തിരുവനന്തപുരം: അസം സ്വദേശി നിപിൻ ദാസിനെ സിമന്‍റ് ബ്ലോക്ക് കൊണ്ട് തലയ്ക്ക് അടിച്ച് കൊന്ന കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും നാലു ലക്ഷം രൂപ പിഴയും (Life imprisonment and fine for murder accused). അസം സ്വദേശിയും സുഹൃത്തുമായ രാജു ദാസാണ് ശിക്ഷിക്കപ്പെട്ട പ്രതി. മദ്യം വാങ്ങിയ പണത്തെ ചൊല്ലി ഉണ്ടായ തർക്കത്തിലാണ് കൊലപാതകം സംഭവിച്ചത്. തിരുവനന്തപുരം ഏഴാം അഡീഷണൽ സെഷൻസ് കോടതി ജഡ്‌ജി പ്രസൂൺ മോഹനനാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
മുൻ വൈരാഗ്യത്താല്‍ പ്രതി നടത്തിയ മൃഗീയമായ കൊലപാതകം ന്യായീകരിക്കാൻ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു. പ്രതി നൽകേണ്ട പിഴ തുകയിൽ നിന്നും രണ്ടു ലക്ഷം രൂപ മരണപ്പെട്ട നിപിൽ ദാസിന്‍റെ മാതാപിതാക്കളായ കുട്ടാള ദാസ്, ഗോപീന്ദ്രർ ദാസിനും അവകാശികൾക്കായി നൽകുവാനും ഉത്തരവിൽ പറയുന്നു.
മദ്യം വാങ്ങുന്നതുമായി ബന്ധപ്പെട്ട പണം വീതം വയ്ക്കുന്നതിലുള്ള മുൻ വൈരാഗ്യവും ബോധപൂർവം നടത്തിയ കൊലപാതകവുമാണ് എന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു. പ്രതി മദ്യലഹരിയിൽ നടത്തിയ പ്രവർത്തിയായിരുന്നു എന്ന പ്രതിഭാഗവാദം കോടതി തള്ളി. 2018 ഡിസംബർ രണ്ടിന് വൈകുന്നേരം 7 മണിക്കാണ് സംഭവം. അന്യസംസ്ഥാന തൊഴിലാളികൾ വാടകയ്ക്ക് താമസിച്ചിരുന്ന ആറ്റിങ്ങല്‍ പള്ളിത്തുറ വിളയിൽ കുടിയിൽ വീട്ടിൽ വച്ചാണ് സംഭവം നടക്കുന്നത്. മദ്യം വാങ്ങിയ പണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. വീട്ടിനുള്ളിൽ വച്ചായിരുന്നു കൊലപാതകം.
ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടായതില്‍ പ്രകോപിതനായ പ്രതി അവിടെയുണ്ടായിരുന്ന സിമന്‍റ് കട്ട വച്ച് തലയ്ക്കടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നിപിൻ ഉടൻ ബോധരഹിതനായി വീണു. ഇയാളെ ആദ്യം കിംസിലും തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലും എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. തുമ്പ പോലീസ് സിഐ ചാർജ് ചെയ്‌ത കേസിൽ പ്രോസിക്യൂഷന് വേണ്ടി പ്രോസിക്യൂട്ടർ കെ.എൽ. ഹരീഷ്‌കുമാർ ഹാജരായി.