തിരുവനന്തപുരം: നിയുക്ത മന്ത്രിമാരായ കെ ബി ഗണേഷ് കുമാറിന്‍റെയും കടന്നപ്പള്ളി രാമചന്ദ്രന്‍റെയും സത്യപ്രതിജ്ഞ ചടങ്ങ് ഇന്ന് (ഡിസംബര്‍ 29) നടക്കും. രാജ്ഭവൻ വളപ്പിൽ സജ്ജമാക്കിയ വേദിയില്‍ വൈകുന്നേരം നാല് മണിക്കാണ് ചടങ്ങ് നടക്കുക. ഗവർണർ സർക്കാർ പോര് നിലനിൽക്കുന്നതിനിടെ ചടങ്ങിൽ മുഖ്യമന്ത്രിയും ഗവർണറും തമ്മിൽ വേദി പങ്കിടും.
ഇടത് മുന്നണിയിലെ നിലവിലെ ധാരണ പ്രകാരം കെ ബി ഗണേഷ് കുമാറിന് ഗതാഗത വകുപ്പും കടന്നപ്പള്ളി രാമചന്ദ്രന് തുറമുഖ വകുപ്പും ലഭ്യമാകുമെന്നാണ് വിവരം. സിനിമ വകുപ്പ് കൂടി നൽകണമെന്ന് ആവശ്യം കെ ബി ഗണേഷ് കുമാര്‍ ഉന്നയിച്ചിട്ടുണ്ട്. മാത്രമല്ല പേഴ്‌സണൽ സ്റ്റാഫുകളുടെ എണ്ണം കുറയ്ക്കണമെന്നും ഔദ്യോഗിക വസതി വേണ്ടെന്നും അദ്ദേഹം മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്.
നവകേരള സദസിന് ശേഷംമന്ത്രി സഭ പുനഃസംഘടന ഉണ്ടാകുമെന്ന് ഇടതുമുന്നണി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നതാണ്. രണ്ടാം പിണറായി സര്‍ക്കാരില്‍ ആദ്യഘട്ടത്തില്‍ അവസരം ലഭിക്കാത്ത ഘടകകക്ഷികള്‍ക്ക് രണ്ടരവര്‍ഷത്തിന് ശേഷം മന്ത്രിസഭയില്‍ പ്രാതിനിധ്യം നല്‍കുമെന്ന് നേരത്തെ തന്നെ ധാരണയുണ്ടായിരുന്നു. പൂര്‍ണസംതൃപ്‌തിയോടെയാണ് പടിയിറങ്ങുന്നതെന്ന് അഹമ്മദ് ദേവര്‍കോവിലും ആന്‍റണി രാജുവും രാജി സമര്‍പ്പിച്ച ശേഷം അഭിപ്രായപ്പെട്ടിരുന്നു.