കേരളം

kerala

ETV Bharat / state

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ന്യൂറോ കാത്ത് ലാബ്; സമഗ്ര സ്ട്രോക്ക് യൂണിറ്റ് അടക്കം 52 കോടിയുടെ പുതിയ പദ്ധതികള്‍

സംസ്ഥാനത്ത് ആദ്യമായാണ് ന്യൂറോ കാത്ത് ലാബ് പ്രവര്‍ത്തനം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ തുടങ്ങുന്നത്

neuro cath lab  new projects starting  trivandrum medical college  technology in medical college  cancer treatment  veena george  latest news in trivandrum  ന്യൂറോ കാത്ത് ലാബ്  സമഗ്ര സ്ട്രോക്ക് യൂണിറ്റ്  തിരുവനന്തപുരം മെഡിക്കല്‍ കോളജ്  ആന്‍ജിയോഗ്രാം  സ്ട്രോക്ക് ഐസിയു  ക്യാന്‍സര്‍രോഗം ചികിത്സ  തിരുവനന്തപുരം ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ന്യൂറോ കാത്ത് ലാബ്; സമഗ്ര സ്ട്രോക്ക് യൂണിറ്റ് അടക്കം 52 കോടിയുടെ പുതിയ പദ്ധതികള്‍

By

Published : Apr 18, 2023, 6:32 PM IST

തിരുവനന്തപുരം: തലസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ 52.6 കോടി രൂപയുടെ വിവിധ പദ്ധതികള്‍ യാഥാര്‍ഥ്യമാകുന്നു. നൂതന ചികിത്സകള്‍ക്ക് സഹായകമാകുന്ന സാങ്കേതിക സംവിധാനങ്ങളോടുകൂടിയുള്ള പദ്ധതികള്‍ക്കാണ് തുടക്കമാകുന്നത്. ന്യൂറോ കാത്ത് ലാബാണ് തുടക്കമാകുന്ന പ്രധാന ചികിത്സ സംവിധാനം.

സംസ്ഥാനത്ത് ആദ്യമായാണ് ന്യൂറോ കാത്ത് ലാബ് പ്രവര്‍ത്തനം തുടങ്ങുന്നത്. സ്ട്രോക്ക് ഐസിയുവും സിടി ആന്‍ജിയോഗ്രാം ഉള്‍പ്പെടെയുള്ള സമഗ്ര സ്ട്രോക്ക് യൂണിറ്റാണ് മറ്റൊരു ചികിത്സ സംവിധാനം. മെഡിക്കല്‍ കോളജില്‍ ആദ്യമായി ലിനാക്, ഇന്‍റര്‍വെന്‍ഷണല്‍ പള്‍മണോളജി യൂണിറ്റ്, ബേണ്‍സ് ഐസിയു, എംഎല്‍ടി ബ്ലോക്കിന്‍റെ നിര്‍മാണം എന്നിവയും പ്രവര്‍ത്തന സജ്ജമായി കഴിഞ്ഞു. സര്‍ക്കാരിന്‍റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായാണ് പദ്ധതികള്‍ യാഥാര്‍ഥ്യമാക്കിയിരിക്കുന്നത്.

നാളെ ആരോഗ്യമന്ത്രി വീണ ജോര്‍ജ് ചികിത്സ സംവിധാനങ്ങള്‍ ഉദ്‌ഘാടനം ചെയ്യും. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ആവിഷ്‌ക്കരിച്ച ക്വാളിറ്റി ഇംപ്രൂവ്മെന്‍റ് ഇനിഷ്യേറ്റീവ് വലിയ വിജയമായെന്നാണ് ആരോഗ്യവകുപ്പിന്‍റെ വിലയിരുത്തല്‍. ഇതിന്‍റെ അടിസ്ഥാനത്തില്‍ മറ്റ് മെഡിക്കല്‍ കോളജുകള്‍ക്കും ഈ പദ്ധതി മാതൃകയാക്കും.

മെഡിക്കല്‍ കോളജ് വികസനത്തിനായി തയാറാക്കിയ മാസ്‌റ്റര്‍പ്ലാന്‍റിന്‍റെ അടിസ്ഥാനത്തില്‍ 717 കോടിയുടെ വികസന പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ആദ്യഘട്ടത്തിലെ റോഡും പാലവും നിര്‍മാണം പൂര്‍ത്തിയാക്കി രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളുടെ ആരംഭമാണ് എംഎല്‍ടി ബ്ലോക്ക്. ഇതിന്‍റെ നിര്‍മാണ ഉദ്ഘാടനവും നാളെ നടക്കും.

നാളെ ഉദ്ഘാടനം ചെയ്യുന്ന പ്രധാന പദ്ധതികള്‍,

1. സമഗ്ര സ്ട്രോക്ക് യൂണിറ്റ്: 14.03 കോടി രൂപ

ന്യൂറോളജി വിഭാഗത്തിന് കീഴിലാണ് പക്ഷാഘാത ചികിത്സയ്ക്ക് അത്യാധുനിക സംവിധാനത്തോടുളള സമഗ്ര സ്ട്രോക്ക് യൂണിറ്റ് പ്രവര്‍ത്ത സജ്ജമായിരിക്കുന്നത്. സര്‍ക്കാര്‍ തലത്തില്‍ സി.ടി ആന്‍ജിയോഗ്രാം കാത്ത് ലാബ് ഉള്‍പെടെയുളള സമഗ്ര സ്ട്രോക്ക് യൂണിറ്റ് പ്രഥമ സംരംഭമാണ്.

