തിരുവനന്തപുരം:യുവസംവിധായിക നയന സൂര്യയെ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിൽ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം. നയനയുടെ ശരീരത്തില്‍ കണ്ടെത്തിയ പാടുകളെക്കുറിച്ച് പൊലീസ് തങ്ങളെ അറിയിച്ചിരുന്നില്ലെന്നും ദുരൂഹതയില്ലെന്ന് തെറ്റിദ്ധരിപ്പിച്ച് പരാതിയില്ലെന്ന് എഴുതി വാങ്ങിയെന്നുമാണ് കുടുംബം ആരോപിക്കുന്നത്. നയനയുടെ മരണത്തില്‍ പുതിയ സംഘത്തിന്‍റെ അന്വേഷണം ഇന്ന് ആരംഭിക്കാനിരിക്കെയാണ് പൊലീസിനെതിരെ കുടുംബത്തിന്‍റെ ആരോപണം.
2019-ല്‍ നയന മരിച്ചതിന് പിന്നാലെ അസ്വാഭാവിക മരണത്തിന് മ്യൂസിയം പൊലീസ് കേസെടുത്തിരുന്നുവെങ്കിലും ദുരൂഹതയൊന്നുമില്ലെന്ന് പറഞ്ഞ് കേസ് അവസാനിപ്പിക്കുകയായിരുന്നു. നയന ഷുഗര്‍ രോഗിയായതിനാല്‍ ഇതാകാം മരണകാരണമെന്ന് കുടുംബവും വിശ്വസിച്ചെന്ന് നയനയുടെ സഹോദരങ്ങള്‍ പറഞ്ഞു. ഇത് കാരണം പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട് വായിച്ചില്ലെന്നും സഹോദരങ്ങള്‍ അറിയിച്ചു.