തിരുവനന്തപുരം:കാലടി സംസ്കൃത സർവ്വകലാശാലയിൽ എംബി രാജേഷിൻ്റെ ഭാര്യയുടെ നിയമന വിവാദത്തിന് പിന്നാലെ സർവ്വകലാശാലക്ക് എതിരെ കൂടുതൽ പരാതികളുമായി ഉദ്യോഗാർഥികൾ. മലയാള വിഭാഗത്തിൽ അസിസ്റ്റൻ്റ് പ്രൊഫസർ ക്രിസ്റ്റ്യൻ നാടാർ സംവരണ വിഭാഗത്തിൽ അട്ടിമറി നടന്നുവെന്നാണ് പരാതി. ഉദ്യോഗർഥിയായ സ്മിത ഡാനിയലാണ് ഗവർണർക്ക് പരാതി നൽകിയത്. പരാതിയുടെ പകർപ്പ് ഇടിവി ഭാരതിന് ലഭിച്ചു.
കാലടി സംസ്കൃത സർവ്വകലാശാലക്കെതിരെ കൂടുതൽ പരാതികളുമായി ഉദ്യോഗാർഥികൾ - നിയമന വിവാദം
എംബി രാജേഷിൻ്റെ ഭാര്യ നിനിത കണിച്ചേരി ഉൾപ്പെട്ട ലിസ്റ്റിലാണ് വീണ്ടും അട്ടിമറി ആരോപണം. പരാതിയുടെ പകർപ്പ് ഇടിവി ഭാരതിന് ലഭിച്ചു
സ്മിത ഡാനിയൽ ഉൾപ്പടെ രണ്ട് പേർ മാത്രമാണ് ക്രിസ്റ്റ്യൻ നാടർ വിഭാഗത്തിൽ അസിസ്റ്റൻ്റ് പ്രൊഫസർ തസ്തികയിലേക്കുള്ള നിയമനത്തിനുള്ള ചുരുക്ക പട്ടികയിൽ ഉണ്ടായിരുന്നത്. ഇതിൽ യുജിസി മാനദണ്ഡ പ്രകാരമുള്ള നെറ്റ് ഇല്ലാത്ത ഡോ. പ്രതീഷ് എന്ന ഉദ്യോഗാർഥിക്കാണ് നിയമനം നൽകിയത് എന്നാണ് പരാതി. മലയാളത്തിൽ എംഫിൽ, പിഎച്ച്ഡി, നെറ്റ് ജെആർഎഫ് തുടങ്ങിയവ ഉൾപ്പടെയുള്ള തൻ്റെ യോഗ്യതകൾ പരിഗണിക്കാതെയാണ് ഇൻ്റർവ്യൂവിൽ റാങ്ക് നിർണയിച്ചതെന്നും പരാതിയിൽ പറയുന്നു.
ഇതേ തസ്തികയിൽ മുസ്ലിം സംവരണ വിഭാഗത്തിൽ എംബി രാജേഷിൻ്റെ ഭാര്യ നിനിത കണിച്ചേരിക്ക് നിയമനം നൽകിയത് വൻ വിവാദമായതിന് പിന്നാലെയാണ് പുതിയ പരാതി ഉയരുന്നത്. മുസ്ലീം, ക്രിസ്റ്റ്യൻ നാടാർ, ധീവര സമുദായങ്ങളിൽപ്പെട്ടവർക്കായി മൂന്ന് ഒഴിവുകളാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ 21നാണ് തസ്തികകളിലേക്ക് അഭിമുഖം നടന്നത്.