കേരളം

kerala

ETV Bharat / state

ഇനി കാണാം കൂടുതല്‍ സിംഹങ്ങളെയും ഹനുമാൻ കുരങ്ങുകളെയും; തിരുവനന്തപുരം മൃഗശാലയിൽ പേരിടൽ ചടങ്ങ് 15ന് - kerala

തിരുപ്പതി ശ്രീ വെങ്കടേശ്വര സുവോളജിക്കൽ പാർക്കിൽ നിന്നുമാണ് സിംഹങ്ങള്‍, ഹനുമാൻ കുരങ്ങുകള്‍, എമു അടക്കമുള്ളവയെ തിരുവനന്തപുരം മൃഗശാലയിലേക്ക് എത്തിച്ചത്

new animals in Thiruvananthapuram Zoo  Thiruvananthapuram Zoo Naming ceremony soon  തിരുപ്പതി  തിരുപ്പതി ശ്രീ വെങ്കടേശ്വര സുവോളജിക്കൽ പാർക്ക്  Tirupati Sri Venkateswara Zoological Park  തിരുവനന്തപുരം മൃഗശാല  മൃഗശാല  തിരുവനന്തപുരം  തലസ്ഥാനം  കേരളം  kerala  kerala latest news
Thiruvananthapuram Zoo

By

Published : Jun 13, 2023, 12:21 PM IST

തിരുവനന്തപുരം: മൃഗശാലയിൽ പുതുതായി എത്തിച്ച അതിഥികളെ ജൂൺ 15ന് വ്യാഴാഴ്‌ച സന്ദർശക കൂട്ടിലേക്ക് മാറ്റും. ഇവയുടെ പേരിടൽ ചടങ്ങ് രാവിലെ 11ന് നടക്കുന്ന ചടങ്ങിൽ മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി നിർവഹിക്കും. ജൂൺ അഞ്ച് തിങ്കളാഴ്‌ച രാവിലെയാണ് തിരുപ്പതി ശ്രീ വെങ്കടേശ്വര സുവോളജിക്കൽ പാർക്കിൽ നിന്നും ഓരോ ജോഡി സിംഹങ്ങൾ, ഹനുമാൻ കുരങ്ങുകൾ, എമു എന്നിവയെ തിരുവനന്തപുരം മൃഗശാലയിൽ എത്തിച്ചത്.

മൃഗങ്ങളുടെ കൈമാറ്റ വ്യവസ്ഥ അനുസരിച്ച് എത്തിച്ച മൃഗങ്ങളെ മൃഗശാലയിൽ പ്രത്യേകം സജ്ജമാക്കിയ കൂടുകളിലാണ് പാർപ്പിച്ചിരിക്കുന്നത്. മൃഗ ഡോക്‌ടര്‍ അലക്‌സാണ്ടർ ജേക്കബിന്‍റെ നേതൃത്വത്തിൽ ഇവയെ നിരീക്ഷിച്ചു വരികയാണ്. പുതിയ അതിഥികൾ പൂർണ ആരോഗ്യവാന്മാരാണെന്നാണ് അധികൃതർ നൽകുന്ന വിവരം. പുതുതായി എത്തിച്ച സിംഹങ്ങൾ ഹൈബ്രിഡ് ഇനത്തിൽപ്പെട്ടവയാണ്. ഇവയ്ക്ക് അഞ്ചും ആറും വയസാണ് പ്രായം. വെള്ള മയിൽ, രണ്ട് ജോഡി കാട്ടുകോഴി എന്നിവയേയും ശ്രീ വെങ്കടേശ്വര സുവോളജിക്കൽ പാർക്കിൽ നിന്ന് ഉടൻ എത്തിക്കും.

