തിരുവനന്തപുരം:കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റിൽ നിന്ന് പ്രതിപക്ഷത്തെ പൂർണമായും ഒഴിവാക്കുന്നതിന് സെനറ്റ് തെരഞ്ഞെടുപ്പ് മരവിപ്പിച്ചത് സർക്കാരിന് വിനയാകുന്നു. നിലവിലെ സിൻഡിക്കേറ്റിന്‍റെയും സെനറ്റിന്‍റെയും കാലാവധി അടുത്ത മാസം അവസാനിക്കും. പുതിയ സെനറ്റ് അംഗങ്ങളെ നിയമിക്കാൻ പുതിയ നിയമ നിർമാണം നടത്തണം.
എന്നാൽ അതിന് ഗവർണറുടെ അനുമതി വേണം. ഗവർണർ അനുമതി നൽകിയില്ലെങ്കിൽ സെനറ്റ് തെരഞ്ഞെടുപ്പ് സർക്കാർ ആഗ്രഹിക്കും പോലെ നടക്കില്ല. താത്കാലിക സിൻഡിക്കേറ്റിനെ നിയമിക്കാൻ ഗവർണർക്ക് അധികാരവും ഉണ്ട്. മാർച്ച് അഞ്ചിനാണ് നിലവിലെ സിൻഡിക്കേറ്റിന്‍റെയും സെനറ്റിന്‍റെയും കാലാവധി അവസാനിക്കുന്നത്. കുറഞ്ഞത് അഞ്ച് മാസം മുമ്പ് എങ്കിലും തെരഞ്ഞെടുപ്പിനുള്ള നടപടികൾ തുടങ്ങിയാല്‍ മാത്രമെ കാലാവധി കഴിയുന്ന മുറയ്ക്ക് പുതിയ സമിതികൾ നിലവിൽ വരുവാൻ കഴിയുകയുള്ളൂ.
സെനറ്റ്, സിൻഡിക്കേറ്റ് സമിതികൾ പുന:സംഘടിപ്പിക്കുന്നതിന് ചുമതലപ്പെട്ട വൈസ് ചാന്‍സലര്‍ സർക്കാരിന്‍റെ സമ്മർദത്തിന് വഴങ്ങി തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കാൻ തയ്യാറായിട്ടില്ല. അതേസമയം കേരള സർവകലാശാലയിൽ കാലാവധി കഴിയുന്നത് കണക്കാക്കി തെരഞ്ഞെടുപ്പ് നടപടികൾ ഇതിനകം തുടങ്ങി കഴിഞ്ഞു. 2018ൽ കാലാവധി കഴിഞ്ഞ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ അന്നത്തെ സിൻഡിക്കേറ്റിന് പകരം ഓർഡിനൻസിലൂടെ ഒരു വർഷത്തേക്ക് ഒരു സമിതിയെ സർക്കാർ നാമനിർദേശം ചെയ്‌തിരുന്നു.
ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു ഉൾപ്പെടെയുള്ളവർ പ്രസ്‌തുത സിൻഡിക്കേറ്റിൽ അംഗങ്ങളായിരുന്നു. സമാനമായ രീതിയിൽ ഭരണ കക്ഷി അംഗങ്ങൾ മാത്രമുള്ള സിൻഡിക്കേറ്റ് രൂപീകരിക്കുന്നതിന് നിയമസഭ ചേരുന്നത് കൊണ്ട് ഒരു ബില്ല് അവതരിപ്പിക്കുവാനാണ് സർക്കാർ തീരുമാനം. ബില്ല് അവതരിപ്പിക്കുന്നതിന് സർക്കാർ ഗവർണറുടെ അനുമതി തേടിയിരിക്കുകയാണ്. കാലിക്കറ്റ് സർവകലാശാല നിയമത്തിലെ വകുപ്പ് 7(4) പ്രകാരം സിൻഡിക്കേറ്റ് പിരിച്ച് വിടുകയോ കാലാവധി കഴിയുകയോ ചെയ്‌താൽ ചാൻസലർ എന്ന നിലയിൽ ഗവര്‍ണർക്ക് താത്കാലിക സിൻഡിക്കേറ്റിനെ നിയമിക്കുവാൻ അധികാരപ്പെടുത്തിയിട്ടുണ്ട്.
സർവകലാശാല നിയമത്തിൽ ഗവർണറെ അധികാരപ്പെടുത്തി കൊണ്ടുള്ള വ്യക്തമായ വ്യവസ്ഥയുള്ളപ്പോൾ ഗവർണറുടെ അധികാരം കവർന്ന് മറ്റൊരു നിയമ നിർമാണം നടത്തുവാനുള്ള സർക്കാരിന്‍റെ നീക്കം ഗവർണർക്ക് അംഗീകരിക്കാനാവില്ല. ഗവർണർ നാമനിർദേശം ചെയ്യുന്ന പ്രസ്‌തുത സിൻഡിക്കേറ്റ് സമിതി ഒരു വർഷമോ തെരഞ്ഞെടുപ്പ് നടപടി പൂർത്തിയായി സെനറ്റ് പുന:സംഘടിപ്പിക്കുന്നത് വരെയോ തുടരാനാവും. രാഷ്ട്രീയക്കാരെ ഒഴിവാക്കി ഉയർന്ന അക്കാദമിക് യോഗ്യതയുള്ളവരെ മാത്രം ഉൾപ്പെടുത്തി താത്കാലിക സിൻഡിക്കേറ്റ് രൂപീകരിക്കാനാണ് സാധ്യത.