തിരുവനന്തപുരം :തിരുവനന്തപുരം നെടുമങ്ങാട്ടിൽ ഫോണ്‍വഴി ഭാര്യയെ ശല്യം ചെയ്‌ത മത്സ്യ വ്യാപാരിയായ യുവാവിനെ ഗള്‍ഫുകാരനായ ഭര്‍ത്താവ് നാട്ടിലെത്തി ക്വട്ടേഷന്‍ നല്‍കി മര്‍ദിച്ചു (Husband gave quotation to attack man who disturbed wife). പെരിങ്ങമ്മല ഷൈജുവാണ് അവധിക്ക് നാട്ടിലെത്തിയപ്പോൾ ഭാര്യയെ ശല്യം ചെയ്‌തയാളെ ആക്രമിക്കാൻ ക്വട്ടേഷന്‍ നല്‍കിയത്. സംഭവത്തിൽ ഷൈജുവിനെയും മത്സ്യ വ്യാപാരിയെ മർദിച്ച ക്വട്ടേഷന്‍ സംഘത്തിലെ യുവാക്കളെയും പൊലീസ് അറസ്റ്റ് ചെയ്‌തു.
സംഭവത്തിൽ തെന്നൂര്‍ അരയകുന്ന് റോഡരിക്കത്തുവീട്ടില്‍ ജി ഷൈജു (36), ഇലഞ്ചിയം ആറ്റുകണ്ണന്‍കുഴി ചതുപ്പില്‍ വീട്ടില്‍ ജി റോയ് (39), ജി റോണി (37), അരയകുന്ന് കന്യാരുകുഴി വടക്കേവീട്ടില്‍ എസ് സുമേഷ് എന്നിവരെയാണ് പാലോട് പൊലീസ് പിടികൂടിയത്. ഇലഞ്ചിയം ഞാറനീലി കുന്നും പുറത്തുവീട്ടില്‍ ആര്‍ സൂബാഷിനെയാണ് സംഘം ആക്രമിച്ചത് (Nedumangad attack). ആക്രമണത്തിൽ ഇയാൾക്ക് തലയ്ക്കും മുഖത്തും പരിക്കേറ്റിട്ടുണ്ട്. സുബാഷ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഭാര്യയെ ഫോണ്‍വഴി ശല്യം ചെയ്‌തയാളെ മാരകമായി ആക്രമിക്കാന്‍ ഷൈജു ഗള്‍ഫിൽ നിന്നും നാട്ടിലെത്തിയ ശേഷം കൂലിക്ക് ആളിനെ ഏര്‍പ്പെടുത്തുകയായിരുന്നു. ഷൈജു സുഹൃത്തുകള്‍ക്ക് മദ്യവും പണവും നല്‍കിയതായും തുടർന്ന് സംഘം സുബാഷിനെ ആക്രമിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
സുബാഷ് ഫോണിലൂടെ മെസേജ് അയക്കുന്നതും വിളിയ്‌ക്കുന്നതും സഹിക്കവയ്യാതെ ആയപ്പോള്‍ ഭാര്യ ഷൈജുവിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്നാണ് ഷൈജു സുബാഷിനെ ക്വട്ടേഷന്‍ നല്‍കി മര്‍ദിച്ചത് (Quotation to attack man). സംഭവ ശേഷം വിദേശത്തേക്ക് കടക്കാന്‍ ശ്രമിയ്‌ക്കുകയായിരുന്നു ഷൈജു. തിരുവനന്തപുരം എയര്‍പ്പോര്‍ട്ടിലേക്ക് പോകുന്ന വഴിയാണ് ഷൈജുവിനെ പൊലീസ് അറസ്റ്റ് ചെയ്‌തത്.