തിരുവനന്തപുരം:സംസ്ഥാന ഒബിസി പട്ടികയിൽ ഒമ്പത് സമുദായങ്ങളെ കൂടി ഉൾപ്പെടുത്താൻ മന്ത്രിസഭ തീരുമാനം. കുരുക്കൾ/ഗുരുക്കൾ, ചെട്ടിയാർ, ഹിന്ദു ചെട്ടി, പപ്പട ചെട്ടി, കുമാര ക്ഷത്രിയ, പുലുവ ഗൗണ്ടർ, വേട്ടുവ ഗൗണ്ടർ, പടയാച്ചി ഗൗണ്ടർ, കവിലിയ ഗൗണ്ടർ എന്നീ സമുദായങ്ങളെ കൂടി ഉൾപ്പെടുത്തി ഒബിസി പട്ടിക വിപുലീകരിക്കാനാണ് മുഖ്യമന്ത്രി അധ്യക്ഷനായ മന്ത്രിസഭയിൽ തീരുമാനമായത്.
ഈ വർഷം ഫെബ്രുവരിയിൽ, സൗത്ത് ഇന്ത്യൻ യുണൈറ്റഡ് ചർച്ചിൽ (എസ്‌ഐയുസി) ഉള്ളവർ ഒഴികെയുള്ള സംസ്ഥാനത്തെ ക്രിസ്‌ത്യൻ നാടാർ സമുദായത്തെ സംസ്ഥാന സർക്കാർ ഒബിസി പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. ഭരണഘടനയുടെ 127-ാം ഭേദഗതി പാർലമെന്‍റ് പാസാക്കിയതോടെ പിന്നാക്ക സമുദായങ്ങളെ ഒബിസി പട്ടികയിൽ ഉൾപ്പെടുത്താനുള്ള അധികാരം സംസ്ഥാനങ്ങൾക്ക് തിരികെ ലഭിച്ചു. ഇതിനെ തുടർന്നാണ് പുതിയ നടപടി.