തിരുവനന്തപുരം: ദേശീയ പാത വികസനത്തിനായി ഏറ്റെടുക്കുന്ന ഭൂമിക്ക് സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിക്കുന്ന തുക നഷ്ടപരിഹാരമായി നല്‍കുമെന്ന് കേന്ദ്ര ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന നഷ്ടപരിഹാര നിരക്കാണ് കേരളത്തിലുള്ളത്. എന്നിരുന്നാലും കേരളത്തിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് ഈ തീരുമാനമെന്നും ഗഡ്കരി തിരുവനന്തപുരത്ത് പറഞ്ഞു. സ്വകാര്യ സന്ദര്‍ശനത്തിനായി തിരുവനന്തപുരത്ത് എത്തിയ ഗഡ്കരി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി.
ദേശീയ പാത വികസനം: സംസ്ഥാനം നിശ്ചയിക്കുന്ന തുക നൽകാൻ തയ്യാറെന്ന് നിതിൻ ഗഡ്കരി
കേരളത്തിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് ഈ തീരുമാനമെന്നും ഗഡ്കരി.
ദേശീയപാത വികസനത്തില്‍ കേരളത്തിന് പ്രതിസന്ധിയാകുന്നത് സ്ഥലമേറ്റെടുക്കുന്നതിലെ കാലതാമസമാണെന്നും 80 ശതമാനം സ്ഥലമേറ്റെടുപ്പ് പൂർത്തിയാക്കിയാല്‍ മാത്രമേ പദ്ധതിക്ക് അനുമതി നല്‍കാന്‍ കഴിയൂവെന്നും നിതിൻ ഗഡ്കരി പറഞ്ഞു.
ദേശീയ പാത വികസനത്തില്‍ കേരളത്തിന്‍റെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് ഗഡ്കരി ഉറപ്പു നല്‍കിയതായി കൂടിക്കാഴ്ചയ്ക്ക് ശേഷം മുഖ്യമന്ത്രി അറിയിച്ചു. സാഗര്‍മാല പദ്ധതിയിലും കേരളത്തെ പരിഗണിക്കുന്നത് സംബന്ധിച്ചും, മത്സ്യമേഖല, ജൈവകൃഷി, തുറമുഖം തുടങ്ങിയ മേഖലകളെ കുറിച്ചും കൂടിക്കാഴ്ചയില്‍ ചര്‍ച്ച നടന്നു. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍, പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ എന്നിവരും കൂടികാഴ്ചയിൽ പങ്കെടുത്തു. കുടുംബത്തോടൊപ്പം നിയമസഭയിലെ വി ഐ പി ഗ്യാലറിയിരുന്ന് സഭാ നടപടികൾ വീക്ഷിച്ച ശേഷമാണ് നിതിന്‍ഗഡ്കരി മടങ്ങിയത്. ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രിക്കൊപ്പമാണ് നിതിന്‍ ഗഡ്കരിയും കുടുംബവും ഉച്ചഭക്ഷണം കഴിച്ചത്.