തിരുവനന്തപുരം:സംസ്ഥാനത്തെ നിപ ഭീതിയില്‍ ആശ്വാസം. പരിശോധനക്കയച്ച ഏഴ് സാമ്പിളുകള്‍ കൂടി നെഗറ്റീവായി. 365 സാമ്പിളുകളാണ് ഇതുവരെ പരിശോധനയ്‌ക്ക് അയച്ചത്. (Nipah Case In Kozhikode) നിപ സ്ഥിരീകരിച്ച് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള 9 വയസുകാരന്‍റെ ആരോഗ്യ നില തൃപ്‌തികരം. ജനങ്ങള്‍ക്ക് ഏറെ ആശ്വാസം നല്‍കുന്നതാണ് നിലവില്‍ ലഭിക്കുന്ന വിവരങ്ങള്‍. അതേസമയം നിപ ബാധിതരുമായുണ്ടായ സമ്പര്‍ക്കത്തെ തുടര്‍ന്ന് ഐസോലേഷനില്‍ പ്രവേശിച്ച 66 പേരെ ഇന്ന് (സെപ്‌റ്റംബര്‍ 22) സമ്പര്‍ക്ക പട്ടികയില്‍ നിന്നും ഒഴിവാക്കി.
പ്രത്യേക രോഗ ലക്ഷണങ്ങളൊന്നും പ്രകടമാകാത്തതിനെ തുടർന്നാണ് 66 പേരെയും പട്ടികയിൽ നിന്നൊഴിവാക്കിയത്. നിലവില്‍ 915 പേരാണ് സമ്പര്‍ക്ക പട്ടികയിലുള്ളത്. നിലവില്‍ ചികിത്സയിലുള്ളവരുടെ ആരോഗ്യനില തൃപ്‌തികരമാണെന്ന് ആരോഗ്യ മന്ത്രിയുടെ ഓഫിസ് അറിയിച്ചു. ഇന്‍ഡക്‌സ് കേസിന്‍റെ സമ്പര്‍ക്ക പട്ടികയിലുള്ള മറ്റ് ജില്ലകളിലെ 21 ദിവസത്തെ നിരീക്ഷണം പൂര്‍ത്തിയാക്കിയവരെ പട്ടികയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
കൂടുതല്‍ ട്രൂനാറ്റ് പരിശോധന സംവിധാനമൊരുക്കും:സംസ്ഥാനത്തെപബ്ലിക് ഹെല്‍ത്ത് ലാബുകള്‍ ഉള്‍പ്പെടെയുള്ള സ്റ്റേറ്റ്, ജില്ലാതല ലാബുകളില്‍ ട്രൂനാറ്റ് പരിശോധന സൗകര്യം ഒരുക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു (Health Minister Veena George About Nipah). ഐസിഎംആര്‍ മാനദണ്ഡ പ്രകാരം എസ്ഒപി തയ്യാറാക്കും. മുഴുവന്‍ ജില്ല മെഡിക്കല്‍ ഓഫിസര്‍മാരോടും അതത് ജില്ലയിലെ ആര്‍ടിപിസിആര്‍, ട്രൂനാറ്റ് പരിശോധനകള്‍ നടത്താന്‍ സൗകര്യങ്ങളുള്ള ലാബുകളുടെ വിശദ വിവരങ്ങള്‍ സമര്‍പ്പിക്കുവാന്‍ നിര്‍ദേശം നല്‍കി.