തിരുവനന്തപുരം:ചരിത്ര താളുകളില്‍ ഇടംപിടിച്ച, കാന്തല്ലൂര്‍ പാഠശാലയുടെ ഭാഗമായിരുന്ന ഒരു വിദ്യാലയം ഇന്ന് മാറ്റത്തിന് തയ്യാറെടുക്കുകയാണ്. നൂറ്റാണ്ടിലധികം പഴക്കമുള്ള തിരുവനന്തപുരത്തെ ചാല ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളാണ് അനിവാര്യമായ മാറ്റത്തിലേക്ക് ചുവടുവയ്‌ക്കുന്നത്. ജെന്‍ഡര്‍ വ്യത്യാസങ്ങള്‍ ഒഴിവാക്കി, പെണ്‍കുട്ടികള്‍ക്ക് കൂടി പ്രവേശനം നല്‍കാനുള്ള വിദ്യാഭ്യാസ വകുപ്പിന്‍റെ ഉത്തരവാണ് ഇത്.
രക്ഷിതാക്കളുടെ ആശങ്കയ്‌ക്ക് വിരാമം:അഞ്ച് മുതല്‍ പ്ലസ് ടു വരെയാണ് ഈ സ്‌കൂളില്‍ ക്ലാസുകളുള്ളത്. മാര്‍ച്ച് ആദ്യവാരമാണ് പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നല്‍കാന്‍ സ്‌കൂള്‍ അനുമതി തേടിയത്. മുന്‍പ് രണ്ടുതവണ ഈ ആവശ്യം കാണിച്ച് അപേക്ഷ നല്‍കിയിരുന്നു. ഇപ്പോഴാണ് വിദ്യാഭ്യാസ വകുപ്പ് ഇതിന് അനുമതി നല്‍കിയത്.
സ്‌കൂളില്‍ വിദ്യാര്‍ഥികളുടെ എണ്ണം കുറയുന്നതില്‍ രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും ആശങ്കയുണ്ടായിരുന്നു. അഞ്ച് മുതല്‍ 10 വരെ ക്ലാസുകളില്‍ 56 കുട്ടികളും ഹയര്‍ സെക്കന്‍ഡറിയില്‍ 294 കുട്ടികളുമാണ് ഇവിടെ പഠിക്കുന്നത്. വീട്ടിലെ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും രണ്ട് സ്‌കൂളില്‍ ചേര്‍ക്കുന്നതും യാത്രാസൗകര്യങ്ങള്‍ ഒരുക്കുന്നതിലെ ബുദ്ധിമുട്ടുകളും രക്ഷിതാക്കള്‍ പി.ടി.എ യോഗങ്ങളില്‍ അറിയിച്ചു. ഇതേതുടര്‍ന്നാണ്, ഇത്തരമൊരു തീരുമാനത്തിലേക്ക് അധികൃതര്‍ എത്തിയത്.