തിരുവനന്തപുരം: പുതിയ കൊവിഡ് വകഭേദം ഉണ്ടോയെന്നറിയാന്‍ സംസ്ഥാനത്തും കൂടുതല്‍ പരിശോധന. മറ്റ് രാജ്യങ്ങളില്‍ കൊവിഡ് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് കൂടുതൽ പരിശോധന നടത്തുന്നത്. പുതിയ കൊവിഡ് വകഭേദം എവിടെയെങ്കിലും കണ്ടാല്‍ ഉടനടി റിപ്പോര്‍ട്ട് ചെയ്യാനും അതനുസരിച്ച് പ്രതിരോധം ശക്തമാക്കാനും അരോഗ്യ വകുപ്പ് ജില്ലകൾക്ക് നിര്‍ദേശം നല്‍കി.
വെള്ളിയാഴ്‌ച എല്ലാ ജില്ലകളുടെയും പ്രവര്‍ത്തനങ്ങള്‍ ആരോഗ്യ വകുപ്പ് അവലോകനം ചെയ്യും. വിവിധ കൊവിഡ് വകഭേദങ്ങളെ കണ്ടെത്തുന്നതിനായി സമ്പൂര്‍ണ ജീനോമിക് സര്‍വയലന്‍സ് (ഡബ്ല്യുജിഎസ്) നടത്താനും നിര്‍ദേശമുണ്ട്. ഓരോ ജില്ലയ്ക്കും നിശ്ചയിക്കപ്പെട്ടിട്ടുള്ള ലാബുകളില്‍ ജനിതക നിര്‍ണയത്തിനായി സാമ്പിളുകള്‍ അയയ്‌ക്കേണ്ടതാണ്. ഏതെങ്കിലും ജില്ലകളില്‍ കൊവിഡ് വകഭേദങ്ങള്‍ കണ്ടെത്തിയാല്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുകയും അതനുസരിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുകയും വേണമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് നിര്‍ദേശം നല്‍കി.