തിരുവനന്തപുരം:പുതുവത്സരാഘോഷങ്ങള്‍ പ്രമാണിച്ച് തിരുവനന്തപുരം മാനവീയം വീഥിയില്‍ സുരക്ഷ ശക്തമാക്കി പൊലീസ്. മാനവീയം വീഥിയില്‍ അടിക്കടി സംഘര്‍ഷങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തിലാണ് പൊലീസിന്‍റെ നടപടി. വരും ദിവസങ്ങളില്‍ വീഥിയുടെ ഇരുവശത്തും ബാരിക്കേഡുകള്‍ സ്ഥാപിച്ച് പ്രവേശനം നിയന്ത്രിക്കുമെന്നും എത്തുന്നവരുടെയും പുറത്തേക്ക് പോകുന്നവരുടെയും ദൃശ്യങ്ങള്‍ പകര്‍ത്തി സൂക്ഷിക്കുമെന്നും പൊലീസ് അറിയിച്ചു.
പട്രോളിങ് ശക്തമാക്കുന്നതിനൊപ്പം മഫ്‌തി പൊലീസിനെയും പ്രദേശത്ത് നിയോഗിക്കും. മദ്യം, മയക്കുമരുന്ന് ഉള്‍പ്പടെയുള്ള ലഹരി പദാര്‍ഥങ്ങള്‍ ഉപയോഗിച്ച് സ്ഥലത്തെത്തി മോശമായി പെരുമാറുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിലായി 1,500 പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും.
വാഹന പരിശോധനയും ശക്തമാക്കും. ഹോട്ടലുകളും ക്ലബ്ബുകളും ഡി ജെ പാർട്ടികൾക്ക് മുൻകൂർ അനുമതി വാങ്ങണം. പാർട്ടികളിൽ പങ്കെടുക്കുന്നവരുടെ പേരും വിവരങ്ങളും രജിസ്റ്ററിൽ രേഖപ്പെടുത്തണം. സിസിടിവികളുടെ പ്രവർത്തനക്ഷമത ഉറപ്പാക്കണമെന്നും പൊലീസ് അറിയിച്ചു.
നേരത്തെ ക്രിസ്‌മസ് ആഘോഷങ്ങള്‍ക്കിടെയും മാനവീയം വീഥിയില്‍ സംഘര്‍ഷമുണ്ടായിരുന്നു. പൊലീസും ക്രിസ്‌മസ് ആഘോഷങ്ങള്‍ക്കായെത്തിയ യുവാക്കളും തമ്മിലാണ് അന്ന് സംഘര്‍ഷമുണ്ടായത്. ചിലര്‍ വാഹനങ്ങള്‍ തടഞ്ഞതായിരുന്നു സംഘര്‍ഷത്തില്‍ കലാശിച്ചത്.
ഇതേത്തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥരെയും യുവാക്കള്‍ കയ്യേറ്റം ചെയ്‌തിരുന്നു. എ എസ് ഐ അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കാണ് സംഘര്‍ഷത്തില്‍ പരിക്കേറ്റത്. ഡി വൈ എസ് പി അടക്കമുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി നാല് പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്‌തിരുന്നു.
Read More :സംഘര്‍ഷ വേദിയായി വീണ്ടും മാനവീയം വീഥി, ക്രിസ്‌തുമസ് ആഘോഷങ്ങള്‍ക്ക് എത്തിയ യുവാക്കള്‍ പൊലീസുമായി ഏറ്റുമുട്ടി
നവീകരണത്തിന് പിന്നാലെ ആക്രമണങ്ങളും :മാനവീയം വീഥി നവീകരണം നടത്തി പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുത്തതിന് പിന്നാലെ തന്നെ ആക്രമണങ്ങള്‍ തുടര്‍ക്കഥയായിരുന്നു. ആദ്യ ഒരു മാസത്തിനുള്ളില്‍ തന്നെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഇവിടെ നിന്നും റിപ്പോര്‍ട്ട് ചെയ്‌തത് എട്ടോളം കേസുകളായിരുന്നു. മ്യൂസിയം പൊലീസ് ആയിരുന്നു കഴിഞ്ഞ മാസം ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.