തിരുവനന്തപുരം : മൃഗശാലയിലേക്ക് പുതിയ ഹനുമാൻ കുരങ്ങുകളുടെ വരവ് ഉടൻ ഉണ്ടാകില്ല. ജൂലൈ അവസാന ആഴ്‌ചയോടെ ഹരിയാനയിൽ നിന്ന് നാല് ഹനുമാൻ കുരങ്ങുകളെ തിരുവനന്തപുരം മൃഗശാലയിൽ എത്തിക്കുമെന്നായിരുന്നു അധികൃതർ നൽകിയ വിവരം. ഹരിയാനയിൽ നിന്ന് ട്രെയിൻ മാർഗം കുരങ്ങുകളെ തലസ്ഥാനത്ത് എത്തിക്കാനായിരുന്നു ശ്രമം.
എന്നാൽ, ട്രെയിൻ മാർഗം എത്തിക്കുന്നതിനുള്ള സാങ്കേതിക പ്രശ്‌നങ്ങൾ കാരണമാണ് ഹനുമാൻ കുരങ്ങുകളുടെ വരവ് വൈകുന്നത്. സാങ്കേതിക പ്രശ്‌നങ്ങൾ പരിഹരിച്ച് ഓണത്തിന് മുൻപ് തന്നെ ഹനുമാൻ കുരങ്ങുകളെ എത്തിക്കാനാണ് അധികൃതരുടെ നീക്കം. ഓണം അവധിക്ക് നിരവധി സന്ദർശകരാണ് മൃഗശാലയിലേക്ക് എത്താറ്.
ഇത് മുന്നിൽ കണ്ടാണ് പുതിയ മൃഗങ്ങളെ മൃഗശാലയിലേക്ക് എത്തിക്കുന്നത്. ഓഗസ്റ്റ് പകുതിയോടെ ഹനുമാൻ കുരങ്ങുകളെ മൃഗശാലയിൽ എത്തിച്ചേക്കും. അതേസമയം, മൃഗങ്ങളുടെ കൈമാറ്റ വ്യവസ്ഥ അനുസരിച്ച് ഹരിയാനയിൽ നിന്ന് തലസ്ഥാനത്തേക്ക് എത്തിക്കുന്നതിന് കേന്ദ്രാനുമതി അടക്കം ലഭിച്ചിട്ടുണ്ട്. ട്രെയിൻ ലഭ്യത കൂടി പരിഗണിച്ചാകും പുതുക്കിയ തീയതി നിശ്ചയിക്കുക.
മൃഗശാലയിൽ നിന്ന് പെൺഹനുമാൻ കുരങ്ങ് ചാടിപ്പോയ സംഭവം : മൃഗശാലയിൽ നിന്ന് ചാടിപ്പോയ പെൺ ഹനുമാൻ കുരങ്ങിനെ ജൂലൈ 6നാണ് പിടികൂടിയത്. പരീക്ഷണാർഥം കൂട് തുറക്കുന്നതിനിടെ ജൂൺ 13നാണ് ഹനുമാൻ കുരങ്ങ് മരച്ചില്ലകളിൽ ചാടിക്കയറി രക്ഷപ്പെട്ടത്. കൂട്ടില്‍ നിന്ന് രക്ഷപ്പെട്ട് 23-ാം ദിവസമാണ് കുരങ്ങിനെ പിടികൂടാനായത്.
ജർമൻ സാംസ്‌കാരിക കേന്ദ്രത്തിന്‍റെ നാലാം നിലയിൽ കുരങ്ങിന് ഇഷ്‌ടപ്പെട്ട ഭക്ഷണം വച്ച് ബിൽഡിങ്ങിലേക്ക് ചാടിക്കയറുമ്പോള്‍ പിടികൂടാനായിരുന്നു ശ്രമം. ഇതിനിടെയാണ് വൈകിട്ട് കുരങ്ങ് ബിൽഡിങ്ങിലെ ശുചിമുറിയിലേക്ക് ഓടി കയറിയത്. ഇതോടെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ശുചിമുറി പൂട്ടി. തുടർന്ന് വല ഉപയോഗിച്ച് പിടികൂടി മൃഗശാലയിലേക്ക് കൊണ്ടുപോവുകയായിരുന്നു.
തിരുപ്പതിയിൽ നിന്നെത്തിച്ച ഹനുമാൻ കുരങ്ങുകളും ഒരു ജോഡി സിംഹവും : തിരുപ്പതി ശ്രീ വെങ്കിടേശ്വര സുവോളജിക്കല്‍ പാര്‍ക്കില്‍ നിന്നാണ് രണ്ട് ഹനുമാൻ കുരങ്ങുകളെയും ഒരു ജോഡി ഹൈബ്രിഡ് ഇനത്തിൽപ്പെട്ട സിംഹങ്ങളെയും മൃഗശാലയിൽ എത്തിച്ചത്. സിംഹങ്ങൾക്ക് മന്ത്രി ജെ ചിഞ്ചുറാണി പേര് നൽകുകയും ചെയ്‌തിരുന്നു.
ആൺ സിംഹത്തിന് ലിയോ എന്നും പെൺ സിംഹത്തിന് നൈല എന്നുമാണ് പേര് നൽകിയത്. മെയ് 29നാണ് മ്യൂസിയം ആന്‍ഡ് മൃഗശാല ഡയറക്‌ടര്‍ എസ് അബു സൂപ്രണ്ട് വി രാജേഷ്, വെറ്ററിനറി ഡോക്‌ടര്‍ അലക്‌സാണ്ടര്‍ ജേക്കബ് എന്നിവര്‍ അടങ്ങുന്ന സംഘം മൃഗങ്ങളെ കൊണ്ടുവരാനായി തിരുപ്പതിയിലേക്ക് തിരിച്ചത്. ജൂണ്‍ അഞ്ചിനാണ് മൃഗങ്ങളെ പ്രത്യേകം സജ്ജമാക്കിയ ലോറിയില്‍ റോഡ് മാര്‍ഗം തിരുവനന്തപുരത്ത് എത്തിച്ചത്.
More read :'നൈലയും ലിയോയും ഒരുമിച്ചു'; മൃഗശാലയിൽ പുതുതായി എത്തിച്ച സിംഹങ്ങളെ ഒരു കൂട്ടിലേക്ക് മാറ്റി
തുടർന്ന് ജൂൺ അവസാനത്തോടെ നൈലയെയും ലിയോയെയും ഒരേ കൂട്ടിലേക്ക് മാറ്റിയിരുന്നു. കടുവകളുടെ കൂടിന് സമീപത്തെ വലിയ കൂട്ടിൽ കമ്പി വല കൊണ്ട് മറച്ച രീതിയിൽ ഇരുവരെയും പ്രത്യേകമായാണ് പാർപ്പിച്ചിരുന്നത്. സമീപത്തെ കൂടുകളിൽ പ്രത്യേകമായാണ് പാർപ്പിച്ചതെങ്കിലും നേർക്കുനേർ കണ്ടാൽ ഇരുവരും ശൗര്യത്തോടെ പാഞ്ഞടുക്കുമായിരുന്നു. പിന്നീട് ഏറെ നാളത്തെ നിരീക്ഷണത്തിനൊടുവിലാണ് സിംഹങ്ങളെ ഒരേ കൂട്ടിലേക്ക് മാറ്റിയത്. നൈലയ്ക്ക് നാല് വയസും ലിയോയ്ക്ക് അഞ്ചര വയസുമാണ് പ്രായം.