തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തള്ളിമാറ്റിയ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനെതിരെ കേസില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ രേഖാമൂലം നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ എത്തിയവരെ തടയാനാണ് ജയരാജന്‍ ശ്രമിച്ചതെന്നാണ് അദ്ദേഹം അറിയിച്ചത്.
കേസിലെ പ്രതികള്‍ കോടതിയിലോ, പൊലീസിലോ ജയരാജൻ മദിച്ചതായി ആരോപണം ഉന്നയിച്ചിട്ടില്ല. ഇപ്പോൾ മർദിച്ചു എന്ന പേരിലുള്ള പ്രതികളുടെ നീക്കം കുറ്റകൃത്യത്തിന്‍റെ ഗൗരവം കുറയ്ക്കാനാണെന്നും പ്രതിപക്ഷത്തിന്‍റെ ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി നല്‍കി. ജയരാജനെതിരെ കേസ് എടുക്കണോയെന്ന കാര്യത്തില്‍ നിയമോപദേശം തേടിയിരുന്നോ എന്ന ചോദ്യത്തിനും ഇല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് വിമാനത്തില്‍ വന്ന മുഖ്യമന്ത്രിക്കെതിരെ ജൂൺ 13ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുദ്രാവാക്യം വിളിക്കുകയായിരുന്നു. ഇതിനിടെ മുഖ്യമന്ത്രിക്കൊപ്പം യാത്ര ചെയ്ത ഇ പി ജയരാജന്‍ പ്രവര്‍ത്തകരെ പിന്നോട്ട് തള്ളി.സംഭവം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റും മുന്‍ എം.എല്‍.എയുമായ കെ എസ് ശബരീനാഥന്‍ ഇതിന്‍റെ വീഡിയോ പുറത്തുവിട്ടു.
Also Read: ധനവകുപ്പ് പൂർണ പരാജയമെന്ന് പ്രതിപക്ഷം ; അടിയന്തര പ്രമേയത്തിന് അനുമതിയില്ല, സഭ വിട്ട് പ്രതിപക്ഷം
മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ജയരാജന്‍ ആക്രമിച്ചുവെന്ന് ആരോപിച്ചായിരുന്നു വീഡിയോ പോസ്റ്റ് ചെയ്തത്. കേസില്‍ പ്രതിഷേധക്കാര്‍ക്കെതിരെ പൊലീസ് വിവിധ വകുപ്പുകള്‍ ചുമത്തി കേസെടുത്തു. സിവിൽ ഏവിയേഷൻ സുരക്ഷാനിയമത്തിനെതിരായ പ്രവൃത്തികളുണ്ടായാല്‍ തടയാനുള്ള വകുപ്പുകള്‍ അടക്കം ഉള്‍പ്പെടുത്തിയായിരുന്നു കേസ്. തുടര്‍ന്ന് പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം നല്‍കി.