തിരുവനന്തപുരം :വില്‍പനയ്ക്കായി കൊണ്ടുവന്ന 90 കിലോ കഞ്ചാവ് പിടിച്ച കേസിലെ പ്രതികളെ വീണ്ടും കസ്റ്റഡിയില്‍ വിട്ടു. പ്രതികള്‍ക്ക് അന്തർസംസ്ഥാന ബന്ധം വ്യക്തമായ സാഹചര്യത്തിലാണ് കൂടുതല്‍ അന്വേഷണത്തിന് എക്‌സൈസ് സംഘം പ്രതികളുടെ കസ്റ്റഡി ആവശ്യപ്പെട്ടത്. ആറാം അഡീഷണല്‍ ജില്ല സെഷന്‍സ് ജഡ്‌ജി കെ വിഷ്‌ണു, പ്രതികളെ ഈ മാസം 22വരെയാണ് കസ്റ്റഡിയില്‍ വിട്ടത്.
ഇത് രണ്ടാം തവണയാണ് കോടതി പ്രതികളെ അന്വേഷണ സംഘത്തിന്‍റെ കസ്റ്റഡിയില്‍ വിട്ടുകൊടുക്കുന്നത്. ഇതിന് മുന്‍പ് വിപണനത്തിന് ആവശ്യമായ കഞ്ചാവ് മറ്റാരെങ്കിലും എത്തിച്ചുകൊടുത്തിട്ടുണ്ടോ, പ്രതികളില്‍ നിന്ന് ഏതെല്ലാം ചില്ലറ വില്‍പനക്കാരാണ് കഞ്ചാവ് നിരന്തരം വാങ്ങിയത് എന്നതടക്കമുളള കാര്യങ്ങള്‍ വിശദമായി അന്വേഷിക്കും. ഇത് ഉന്നയിച്ചാണ് പ്രതികളെ വീണ്ടും കസ്റ്റഡിയില്‍ വേണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. പ്രതികളെ ഒരിക്കല്‍ കസ്റ്റഡിയില്‍ വിട്ടതിനാല്‍ വീണ്ടും കസ്റ്റഡി വേണമെന്ന അന്വേഷണ സംഘത്തിന്‍റെ ആവശ്യം അംഗീകരിക്കരുതെന്ന് പ്രതിഭാഗം ശക്തമായി ആവശ്യപ്പെട്ടു.
ഒഡിഷയില്‍ നിന്ന് വാങ്ങിയത് നാല് ലക്ഷത്തിന് :മയക്കുമരുന്നിനെതിരെ സന്ധിയില്ലാത്ത യുദ്ധം പ്രഖ്യാപിച്ചിട്ടുളള സര്‍ക്കാര്‍ ഈ കേസ് പ്രത്യേക ഗൗരവത്തോടെയാണ് കാണുന്നതെന്ന് പ്രോസിക്യൂട്ടര്‍ എം സലാഹുദ്ദീന്‍ കോടതിയെ അറിയിച്ചു. ഇപ്പോള്‍ കേസ് അന്വേഷണം എക്‌സൈസ് ക്രൈം ബ്രാഞ്ചിന് സര്‍ക്കാര്‍ കൈമാറിയിട്ടുണ്ടെന്നും പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു. പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് കോടതി പ്രതികളെ വീണ്ടും കസ്റ്റഡിയില്‍ വിട്ടത്.