തിരുവനന്തപുരം:സംസ്ഥാന ഗ്രാമവികസന വകുപ്പിന് കീഴിലുണ്ടായിരുന്ന റോഡ് റോളറുകള്‍ തുരുമ്പെടുത്ത് നശിക്കുന്നു. കേന്ദ്രാവിഷ്‌കൃത ഗ്രാമവികസന പദ്ധതികള്‍ ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് വരെ സംസ്ഥാനങ്ങളില്‍ നടപ്പാക്കിയിരുന്നത് ജില്ലാ ഗ്രാമവികസന ഏജന്‍സികളിലൂടെ ആയിരുന്നു. ഗ്രാമീണ റോഡുകളുടെ നിര്‍മ്മാണത്തിനും പുനരുദ്ധാരണത്തിനുമുള്ള കേന്ദ്ര ധനസഹായം ഈ ഏജന്‍സി മുഖേന വിജയകരമായി നടപ്പാക്കിയിരുന്നു.
ഇക്കാലത്ത് റോഡുപണികള്‍ക്ക് കാലതാമസം വരാതെ കാലാവസ്ഥ അനുകൂലമായിരിക്കുമ്പോള്‍ തന്നെ പണി പൂര്‍ത്തീകരിയ്ക്കാനായി റോഡ് റോളറുകള്‍ വാങ്ങാനും വ്യവസ്ഥയുണ്ടായിരുന്നതിനാല്‍ എല്ലാ ജില്ലകളിലും റോളറുകളും ഡ്രൈവര്‍മാരും ഉണ്ടായിരുന്നു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങല്‍ക്ക് ഈ റോളറുകള്‍ തന്നെ ഉപയോഗിക്കണമെന്നും ഇതിന് സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന വാടക വര്‍ക്കിന്‍റെ ഫൈനല്‍ ബില്ലില്‍ നിന്നും ഈടാക്കണമെന്നുമായിരുന്നു വ്യവസ്ഥ.
ALSO READ:ഒക്‌ടോബറില്‍ കേരളത്തില്‍ പെയ്‌തത് 120 വര്‍ഷത്തിനിടയിലെ റെക്കോഡ് മഴ
എന്നാല്‍ കാലക്രമേണ റോളറുകള്‍ നാട്ടില്‍ ലഭ്യമായിത്തുടങ്ങുകയും വാടകയില്‍ മത്സര സ്വഭാവം വരുകയും ചെയ്‌തതോടെയാണ് സര്‍ക്കാര്‍ റോളറുകള്‍ പുറന്തള്ളപെട്ടത്. സര്‍ക്കാര്‍ ജീവനക്കാരായ ഡ്രൈവര്‍മാരുടെ ഡ്യൂട്ടി സമയത്തിലെ കടുംപിടിത്തവും ഓടിയില്ലെങ്കിലും ശമ്പളം കിട്ടുമെന്ന സ്ഥിതിയും വന്നതോടെ ജോലിക്ക് പുറം വണ്ടികളെ വിളിയ്ക്കാന്‍ നിര്‍ബ്ബന്ധിതരായി.