തിരുവനന്തപുരം:കേരളത്തിലെ ആദ്യ ത്രീഡി പ്രിന്‍റിങ് കെട്ടിട നിര്‍മാണം ആരംഭിച്ചു. തിരുവനന്തപുരം പിടിപി നഗറിലെ നിര്‍മിതി കേന്ദ്രയിലാണ് ആദ്യ ത്രീഡി പ്രിന്‍റിങ് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള കെട്ടിട നിര്‍മാണം ആരംഭിച്ചത്. സാങ്കേതിക വിദ്യ പരിചയപ്പെടുത്താനായി 350 സ്‌ക്വയര്‍ ഫീറ്റ് വിസ്‌തൃതിയുള്ള മാതൃക കെട്ടിടമാണ് നിര്‍മിക്കുന്നത്.
യന്ത്ര കൈയാണ് കെട്ടിട നിര്‍മാണം നടത്തുന്നതെന്നതാണ് ഇതിന്‍റെ പ്രത്യേകത. ചെന്നൈ ഐഐടി രുപീകരിക്കുന്ന ഇന്‍കുബേറ്റര്‍ കമ്പനിയായ ത്വാസ്‌ത തദ്ദേശീയമായി നിര്‍മിച്ചെടുത്ത സാങ്കേതിക വിദ്യയുപയോഗിച്ചാണ് മാതൃക കെട്ടിട നിര്‍മാണം. 10 ദിവസങ്ങളെടുത്താകും മാതൃക കെട്ടിടത്തിന്‍റെ നിര്‍മാണം പൂര്‍ത്തിയാക്കുക. യന്ത്രക്കൈ ഉപയോഗിച്ചുള്ള കെട്ടിട നിര്‍മാണം പരിചയപ്പെടുത്തുന്ന ചടങ്ങ് നിര്‍മിതി കേന്ദ്രയില്‍ റവന്യു മന്ത്രി കെ.രാജന്‍ ഉദ്ഘാടനം ചെയ്‌തു.
എന്താണ് ത്രീഡി പ്രിന്‍റിങ്:വളരെ വേഗം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സഹായകമാകുന്ന രീതിയാണ് ത്രീഡി പ്രിന്‍റിങ്. നേരത്തെ തന്നെ കെട്ടിടത്തിന്‍റെ രൂപം ഡിജിറ്റല്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് തയ്യാറാക്കിയ ശേഷം കെട്ടിട നിര്‍മാണം പൂര്‍ണമായും യന്ത്രക്കൈയ്‌ക്ക് കൈമാറുകയും ചെയ്യുന്ന രീതിയാണ് ത്രീഡി പ്രിന്‍റിങ് സാങ്കേതിക വിദ്യ. നിര്‍മാണ മേഖലയിലേക്ക് സാങ്കേതിക വിദ്യയെ പരിചയപ്പെടുത്താന്‍ ഉദ്യേശിച്ചാണ് കേരള സംസ്ഥാന നിര്‍മിതി കേന്ദ്രയുടെ ആഭിമുഖ്യത്തില്‍ ത്രീഡി പ്രിന്‍റിങ് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള മാതൃക കെട്ടിട നിര്‍മാണം.
Also read: Toll plaza in Idukki | ഇടുക്കി ജില്ലയില്‍ ടോള്‍ പ്ലാസ വരുന്നു ; നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അന്തിമ ഘട്ടത്തില്‍
തദ്ദേശീയമായി വികസിപ്പിച്ച ഈ സാങ്കേതിക വിദ്യ കെട്ടിട നിര്‍മാണ മേഖലയില്‍ അവതരിപ്പിക്കുന്നത് വലിയ പ്രതീക്ഷകളാണ് നല്‍കുന്നതെന്ന് റവന്യു മന്ത്രി കെ.രാജന്‍ പറഞ്ഞു. പെട്ടെന്നുള്ള കാലാവസ്ഥ വ്യതിയാനം നേരിടുന്ന കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ അനുയോജ്യമായ രീതിയിലുള്ള നിര്‍മാണങ്ങള്‍ക്ക് ഈ സാങ്കേതിക വിദ്യ സഹായകമാവുമെന്നും മന്ത്രി കെ.രാജന്‍ വ്യക്തമാക്കി. സര്‍ക്കാര്‍ മേഖലകളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ത്രീ ഡി പ്രിന്‍റിങ് സാങ്കേതിക വിദ്യയുടെ നിര്‍മാണ സാധ്യത ഗുണകരമാണെന്ന് സാങ്കേതിക വിദ്യ അവതരിപ്പിച്ച ത്വാസ്‌തയുടെ സിഇഒ ആദിത്യ പറഞ്ഞു.
സാങ്കേതികവിദ്യയുടെ ഉത്ഭവവും പ്രവര്‍ത്തനവും: 1950 കളില്‍ ജപ്പാനിലായിരുന്നു നിര്‍മാണ മേഖലയില്‍ യന്ത്രക്കൈകളെ ഉപയോഗിക്കുന്ന തരത്തിലുള്ള സാങ്കേതിക വിദ്യ പ്രയോഗത്തില്‍ വരുന്നത്. സമാനമായി പ്രദര്‍ശനങ്ങള്‍ മാത്രമാണ് നടന്നിരുന്നതെങ്കിലും കാര്യമായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 2000ന് ശേഷമാണ് ആരംഭിച്ചത്. ഇന്ത്യയില്‍ ഐഐടികള്‍ കേന്ദ്രീകരിച്ച് ത്രീഡി പ്രിന്‍റിങ് ഉപയോഗിച്ചുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ നാളായി ഗവേഷണങ്ങള്‍ നടന്നു വരികയാണ്. ഇന്ത്യയില്‍ തന്നെ ആദ്യമായാണ് തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ത്രിഡി പ്രിന്‍റിങ് കെട്ടിട നിര്‍മാണം ത്വാസ്‌ത അവതരിപ്പിക്കുന്നത്. ഐഐടി വിദ്യാര്‍ഥികള്‍ ചേര്‍ന്ന് ആരംഭിച്ച സ്‌റ്റാര്‍ട്ടപ്പാണ് ത്വാസ്‌ത.
Also Read: മുന്‍പ് ഒരു ലക്ഷം, ഇപ്പോള്‍ 20 ലക്ഷം ; ഫ്ലാറ്റ് നിര്‍മാണ പെര്‍മിറ്റ് ഫീസില്‍ വന്‍ വര്‍ധന