തിരുവനന്തപുരം:ആരോഗ്യമേഖലയെ കരുതലോടെ പരിഗണിച്ച ബജറ്റാണ് ഇക്കുറി തോമസ് ഐസക്ക് അവതരിപ്പിച്ചിരിക്കുന്നത്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ വികസനത്തില്‍ ഊന്നിയ പദ്ധതികളാണ് ബജറ്റില്‍ അധികവും. സംസ്ഥാനത്തെ മുഴുവൻ ജനങ്ങളുടേയും ആരോഗ്യ നിലയെ കുറിച്ച് ഡാറ്റാ ബേസ് ഉണ്ടാക്കി, സ്ക്രീനിങ്ങിലൂടെ രോഗ നിര്‍ണയം നടത്തി , ചികിത്സ നല്‍കുക എന്ന പുതിയ തീരുമാനം ആരോഗ്യ മേഖലയ്ക്ക് കൂടുതല്‍ കരുത്തുപകരുന്നുമെന്ന കാര്യത്തില്‍ സംശയമില്ല. മാനസിക വെല്ലുവിളി നേരിടുന്നവർക്കടക്കം സാന്ത്വനപരിചരണം നടത്തുന്ന തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് പ്രത്യേക സഹായം നൽകുന്നതിന് 10 കോടി രൂപ അധികമായി വകയിരുത്തിയിട്ടുണ്ട്.
സംസ്ഥാനത്തെ 80 ശതമാനം കാൻസര്‍ രോഗികള്‍ക്കും പൊതു ആരോഗ്യ മേഖലയില്‍ നിന്ന് തന്നെ കുറഞ്ഞ ചെലവില്‍ ചികിത്സ ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിന് പുറമേ സാധാരണക്കാരായ രോഗികള്‍ക്ക് വേണ്ടി എല്ലാ ജില്ലാ ആശുപ്രതികളിലും കാർഡിയോളജി വകുപ്പും എല്ലാ താലൂക്ക് ആശുപ്രതികളിലും ട്രോമാമെകയറും ഡയാലിസിസ് യൂണിറ്റുകളും ആരംഭിച്ചു കൊണ്ടിരിക്കുകയാണെന്ന പ്രഖ്യാപനവും ഏറെ പ്രതീക്ഷയുള്ളവയാണ്. കേരളം മുഴുവൻ പന്തലിച്ചിട്ടുള്ള ജനകീയ ആരോഗ്യതലമായി സംസ്ഥാനത്തെ പാലിയേറ്റീവ് മേഖല മാറിയെന്നാണ് മന്ത്രിയുടെ വിലയിരുത്തല്‍.