സ്ട്രോക്ക് ഐസിയു: പക്ഷാഘാത ചികിത്സക്കായി ആധുനിക സംവിധാനത്തോടെയുള്ള 14 കിടക്കകളുള്ള സ്ട്രോക് ഐ.സി.യു 0.97 കോടി രൂപ ചെലവില്‍ സജ്ജമാക്കി. കൂടാതെ സ്‌റ്റെപ്പ്ഡൗണ്‍ & ഹൈ കെയര്‍ കിടക്കകളും സജ്ജമാക്കിയിട്ടുണ്ട്.

സി.ടി. ആന്‍ജിയോഗ്രാം: മസ്‌തിഷ്‌ക രോഗങ്ങളെക്കുറിച്ചും മസ്‌തിഷ്‌ക സിരാധമനികളുടെ ഘടനയും വിശകലനം ചെയ്‌തു പഠിക്കുന്നതിനും അതിലൂടെ രോഗികള്‍ക്ക് കൃത്യതയാര്‍ന്ന രോഗനിര്‍ണയം സാധ്യമാക്കുന്നതിനായി 4.4 കോടി രൂപ ചെലവില്‍ സി.ടി ആന്‍ജിയോഗ്രാം മെഷീന്‍ പ്രവര്‍ത്തനസജ്ജമാക്കി.

ന്യൂറോ കാത്ത്‌ലാബ്: മസ്‌തിഷ്‌കത്തിലെ രക്തക്കുഴലുകളില്‍ ഉണ്ടാകുന്ന തടസങ്ങള്‍ ഉള്‍പെടെ രോഗനിര്‍ണയം നടത്തി ചികിത്സ നല്‍കുവാനുതകുന്ന ലോകോത്തര സംവിധാനമായ ന്യൂറോ കാത്ത് ലാബ് 5.15 കോടി രൂപ ചെലവിലാണ് സജ്ജമാക്കിയിട്ടുള്ളത്. സര്‍ക്കാര്‍ മേഖലയിലെ ആദ്യ സംരംഭമാണിത്.

2. ലിനാക്ക്: 18 കോടി രൂപ

കാന്‍സര്‍ ചികിത്സയ്ക്കുപയോഗിക്കുന്ന ആധുനിക സംവിധാനമാണ് ലിനാക്. കൃത്യമായ ഡോസില്‍ വളരെ സൂക്ഷ്‌മമായി രോഗിക്ക് റേഡിയേഷന്‍ നല്‍കുന്ന ഈ സംവിധാനം 18 കോടി രൂപ ചെലവില്‍ ഒ.പി കെട്ടിടത്തിന് സമീപത്തായി പുതുതായി നിര്‍മിച്ച കെട്ടിടത്തില്‍ റേഡിയോ തെറാപ്പി വിഭാഗത്തിന് കീഴില്‍ സജ്ജമാക്കിയിട്ടുണ്ട്. വളരെ കൃത്യതയോടെ അര്‍ബുദബാധിത കോശങ്ങള്‍ക്ക് മാത്രം റേഡിയേഷന്‍ നല്‍കുവാന്‍ ഇതിലൂടെ സാധ്യമാകും.

3. ബേണ്‍സ് ഐ.സി.യു. & സ്‌കിന്‍ ബാങ്ക്: 3.465 കോടി രൂപ

പൊള്ളലേറ്റവര്‍ക്ക് അത്യാധുനിക ചികിത്സയ്ക്കായാണ് പ്ലാസ്‌റ്റിക് സര്‍ജറി വിഭാഗത്തിന് കീഴില്‍ ഒന്‍പത് കിടക്കകളുള്ള ബേണ്‍സ് ഐസിയു സജ്ജമാക്കിയിരിക്കുന്നത്.

4. ഇന്‍റര്‍വെന്‍ഷണല്‍ പള്‍മണോളജി യൂണിറ്റ്: 1.10 കോടി രൂപ

പള്‍മണറി മെഡിസിന്‍ വിഭാഗത്തിന് കീഴിലാണ് എന്റോബ്രോങ്കിയല്‍ അള്‍ട്രാസൗണ്ട് (ഇ.ബി.യു.എസ്) സംവിധാനം സജ്ജമാക്കിയിരിക്കുന്നത്. പ്രധാന ശ്വാസനാളത്തില്‍ നിന്നും വളരെ അകലെ സ്ഥിതിചെയ്യുന്ന സങ്കീര്‍ണമായ മുഴകള്‍ കണ്ട് പിടിക്കുവാനും ചികിത്സാര്‍ത്ഥം ബയോപ്‌സി എടുക്കുവാനും ഈ ഉപകരണം വളരെ സഹായകരമാണ്.

5. എം.എല്‍.റ്റി.ബ്ലോക്ക് നിര്‍മാണ ഉദ്‌ഘാടനം: 16 കോടി രൂപ

മാസ്‌റ്റര്‍ പ്ലാന്‍റിന്‍റെ ഭാഗമായി പാരാമെഡിക്കല്‍ സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനായി ആറ് നിലകളുള്ള 43,800 ചതുരശ്രയടി വിസ്‌തീര്‍ണമുളള കെട്ടിടമാണ് നിര്‍മിക്കുന്നത്. വിവിധ ഡിപ്പാര്‍ട്ട്‌മെന്‍റുകളുടെ ലാബുകള്‍, ലക്ച്ചര്‍ ഹാളുകള്‍, ലൈബ്രറി, കോണ്‍ഫറന്‍സ് ഹാള്‍ & കമ്പ്യൂട്ടര്‍ ലാബ്, റിസര്‍ച്ച് സൗകര്യങ്ങള്‍ക്ക് മാത്രമായി പ്രത്യേകം നില എന്നീ സൗകര്യങ്ങളുണ്ടാകും.

ABOUT THE AUTHOR

...view details