മന്ത്രി ശിവന്‍കുട്ടി പ്രതികരിക്കുന്നു തിരുവനന്തപുരം : ബ്രഹ്മപുരം മാലിന്യ പ്ലാന്‍റ് പ്രശ്‌നത്തിന്‍റെ പശ്ചാത്തലത്തില്‍ പരീക്ഷകൾ മാറ്റിവയ്ക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ ഒരു പ്രശ്‌നവും ഇല്ലാതെയാണ് നടക്കുന്നത്. ഒന്ന് മുതൽ ഒൻപതാം ക്ലാസ് വരെയുള്ള പരീക്ഷകൾ ആരംഭിക്കാൻ പോവുകയാണ്. നിലവിൽ കുട്ടികൾക്ക് പരാതിയോ ബുദ്ധിമുട്ടോ ഉണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
പരീക്ഷയുടെ നടത്തിപ്പ് സംബന്ധിച്ച് ഉചിതമായ തീരുമാനമെടുക്കാൻ നിർദേശം നൽകിയിട്ടുണ്ട്. കുട്ടികൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാനുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.തിങ്കളാഴ്‌ച മുതലാണ് ഒന്നുമുതൽ ഒമ്പത് വരെയുള്ള വിദ്യാർഥികളുടെ പരീക്ഷ ആരംഭിക്കുന്നത്.
മാർച്ച് അവസാനം വരെ വിവിധ ക്ലാസുകളിലെ വാർഷിക പരീക്ഷകൾ നടക്കുന്നുണ്ട്. ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീപിടിത്തം 10 ദിവസം കഴിഞ്ഞിട്ടും ഗുരുതരമായി തുടരുകയാണ്. അനാവശ്യമായി ആരും പുറത്തേക്കിറങ്ങരുതെന്നും എല്ലാവരും നിർബന്ധമായും മാസ്‌ക് ധരിക്കണമെന്നും ആരോഗ്യ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.
ഇതിനിടയിൽ പരീക്ഷ നടത്തുന്നതിനെതിരെ വ്യാപക പ്രതിഷേധങ്ങളാണ് ഉയർന്നത്. ഇതേക്കുറിച്ച് പ്രതികരിക്കുകയായിരുന്നു മന്ത്രി. കലക്‌ടറുമായും വിദ്യാഭ്യാസ ഡയറക്‌ടറുമായും ആലോചിച്ച് വേണ്ട നിർദേശങ്ങൾ ജില്ലയിൽ നടപ്പിലാക്കുമെന്ന് മന്ത്രി പറഞ്ഞു.
ബ്രഹ്മപുരത്തെ തീപിടിത്തത്തിന്‍റെ പശ്ചാത്തലത്തിൽ ചൊവ്വാഴ്‌ച മുതൽ ആരോഗ്യ സർവേ ആരംഭിക്കുമെന്നും രോഗമുള്ളവർ, കുട്ടികൾ, പ്രായമായവർ, ഗർഭിണികൾ എന്നിവർ പുറത്തിറങ്ങുമ്പോൾ മാസ്‌ക് ധരിക്കണം എന്നും ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അറിയിച്ചിരുന്നു. ആളുകളുടെ ആരോഗ്യത്തിനായി വിദഗ്‌ധ ചികിത്സ ഉറപ്പാക്കാനും മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കാനും ആരോഗ്യ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. കൂടാതെ മൊബൈൽ മെഡിക്കൽ യൂണിറ്റ് സേവനവും ജില്ലയിൽ ഉറപ്പാക്കും.
11ാം ദിവസമായിട്ടും പുക ശല്യം തുടരുന്നതിനെതിരെ സിനിമാതാരങ്ങളും ഇപ്പോൾ രംഗത്തുവന്നിട്ടുണ്ട്. പുക വിദ്യാർഥികളെ ദോഷകരമായി ബാധിച്ചാൽ വലിയ പ്രതിസന്ധിയാകും. എന്നാൽ എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ സുഗമമായി നടക്കുന്നതിന്‍റെ ആശ്വാസത്തിലാണ് സർക്കാർ. അതേസമയം വിഷപ്പുക ശ്വസിച്ച് ശ്വാസംമുട്ടലുമായി വിദ്യാർഥികളും ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ടെന്നാണ് വിവരം.
ബ്രഹ്മപുരം തീപിടിത്തം : മാര്‍ച്ച് രണ്ടിന് വൈകിട്ട് നാലുമണിക്കാണ് കോര്‍പറേഷന്‍റെ മാലിന്യ സംസ്‌കരണ കേന്ദ്രമായ ബ്രഹ്മപുരത്ത് തീപിടിത്തം ഉണ്ടായത്. കഴിഞ്ഞ പത്ത് വര്‍ഷമായി ബ്രഹ്മപുരത്തെ തീപിടിത്തം തുടര്‍ക്കഥയാണെങ്കിലും ഇത് ആദ്യമായാണ് തീപിടിത്തം ശമിപ്പിക്കാന്‍ ഇത്രയും സമയം എടുക്കുന്നത്. വിഷയം വന്‍ രാഷ്ട്രീയ വിവാദമായി മാറിയിട്ടുമുണ്ട്.
പതിനൊന്നാം ദിവസവും കൊച്ചി നഗരത്തിലെ പുക പൂര്‍ണമായി ശമിച്ചിട്ടില്ല. 30 ഫയര്‍ ടെന്‍ഡറുകളും ഇരുന്നൂറോളം അഗ്‌നിരക്ഷ സേനാംഗങ്ങളും കഴിഞ്ഞ ദിവസം പുക ശമിപ്പിക്കാനുള്ള കഠിന പരിശ്രമത്തിലായിരുന്നു. ഒരു മിനിട്ടില്‍ 60,000 ലിറ്റര്‍ വെള്ളം പമ്പ് ചെയ്‌താണ് തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തിയത്. കൂടാതെ നേവിയുടെ എയര്‍ ഡ്രോപ്പിങ് ഓപ്പറേഷനും നടന്നു.
ഇതിനിടെയില്‍ 600 ല്‍ അധികം പേര്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ചികിത്സ തേടി. കൂടുതല്‍ പേരും ആരോഗ്യ വകുപ്പിന്‍റെ ക്യാമ്പുകളിലാണ് ചികിത്സ തേടിയത്. ഇതിനിടെ വീടുകളിലും ഫ്ലാറ്റുകളിലും കെട്ടിക്കിടന്ന മാലിന്യം നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ അധികൃതര്‍ ആരംഭിച്ചിട്ടുണ്ട്.