തിരുവനന്തപുരം: കേരളത്തിന് പുതിയ രണ്ട് ദ്വൈവാര ട്രെയിനുകൾ കൂടി അനുവദിച്ച് റെയിൽവേ മന്ത്രാലയം (Ministry of Railways). എറണാകുളം-വേളാങ്കണ്ണി എക്‌സ്‌പ്രസ് (Ernakulam-Velankanni Express), കൊല്ലം-തിരുപ്പതി എക്‌സ്‌പ്രസ് (Kollam-Tirupati Express) എന്നീ ട്രെയിനുകളാണ് പുതുതായി അനുവദിച്ചിട്ടുള്ളത്. അതോടൊപ്പം തന്നെ സംസ്ഥാനത്ത് സർവീസ് നടത്തുന്ന പ്രധാനപ്പെട്ട പല ട്രെയിനുകൾക്കും കൂടുതൽ സ്റ്റോപ്പുകളും റെയിൽവേ പ്രഖ്യാപിച്ചിട്ടുണ്ട്.
ആഴ്‌ചയിൽ ഒരു ദിവസം സ്പെഷ്യൽ ട്രെയിനായി ഓടിയിരുന്ന എറണാകുളം-വേളാങ്കണ്ണി എക്‌സ്‌പ്രസ് ആഴ്‌ചയിൽ രണ്ട് ദിവസമായി സ്ഥിരപ്പെടുത്താനാണ് റെയിൽവേയുടെ തീരുമാനം. തിങ്കൾ, ശനി ദിവസങ്ങളിൽ ഉച്ചയ്ക്കു 12.35ന് എറണാകുളത്തു നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 5.50ന് വേളാങ്കണ്ണിയിൽ എത്തുന്ന രീതിയിലാകും സർവീസ് നടത്തുക. ചൊവ്വ, ഞായർ ദിവസങ്ങളിൽ വൈകിട്ട് 6.30ന് വേളാങ്കണ്ണിയിൽ നിന്നു പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്ക്ക് 12ന് എറണാകുളം എത്തുന്ന രീതിയിലാണ് തിരികെയുള്ള സർവീസ്. വർഷങ്ങളായുള്ള ഈ സ്പെഷ്യൽ ട്രെയിൻ കോട്ടയം, കൊല്ലം, പുനലൂർ, ചെങ്കോട്ട വഴിയാണ് സർവീസ് നടത്തുക.
കൊല്ലം തിരുപ്പതി എക്‌സ്‌പ്രസും ആഴ്‌ചയിൽ രണ്ടു ദിവസം സർവീസ് നടത്തും. ചൊവ്വ, വെള്ളി ദിവസങ്ങളിൽ തിരുപ്പതിയില്‍ നിന്നു ഉച്ചയ്ക്കു 2.40ന് പുറപ്പെട്ട് പിറ്റേന്ന രാവിലെ 6.20ന് കൊല്ലത്ത് എത്തും. ബുധൻ, ശനി ദിവസങ്ങളിൽ കൊല്ലത്ത് നിന്നു രാവിലെ 10ന് പുറപ്പെട്ട് പിറ്റേന്ന് പുലര്‍ച്ചെ 3.20ന് തിരുപ്പതിയിലെത്തുന്ന രീതിയിലാണ് മടക്ക സർവീസ്. കോട്ടയം, തൃശൂര്‍, പാലക്കാട്, സേലം വഴിയാണ് കൊല്ലം-തിരുപ്പതി ട്രെയിൻ സര്‍വീസ് നടത്തുക. ഈ ട്രെയിനുകൾ രണ്ടു ദിവസമാക്കി സർവീസ് കൂട്ടുന്നതോടെ തിരുപ്പതി, വേളാങ്കണ്ണി എന്നിവിടങ്ങളിലേക്കുള്ള തീർഥാടകർക്കാവും കൂടുതൽ പ്രയോജനം കിട്ടുക.
പാലക്കാട്-തിരുനെൽവേലി പാലരുവി എക്‌സ്‌പ്രസ്, തൂത്തുക്കുടി വരെ നീട്ടാനും തീരുമാനിച്ചിട്ടുണ്ട്. പാലരുവി എക്‌സ്‌പ്രസ് തൂത്തുക്കുടിയിലേക്ക് നീട്ടണമെന്നത് ഏറെക്കാലമായുള്ള ആവശ്യമായിരുന്നു. നിലവിൽ പാലക്കാട് നിന്ന് തിരുനെൽവേലി വരെ സർവീസ് നടത്തുന്ന ട്രെയിൻ തൂത്തുക്കുടിയിലേക്ക് നീട്ടുന്നത് നിരവധി യാത്രക്കാർക്ക് ഗുണം ചെയ്യും.