിലേക്ക് കടക്കുന്ന ഒരു പരീക്ഷ മാത്രമാണ്. അത് ഇനിയും വരും. അതിനാൽ അനാവശ്യ പേടി വേണ്ട, ഏതെങ്കിലും പാഠഭാഗങ്ങൾ പഠിച്ചില്ലെന്ന് കരുതിയും കുട്ടികൾ ടെൻഷനടിക്കരുത്. പഠിച്ച ഭാഗങ്ങളിൽ നിന്നുള്ള ചോദ്യങ്ങൾക്ക് നന്നായി ഉത്തരമെഴുതിയാൽ മതി. താനടക്കമുള്ളവർ ജീവിതത്തിലെ വിവിധ പരീക്ഷകൾ കടന്നു വന്നവരാണെന്നും നമ്മൾ പഠിച്ച കാര്യങ്ങളുടെ ഒരു മൂല്യ നിർണയമായി മാത്രം കുട്ടികൾ ഇതിനെ കണ്ടാൽ മതിയെന്നും ജനറൽ എഡ്യുക്കേഷൻ ഡയറക്‌ടർ ഇടിവി ഭാരതിനോട് പറഞ്ഞു.