തിരുവനന്തപുരം:കണ്ണേറ്റുമുക്കില്‍ പിടികൂടിയ 90 കിലോ കഞ്ചാവ് കടത്തിയത്, കുട്ടികളെ മറയാക്കിയെന്ന് എക്‌സൈസ്. അറസ്റ്റിലായ നാല് പ്രതികളില്‍ ഒരാളുടെ ഭാര്യയേയും മൂന്ന് മക്കളെയും മറയാക്കിയാണ് കഞ്ചാവ് കടത്തിയതെന്നാണ് എക്‌സൈസ് കണ്ടെത്തിയത്. വഴിയിലുള്ള പൊലീസ് പരിശോധനകള്‍ ഒഴിവാക്കാനായിരുന്നു ഇത്. ഞായറാഴ്‌ചയാണ് (മെയ് 14) 90 കിലോ കഞ്ചാവ് കാറില്‍ കടത്തുന്നതിനിടെ നാല് പേര്‍ എക്‌സൈസ് പിടിയിലായത്.
അഖില്‍, വിഷ്‌ണു, രതീഷ്, ആര്‍ രതീഷ് എന്നിവരാണ് അറസ്റ്റിലായത്. ഇവരെ കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കി എക്‌സൈസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്‌തിരുന്നു. ചോദ്യം ചെയ്യലിലാണ് കഞ്ചാവ് എത്തിച്ചത് സംബന്ധിച്ച് വിവരം ലഭിച്ചത്. ഒഡിഷയില്‍ നിന്നാണ് ഇവര്‍ക്ക് കഞ്ചാവ് ലഭിച്ചത്. ശാസ്‌തമംഗലത്ത് നിന്നും കാര്‍ വാടകയ്‌ക്കെടുത്താണ് സംഘം ഒഡിഷയിലേക്ക് പോയത്. പ്രതികളിലൊരാളായ വിഷ്‌ണുവിന്‍റെ ഭാര്യയേയും മൂന്ന് മക്കളെയും ഒപ്പം കൂട്ടിയായിരുന്നു യാത്ര.
ALSO READ |10 കിലോ കഞ്ചാവുമായി കച്ചവടക്കാരന്‍ വളാഞ്ചേരിയിൽ അറസ്റ്റിൽ ; വില്‍പ്പനയ്ക്ക് എത്തിച്ചത് ആന്ധ്രയില്‍ നിന്ന്
തീര്‍ഥാടന യാത്രയ്‌ക്കെന്ന പേരിലായിരുന്നു വാഹനം വാടകയ്ക്ക് എടുത്തത്. ഒഡിഷയിലെ ഗോപാല്‍പുരില്‍ നിന്നാണ് ഇവര്‍ കഞ്ചാവ് വാങ്ങിയത്. ഗോപാല്‍പുരിലെ ബീച്ചില്‍ ഭാര്യയേയും മക്കളെയും ഇറക്കി നിര്‍ത്തിയ ശേഷമാണ് കഞ്ചാവ് വാങ്ങനായി സംഘം പുറപ്പെട്ടത്. കഞ്ചാവ് കാറില്‍ ഒളിപ്പിച്ച ശേഷം തിരികെയത്തി കുടുംബത്തേയും കൂട്ടി കേരളത്തിലേക്ക് പുറപ്പെട്ടു.
തിരുവനന്തപുരത്ത് എത്തിയ ശേഷം കുടുംബത്തെ സുരക്ഷിത കേന്ദ്രത്തില്‍ ഇറക്കിവിടുകയായിരുന്നു. ഇതിനുശേഷം കഞ്ചാവ് ഒളിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് എക്‌സൈസ് പ്രതികളെ അറസ്റ്റുചെയ്‌തത്. ഇവര്‍ നേരത്തെയും കഞ്ചാവ് കടത്തിയതായാണ് എക്‌സൈസിന് ലഭിച്ച വിവരം. നിരവധി തവണ യാത്രക്കായി ഇതേവാഹനം പ്രതികള്‍ വാടകയ്ക്ക് എടുത്തിരുന്നു. തിരുവനന്തപുരത്ത് ഇറക്കിവിട്ട സ്ത്രീയെ കണ്ടെത്താന്‍ എക്‌സൈസിന് കഴിഞ്ഞിട്ടില്ല. ഇവരെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. സ്ത്രീയുടെ അറിവോടെയല്ല കഞ്ചാവ് കടത്തെന്നാണ് എക്‌സൈസിന് ലഭിച്ചിരിക്കുന്ന വിവരം.
ALSO READ |തിരുവനന്തപുരത്ത് വൻ കഞ്ചാവ് വേട്ട ; പിടിച്ചെടുത്തത് കാറിൽ കടത്തിയ 95 കിലോ
വിനോദയാത്രയ്‌ക്കെന്ന പേരിലാണ് കുടുംബത്തെ കൂട്ടിയതെന്നാണ് വിവരം. ഇവരെ കണ്ടെത്തി ചോദ്യം ചെയ്‌താല്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത വരികെയുള്ളൂ. കഞ്ചാവ് കടത്തലിന് കുട്ടികളെ മറയാക്കിയതിന്‍റെ പേരില്‍ പ്രതികള്‍ക്കെതിരെ ജുവൈനല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരം കേസെടുക്കാം. എന്നാല്‍, എക്‌സൈസിന് ഇതിന് കഴിയില്ല. അതിനാല്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി പൊലീസിനെ കൊണ്ട് കേസെടുപ്പിക്കാനാണ് നീക്കം. കേസില്‍ അറസ്റ്റിലായ അഖില്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകനായിരുന്നു. 46 പൊതികളിലായാണ് 90 കിലോ കഞ്ചാവ് എത്തിച്ചത്. തിരുവനന്തപുരം നഗരത്തില്‍ ചെറുപൊതികളായി വിതരണം ചെയ്യുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നാണ് എക്‌സൈസിന് ലഭിച്ച വിവരം.
ആന്ധ്രയിൽ നിന്ന് കഞ്ചാവെത്തിച്ചു, അറസ്റ്റ്:വളാഞ്ചേരിയിൽ 10 കിലോ കഞ്ചാവുമായി മൊത്ത വില്‍പ്പനക്കാരന്‍ അറസ്റ്റിൽ. മെയ് 11നാണ് ഇയാള്‍ പിടിയിലായത്. വളാഞ്ചേരി സ്വദേശിയായ അഫ്‌സലാണ് അറസ്റ്റിലായത്. ആന്ധ്രയിൽ നിന്ന് മലപ്പുറം ജില്ലയിൽ വിതരണത്തിനായി കൊണ്ടുവന്ന കഞ്ചാവാണ് പൊലീസ് പിടിച്ചെടുത്തത്.