തിരുവനന്തപുരം:വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ കുറ്റാരോപിതനായ നിഖില്‍ തോമസിന്‍റെ മുഴുവന്‍ സര്‍ട്ടിഫിക്കറ്റുകളും പരിശോധിക്കാന്‍ കേരള സര്‍വകലാശാല രജിസ്ട്രാര്‍ക്ക് നിര്‍ദേശം. സര്‍വകലാശാല വൈസ് ചാന്‍സലര്‍ മോഹന്‍ കുന്നുമ്മലാണ് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയത്. സര്‍ട്ടിഫിക്കറ്റ് വിവാദവുമായി വിവിധ വിദ്യാര്‍ഥി സംഘടനകള്‍ ഗവര്‍ണറെ സമീപിച്ചതോടെയാണ് വൈസ് ചാന്‍സലറുടെ നടപടി.
സംഭവത്തില്‍ വിശദമായ അന്വേഷണത്തിനായി എംഎസ്എം കോളജ് അഞ്ചംഗ അന്വേഷണ കമ്മിഷനെ നിയമിച്ചതായി പ്രിന്‍സിപ്പാള്‍ മുഹമ്മദ് താഹ അറിയിച്ചു. അഞ്ചംഗ കമ്മിഷനില്‍ കോളജിലെ മൂന്ന് അധ്യാപകരും കോളജ് സൂപ്രണ്ടും ഒരു ലീഗല്‍ അഡ്വൈസറുമാണ് അംഗങ്ങള്‍. അതേസമയം, കോളജിനെ ബാധിച്ച വിവാദത്തില്‍ നിജസ്ഥിതി അറിയാന്‍ കേരള സര്‍വകലാശാലയ്ക്ക് കത്ത് നല്‍കാനും എംഎസ്എം കോളജ് അധികൃതര്‍ തീരുമാനിച്ചു.
നിഖില്‍ തോമസ് പ്രവേശനം നേടിയത് യൂണിവേഴ്‌സിറ്റി വഴി അപേക്ഷിച്ചാണ്. പ്രവേശനത്തിനായി വരുന്ന വിദ്യാര്‍ഥി, യോഗ്യതയുള്ള ആളാണോ എന്നാണ് നോക്കാറുള്ളത്. എല്ലാ മാനദണ്ഡങ്ങളും പരിശോധിച്ച ശേഷമാണ് പ്രവേശനം നല്‍കിയത്. കൊവിഡ് കാലത്താണ് നിഖില്‍ തോമസ് കോളജില്‍ പ്രവേശനം നേടിയത്. ആ സമയത്ത് സംശയം തോന്നിയിരുന്നില്ല. ഏറ്റവും അവസാനമാണ് നിഖില്‍ തോമസ് പ്രവേശനം നേടിയതെന്നും പ്രിന്‍സിപ്പാള്‍ പറഞ്ഞു.
ഇതിനിടെ നിഖില്‍ തോമസിന്‍റെ സര്‍ട്ടിഫിക്കറ്റുകള്‍ നേതാക്കള്‍ക്ക് കൈമാറിയെന്നും അവ ഒറിജിനില്‍ ആണെന്ന് ഉറപ്പിച്ചുവെന്നും എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ പറഞ്ഞു. വ്യാജ സര്‍ട്ടിഫിക്കറ്റ് ആരോപണം തള്ളിയ ആര്‍ഷോ, കലിംഗ സര്‍വകലാശാലയില്‍ നിഖില്‍ അഡ്‌മിഷന്‍ എടുത്ത ശേഷം കേരള യൂണിവേഴ്‌സിറ്റി രജിസ്‌ട്രേഷന്‍ ക്യാന്‍സല്‍ ചെയ്‌തുവെന്നും വ്യക്തമാക്കി.
READ MORE |PM Arsho| 'നിഖില്‍ തോമസിന്‍റെ സർട്ടിഫിക്കറ്റ് ഒറിജിനല്‍'; ക്ലീന്‍ ചിറ്റ് നല്‍കി പി എം ആര്‍ഷോ
2018ലാണ് നിഖില്‍ കേരള സര്‍വകലാശാല യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍ ആയിരുന്നത്. 2021ൽ കലിംഗ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഡിഗ്രി നേടി. 2022ല്‍ എസ്എഫ്‌ഐ ഏരിയ സെക്രട്ടറിയായി. സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് ആരോപിക്കുന്ന മാധ്യമങ്ങള്‍ കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തീസ്‌ഗഡില്‍ വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ലഭിക്കുമെന്നാണോ പറയുന്നത്. നിഖിലിന്‍റെ സംഭവത്തില്‍ ക്രമക്കേട് എന്ന് വിശേഷിപ്പിക്കുന്ന മാധ്യമങ്ങള്‍, അമീല്‍ റഷീദ് എന്ന എംഎസ്എഫ് വിദ്യാര്‍ഥി റഗുലര്‍ എന്ന നിലയില്‍ പ്രവേശനം നേടിയതിനെ എന്തുകൊണ്ട് എതിര്‍ക്കുന്നില്ലെന്നും ആര്‍ഷോ ഇന്ന് തിരുവനന്തപുരത്ത് മാധ്യമങ്ങളോട് ചോദിച്ചു.
പരാതി ഉന്നയിച്ചത് എസ്‌എഫ്‌ഐയിലെ മറ്റൊരംഗം:എസ്‌എഫ്‌ഐ ആലപ്പുഴ ജില്ല കമ്മിറ്റി അംഗം നിഖില്‍ തോമസിനെതിരെയാണ് വ്യാജ സർട്ടിഫിക്കറ്റ് ആരോപണം ഉയർന്നത്. ഇതേ സംഘടനയിലെ മറ്റൊരു അംഗമാണ് നിഖിലിനെതിരെ പരാതി ഉന്നയിച്ചത്. എം കോം പ്രവേശനത്തിന് വേണ്ടി ഹാജരാക്കിയത് വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റാണെന്നായിരുന്നു ആരോപണം. 2017 - 20 കാലയളവില്‍ കായംകുളം എംഎസ്‌എം കോളജിലെ ബി കോം വിദ്യാര്‍ഥിയായിരുന്നു നിഖില്‍. എന്നാല്‍, 2021ല്‍ ഇതേ കോളജില്‍ ഇയാള്‍ എം കോമിന് ചേര്‍ന്നു. ഇതോടെയാണ് വിഷയം വിവാദമായത്. എം കോം പ്രവേശനം ലഭിക്കാനായി കലിംഗ യൂണിവേഴ്‌സിറ്റിയുടെ ബി കോം സര്‍ട്ടിഫിക്കറ്റാണ് നിഖില്‍ ഹാജരാക്കിയത്.