തിരുവനന്തപുരം :ആരോഗ്യ മന്ത്രി വീണ ജോര്‍ജ് സമീപകാലത്ത് ഉത്തരവിട്ട് ഉചിതമായ തുടര്‍ നടപടിയിലേക്ക് പോകാത്ത സംഭവങ്ങള്‍ നിരവധിയാണെന്ന് ആരോപണം ഉയരുന്നു. ഇപ്പോള്‍ കൊട്ടാരക്കര ആശുപത്രിയില്‍ ഡോക്ടര്‍ കുത്തേറ്റു മരിച്ച സംഭവത്തില്‍ ആരോഗ്യമന്ത്രി പ്രഖ്യാപിച്ച അന്വേഷണത്തിനും ഇതേ ഗതിയുണ്ടാകുമോ എന്ന ആശങ്കയാണ് ആരോഗ്യ പ്രവര്‍ത്തകര്‍ പങ്കുവയ്ക്കുന്നത്. ബ്രഹ്മപുരം മാലിന്യ പ്ലാന്‍റില്‍ 10 ദിവസം തുടര്‍ച്ചയായുണ്ടായ തീപിടിത്തത്തെ തുടര്‍ന്നുണ്ടായ ആരോഗ്യ പ്രശ്‌നങ്ങള്‍ പഠിച്ച് സമഗ്രമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഒരു വിദഗ്‌ധ സമിതി രൂപീകരിച്ചുകൊണ്ട് ഇക്കഴിഞ്ഞ ഏപ്രില്‍ 4ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ.കെ.ജെ. റീന കണ്‍വീനറായി രൂപീകരിച്ച സമിതിയില്‍ ആരോഗ്യ സര്‍വകലാശാല പ്രോ വൈസ് ചാന്‍സലര്‍ ഡോ.സി.പി.വിജയന്‍, ഡല്‍ഹി ആസ്ഥാനമായ സിഐഎസ്ആര്‍ സീനിയര്‍ സയന്‍റിസ്റ്റ് ഡോ.പ്രതീഷ്, മഞ്ചേരി മെഡിക്കല്‍ കോളജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ.അനീഷ്, തൃശൂര്‍ മെഡിക്കല്‍ കോളജ് അസോസിയേറ്റ് പ്രൊഫസര്‍ ഡോ.സഞ്ജീവ് നായര്‍, തിരുവനന്തപുരം മെഡിക്കല്‍ കോളജ് പ്രൊഫസര്‍ ഡോ.പി.ജബ്ബാര്‍, കൊച്ചി അമൃത ഹോസ്പിറ്റലിലെ പ്രൊഫ.ഡോ.സി.ജയകുമാര്‍, ഡോ.എച്ച്.ഡി വരലക്ഷ്മി, ഡോ.ജിതേഷ് എന്നിവരായിരുന്നു സമിതിയിലെ അംഗങ്ങള്‍.
നിയമസഭയില്‍ പ്രതിപക്ഷം ബ്രഹ്മപുരം തീപിടിത്തത്തില്‍ ആരോപണങ്ങള്‍ കടുപ്പിച്ചപ്പോള്‍ അതില്‍ നിന്ന് രക്ഷപ്പെടാനാണ് മന്ത്രി ആരോഗ്യ അന്വേഷണ സംഘത്തെ പ്രഖ്യാപിച്ചത്. എന്നാല്‍ ഇതുവരെ സമിതിയുടെ ആദ്യ യോഗം ചേരുകയോ പരിഗണനാവിഷയങ്ങള്‍ നിശ്ചയിക്കുകയോ ചെയ്തിട്ടില്ല. ഇക്കാര്യം ഇടിവി ഭാരത് നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ ജീവനക്കാരന്‍ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന ആരോപണത്തില്‍ അന്വേഷണത്തിന് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കിയെങ്കിലും അക്കാര്യത്തിലും ഇതുവരെ ക്രിയാത്മകമായ തുടര്‍ നടപടിയുണ്ടായിട്ടില്ല. സംഭവത്തില്‍ മെഡിക്കല്‍ കോളജ് അഡീഷണല്‍ സൂപ്രണ്ട് കണ്‍വീനറായി രൂപീകരിച്ച ആഭ്യന്തര അന്വേഷണവും എങ്ങുമെത്തിയില്ല.