മൃഗങ്ങളെ തലസ്ഥാനത്ത് എത്തിക്കാന്‍ അധികൃതർ:ഇവയ്ക്ക് പകരമായി ആറ് പന്നിമാനുകൾ, മൂന്ന് കഴുതപ്പുലികൾ എന്നീ മൃഗങ്ങളെയാണ് തിരുപ്പതി ശ്രീ വെങ്കടേശ്വര സുവോളജിക്കൽ പാർക്കിന് നൽകിയത്. 13 അംഗ സംഘമാണ് മൃഗങ്ങളെ എത്തിക്കാനായി തിരുപ്പതിയിലേക്ക് പോയിരുന്നത്. കഴിഞ്ഞ മാസം 29ന് മ്യൂസിയം ആൻഡ് മൃഗശാല വകുപ്പ് ഡയറക്‌ടർ എസ് അബു, മൃഗശാല ഡയറക്‌ടർ രാജേഷ്, മൃഗഡോക്‌ടർ അലക്‌സാണ്ടർ ജേക്കബ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തിരുപ്പതി ശ്രീ വെങ്കടേശ്വര സുവോളജിക്കൽ പാർക്കിലെത്തിയത്. അതേസമയം, വിദേശ രാജ്യങ്ങളിൽ നിന്നടക്കം പുതിയ മൃഗങ്ങളെ തലസ്ഥാനത്ത് എത്തിക്കാനുള്ള തീവ്ര ശ്രമത്തിലാണ് അധികൃതർ. ഇതിന്‍റെ ഭാഗമായി മുൻ ഡയറക്‌ടർമാർ അടങ്ങുന്ന മൂന്നംഗ കമ്മിറ്റിയേയും നിയോഗിച്ചിട്ടുണ്ട്.

ALSO READ |ഹനുമാൻ കുരങ്ങുകള്‍ മുതല്‍ എമു വരെ; സന്ദർശകർക്ക് കാഴ്‌ച വിരുന്നൊരുക്കാൻ മൃഗശാലയിൽ പുതിയ അതിഥികളെത്തി

നിലവിൽ മൃഗശാലയിൽ സീബ്രകൾ ഇല്ല. ഇവയെയും എത്തിക്കാനുള്ള നീക്കം സജീവമായി നടക്കുന്നുണ്ട്. ഇക്കഴിഞ്ഞ വേനൽ അവധിക്കാലമായ ഏപ്രിൽ, മേയ് മാസങ്ങളിൽ മൃഗശാലയിൽ എത്തുന്ന സന്ദർശകരുടെ എണ്ണത്തിൽ വൻ വർധനവാണ് ഉണ്ടായത്. ഇതിലൂടെ വൻ വരുമാന വർധനയും ലഭിച്ചു. ഏപ്രിൽ ഒന്ന് മുതൽ മെയ് 19 വരെ 95.5 ലക്ഷം രൂപയാണ് ടിക്കറ്റ് വരുമാനമായി മ്യൂസിയം ആൻഡ് സൂ വകുപ്പിലൂടെ സർക്കാരിന് ലഭിച്ചത്. കണക്കുകൾ പരിശോധിച്ചാൽ കഴിഞ്ഞ വര്‍ഷം വേനലവധിക്കാലത്ത് ലഭിച്ച വരുമാനത്തില്‍ നിന്ന് 18.5 ലക്ഷം രൂപയുടെ അധിക വരുമാനമാണ് ഈ വർഷം ലഭിച്ചത്. പുതിയ അതിഥികൾ കൂടെ എത്തുന്നതോടെ കാണികളുടെ എണ്ണത്തിൽ ഇനിയും വർധനവുണ്ടാകുമെന്നാണ് അധികൃതർ കരുതുന്നത്. അതേസമയം, തിരുവനന്തപുരം മൃഗശാലയിൽ പുതുതായി എത്തിച്ച വിവിധ തരം മൃഗങ്ങളെ കാണാനുള്ള ആകാംഷയിലാണ് സന്ദർശകര്‍.

ABOUT THE AUTHOR

...view details