തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്‌ക്കണമെന്നാവശ്യപ്പെട്ട് ദേശീയ ജനാധിപത്യ സഖ്യം (National Democratic Alliance) നടത്തുന്ന സെക്രട്ടേറിയറ്റ് ഉപരോധം നാളെ (ഒക്‌ടോബര്‍ 30) നടക്കും (Secretariat Blockade Demanding CM Resignation). അഴിമതിയും ജനവിരുദ്ധ നയങ്ങളും തുടരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്‌ക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന സെക്രട്ടേറിയറ്റ് ഉപരോധം ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ ഉദ്ഘാടനം ചെയ്യും.
സെക്രട്ടേറിയറ്റ് ഉപരോധത്തിൽ ഒരു ലക്ഷത്തോളം പേർ പങ്കെടുക്കുമെന്നാണ് വിവരം. എൻഡിഎയുടെ പ്രമുഖ നേതാക്കളെല്ലാം പരിപാടിയിൽ പങ്കെടുക്കും. ഇന്ന് (ഒക്ടോബർ 29) വൈകുന്നേരം മുതൽ പ്രവർത്തകർ പ്രതിഷേധം ആരംഭിക്കും. ഇന്ന് ഉച്ചയ്ക്ക് 3 മണി മുതൽ ഹൈസിന്ത് ഹോട്ടലിൽ നേതൃയോഗം ആരംഭിച്ചു. നേതൃയോഗം ജെപി നദ്ദ ഉദ്ഘാടനം ചെയ്‌തു. തുടർന്ന് നടക്കുന്ന ബിജെപി സംസ്ഥാന നേതൃയോഗത്തിലും അദ്ദേഹം പങ്കെടുക്കും. മുതിർന്ന ആർഎസ്എസ് പ്രചാരകൻ ആർ ഹരിക്ക് അന്തിമോപചാരം അർപ്പിക്കാൻ ഇന്ന് രാത്രി നദ്ദ എറണാകുളത്തേക്ക് പോകും.
കേരളത്തിൽ ഭരണ സ്‌തംഭനമാണ് നടക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും ആരോപിച്ചിരുന്നു. സപ്ലൈ കോ എന്നതിന് പകരം സപ്ലൈ നോ ആണുള്ളത്. തൊഴിലുറപ്പ് പദ്ധതി അവതാളത്തിലാണ്. ഇതിനിടെയാണ് കേരളീയം നടത്തുന്നതെന്ന് കെ സുരേന്ദ്രൻ വിമർശിച്ചു. വലിയ അഴിമതിയാണ് ഈ മാമാങ്കത്തിന് പുറകിൽ നടക്കുക. യുഡിഎഫ് പോലും ഇതിനെപ്പറ്റി സംസാരിക്കുന്നില്ല. മന്ത്രിമാർ സർക്കാർ ഖജനാവ് കൊള്ളയടിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാന സർക്കാരിന്‍റെ കെടുകാര്യസ്ഥതയ്‌ക്കെതിരെ ഒരു ലക്ഷം പേരെ അണിനിരത്തി കൊണ്ട് സെക്രട്ടേറിയറ്റ് ഉപരോധം നടത്താനാണ് ബിജെപി ഒരുങ്ങുന്നത്.