മലപ്പുറം: ലോക്‌ഡൗൺ കാലത്ത് രോഗികള്‍ക്ക് ആശ്വാസമായി നിലമ്പൂര്‍ ഫയർ ആൻഡ് റെസ്ക്യൂ സംഘം. അടിയന്തരമായി ലഭിക്കേണ്ട ജീവൻ രക്ഷാ മരുന്നുകളാണ് നിലമ്പൂർ ഫയർ ഫോഴ്‌സിന്‍റെ നേതൃത്വത്തില്‍ രോഗികള്‍ക്ക് വീട്ടിലെത്തിച്ച് നല്‍കിയത്. വിവിധ ജില്ലകളില്‍ നിന്നും എത്തിച്ച മരുന്നുകള്‍ ചിട്ടയായ ആസൂത്രണത്തോടെയാണ് വിതരണം ചെയ്യുന്നത്. തിരുവനന്തപുരം, എറണാകുളം, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്നാണ് മരുന്നുകള്‍ എത്തുന്നത്. ഇതിനോടകം തന്നെ ജില്ലയിലെ അമ്പതോളം രോഗികള്‍ക്ക് മരുന്ന് വിതരണം ചെയ്‌തു.
ജീവന്‍ രക്ഷാ മരുന്നുകള്‍ വീടുകളിലെത്തിച്ച് നിലമ്പൂര്‍ ഫയർ ആൻഡ് റെസ്ക്യൂ സംഘം
ലോക്‌ഡൗണ്‍ കാലമായതിനാല്‍ ജീവന്‍ രക്ഷാ മരുന്നുകള്‍ ലഭിക്കാത്തവര്‍ക്ക് നിലമ്പൂര്‍ ഫയര്‍ ഫോഴ്‌സിന്‍റെ പ്രവര്‍ത്തനം ആശ്വാസമാണ്.
സ്റ്റേഷൻ ഓഫീസർ എം. അബ്ദുൽ ഗഫൂർ, അസി. സ്റ്റേഷൻ ഓഫീസർ ഒ.കെ അശോകൻ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ കെ. യൂസഫലി, ജെ.ജെ നെൽസൺ, കെ. ഗോപകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനം. സ്റ്റേഷനിലേക്ക് പുതിയതായി ലഭിച്ച വാട്ടര്‍ മിസ്റ്റ് ബുള്ളറ്റ് മുഖേന ഇടുങ്ങിയ വഴികളിലൂടെയും മരുന്നെത്തിച്ച് നല്‍കാന്‍ കഴിയുന്നുണ്ടെന്ന് ഫയര്‍ ഫോഴ്‌സ് ജീവനക്കാര്‍ പറഞ്ഞു. കൂടാതെ ജില്ലയില്‍ ഫയര്‍ ഫോഴ്‌സ് ജീവനക്കാരും സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍മാരും സംയുക്തമായി നടത്തുന്ന അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായാണ് മുന്നോട്ട് പോകുന്നതെന്നും ജീവനക്കാര്‍ പറഞ്ഞു.