തിരുവനന്തപുരം : അനശ്വരനടൻ നെടുമുടി വേണുവിന് അന്ത്യാഞ്ജലി അർപ്പിച്ച് സാംസ്‌കാരിക കേരളം. തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ പൊതുദർശനത്തിന് വച്ച ഭൗതികശരീരത്തില്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ നിരവധിപേരാണ് എത്തിച്ചേർന്നത്.
മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ വി. ശിവൻകുട്ടി, വീണ ജോർജ്, സ്‌പീക്കർ എം.ബി രാജേഷ്, രമേശ് ചെന്നിത്തല, കെ.കെ ഷൈലജ ടീച്ചർ, എം. മുകേഷ് എംഎൽഎ, സിനിമ താരങ്ങളായ മമ്മൂട്ടി, മോഹൻലാൽ, വിനീത്, രണ്‍ജി പണിക്കർ, മധുപാല്‍ തുടങ്ങി സിനിമ - രാഷ്‌ട്രീയ - നാടക രംഗങ്ങളിലെ നിരവധി പ്രമുഖർ നേരിട്ടെത്തി പ്രിയ നടന് അന്തിമോപചാരം അർപ്പിച്ചു.
മഹാനടനം ഇനി ഓര്‍മത്തിരശ്ശീലയില്‍ ; നെടുമുടി വേണുവിന് യാത്രാമൊഴി READ MORE: നെടുമുടി വേണുവിന്‍റെ സംസ്‌കാരം ഇന്ന് തൈക്കാട് ശാന്തി കവാടത്തില്‍
സഹോദരനെ പോലെ ചേര്‍ത്തുപിടിച്ച വാത്സല്യമായിരുന്നു നെടുമുടി വേണുവെന്ന് നടന്‍ മോഹന്‍ലാല്‍ അനുസ്‌മരിച്ചു. ഉന്നത വിദ്യാഭ്യാസമന്ത്രി പ്രൊഫ. ആര്‍.ബിന്ദു, മന്ത്രിമാരായ കെ.എന്‍.ബാലഗോപാല്‍, കെ.രാധാകൃഷ്ണന്‍, റോഷി അഗസ്റ്റിന്‍, സജി ചെറിയാന്‍, ആന്‍റണി രാജു തുടങ്ങിയവരും അനുശോചനം രേഖപ്പെടുത്തി.
തിരുവനന്തപുരത്തെ വീട്ടിൽ നിന്ന് 10.30 ഓടെയാണ് മൃതദേഹം അയ്യങ്കാളി ഹാളിൽ എത്തിച്ചത്. അരങ്ങൊഴിഞ്ഞ പ്രിയ നടന് ആദരമായി കാവാലം നാടക സംഘത്തിന്‍റെ സംഗീതാർച്ചനയോടെയാണ് ഭൗതികദേഹം തൈക്കാട് ശാന്തികവാടത്തിലേക്ക് കൊണ്ടുപോയത്.
ഉദര സംബന്ധമായ അസുഖത്തെ തുടർന്ന് തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിൽ ഇന്നലെ യായിരുന്നു അന്ത്യം. പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ തൈക്കാട് ശാന്തികവാടത്തിലായിരുന്നു സംസ്‌കാരം.