തിരുവനന്തപുരം :മാധ്യമങ്ങൾക്ക് നേരെ രൂക്ഷ വിമർശനവുമായി സ്പീക്കർ എം ബി രാജേഷ്. നിയമസഭയിൽ മാധ്യമ വിലക്ക് ഏർപ്പെടുത്തിയെന്ന വാർത്ത സംഘടിതവും ആസൂത്രിതവുമാണെന്ന തോന്നലുണ്ടാക്കിയെന്ന് അദ്ദേഹം പറഞ്ഞു. മാധ്യമവിലക്ക് ഏർപ്പെടുത്തിയിട്ടില്ല. പ്രതിപക്ഷ പ്രതിഷേധത്തിന്റെ ദൃശ്യങ്ങൾ സഭ ടിവി വഴി നൽകാത്തതിനെയും സ്പീക്കർ ന്യായീകരിച്ചു.
ഭരണപക്ഷ പ്രതിഷേധത്തിന്‍റെ ദൃശ്യങ്ങളും നൽകിയിട്ടില്ലല്ലോയെന്നായിരുന്നു ഇതുസംബന്ധിച്ച ചോദ്യത്തിനുള്ള മറുപടി. സഭയ്ക്കുള്ളിലെ പ്രതിഷേധം മൊബൈൽ ഫോൺ ഉപയോഗിച്ച് പകർത്തിയത് ചട്ടവിരുദ്ധമാണ്. വിഷയം ഗൗരവമായി കാണുമെന്നും സഭാംഗങ്ങൾ അങ്ങനെ ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും സ്പീക്കർ വ്യക്തമാക്കി. മാധ്യമപ്രവർത്തകൻ എന്ന നിലയിലോ സാമാജികൻ എന്ന നിലയിലോ ഉള്ള സവിശേഷ സ്വാതന്ത്ര്യം ദുരുപയോഗപ്പെടുത്തുന്നതിന് കൂട്ടുനിൽക്കാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
താൽക്കാലിക പ്രശ്നത്തെ മാധ്യമവിലക്കെന്ന് പ്രചരിപ്പിച്ചത് ശരിയായില്ല. പ്രശ്നം പരിഹരിച്ചിട്ടും വാർത്ത നൽകുന്നത് തുടർന്നു. ഇതുവരെ ഇല്ലാത്തതുപോലെ ക്യാമറകൾക്ക് എല്ലായിടത്തും പ്രവേശനം അനുവദിച്ചില്ലെന്ന് പ്രചരിപ്പിച്ചത് ദുരൂഹമാണ്. ചില അനിഷ്ട സംഭവങ്ങളുടെ പശ്ചാത്തലത്തിൽ സുരക്ഷ കർശനമാക്കണമെന്ന് പൊതുവിൽ നിർദേശം നൽകിയിരുന്നു.