തിരുവനന്തപുരം: യുസവസംവിധായക നയന സൂര്യന് മരിക്കുന്നതിന് ഒരാഴ്‌ച മുമ്പ് മര്‍ദനമേറ്റിരുന്നതായും ഫോണിലൂടെ നിരന്തരം ഭീഷണിയുണ്ടായിരുന്നതായും സുഹൃത്തിന്‍റെ നിര്‍ണായക മൊഴി. നയന സൂര്യന്‍റെ ദുരൂഹമരണം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിനു മുന്നിലാണ് സുഹൃത്ത് മൊഴിനല്‍കിയത്. മര്‍ദിച്ചയാളുടെ പേരുവിവരങ്ങളും സുഹൃത്ത് മൊഴിയില്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
നയനയുടെ മരണം കൊലപാതകമാണെന്ന സംശയം ബലപ്പെടുത്തുന്നതാണ് ഈ വെളിപ്പെടുത്തല്‍. അന്വേഷണപരിധിയില്‍ വരാന്‍ സാധ്യതയില്ലാതിരുന്ന ഈ അജ്ഞാതസുഹൃത്ത് ക്രൈംബ്രാഞ്ചിനോട് അങ്ങോട്ടാവശ്യപ്പെട്ടാണ് മൊഴിനല്‍കാന്‍ സന്നദ്ധമായത്. അന്വേഷണത്തില്‍ നിര്‍ണായകവും ഞെട്ടിക്കുന്നതുമാണ് സുഹൃത്തിന്‍റെ മൊഴി.
നിര്‍ണായക മൊഴി: കോടതിക്കു മുന്നില്‍ മാത്രമേ മൊഴി നല്‍കൂവെന്ന നിലപാടിലായിരുന്നു നേരത്തേ സുഹൃത്ത്. പിന്നീട്, മുഖ്യമന്ത്രിയുടെ ഓഫീസ് വഴി തന്‍റെ ആവശ്യമറിയിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടതനുസരിച്ചാണ് കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് അന്വേഷണസംഘം മൊഴി രേഖപ്പെടുത്തിയത്.
മരണത്തിന് ഒരാഴ്‌ച മുന്‍പ് നയനയുടെ മുഖത്ത് മര്‍ദനമേറ്റതിന്‍റെ ക്ഷതം കണ്ടിരുന്നതായി സുഹൃത്ത് പറഞ്ഞു. ഫോണിലൂടെ ഭീഷണിയുണ്ടായിരുന്നതായി നയന തന്നോടു പറഞ്ഞിരുന്നതായും മൊഴിയില്‍ പറയുന്നു. നയനയുടെ താമസസ്ഥലത്തിനടുത്തു താമസിച്ചിരുന്ന വ്യക്തിയാണ് ഈ സുഹൃത്ത്.
ഒരു ദിവസം നയനയുടെ മുഖത്ത് അടിയേറ്റു നീലിച്ചതിനന്‍റെ പാട് കണ്ടിരുന്നു. ഇക്കാര്യം ചോദിച്ചപ്പോള്‍, ഒരുവശം ചരിഞ്ഞുകിടന്നപ്പോള്‍ സംഭവിച്ചതാണെന്നു പറഞ്ഞ് നയന ഒഴിഞ്ഞുമാറി. അടുത്ത ദിവസം ഒരുമിച്ചുള്ള സായാഹ്നനടത്തത്തിനിടെ, തന്നെ ഒരാള്‍ മര്‍ദിച്ചതാണെന്ന് നയന വെളിപ്പെടുത്തുകയായിരുന്നു. മര്‍ദിച്ചയാളുടെ പേരും പറഞ്ഞു.
നയനയ്‌ക്ക് ക്രൂരമായി മര്‍ദനമേറ്റു:നയന താമസിച്ചിരുന്ന വീട്ടിലെത്തിയായിരുന്നു മര്‍ദനം. ക്രൂരമായി മര്‍ദനമേറ്റതിന്‍റെ അവശതയിലായിരുന്നു അപ്പോഴും നയന. സ്വത്തോ പണമിടപാടോ ആയി ബന്ധപ്പെട്ടായിരുന്നു നയനയ്ക്കു നേരേയുണ്ടായ ആക്രമണമെന്നാണ് ക്രൈംബ്രാഞ്ച് സംഘം സംശയിക്കുന്നത്.
അഴീക്കല്‍ സൂര്യന്‍പുരയിടത്തില്‍ ദിനേശന്‍റെയും ഷീലയുടെയും മകളാണ് നയനാസൂര്യ. പത്ത് വര്‍ഷത്തോളമാണ് ലെനിന്‍റെ സഹസംവിധായികയായി നയന പ്രവര്‍ത്തിച്ചത്. ക്രോസ് റോഡ് എന്ന ആന്തോളജി സിനിമയില്‍ പക്ഷികളുടെ മണം എന്ന സിനിമ സംവിധാനം ചെയ്‌തത് നയനയാണ്.
ഒട്ടേറെ പരസ്യചിത്രങ്ങളും ചെയ്‌തിട്ടുണ്ട്. മൂന്ന് വര്‍ഷം മുന്‍പ് മരണപ്പെട്ട നിലയില്‍ കണ്ടത്തിയ നയനയുടേത് തുടക്കത്തില്‍ ആത്മഹത്യയാണന്ന് കരുതിയത്. അസ്വാഭാവിക മരണത്തിനു മ്യൂസിയം പൊലീസ് കേസെടുത്തെങ്കിലും അന്വേഷണം എങ്ങുമെത്തിയില്ല.
പ്രമേഹരോഗിയായ നയന ഷുഗര്‍ താഴ്ന്ന് കുളിമുറിയില്‍ കുഴഞ്ഞുവീഴുകയും പരസഹായം കിട്ടാതെ മരിക്കുകയുമായിരുന്നുവെന്നാണ് പൊലീസ് പറഞ്ഞത്. മൂന്നുവര്‍ഷം കഴിഞ്ഞിട്ടും കേസ് അന്വേഷണത്തില്‍ വ്യക്തത വരാത്തതുകൊണ്ട് സുഹൃത്തുക്കള്‍ നയനയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കണ്ടെത്തുകയും അതിന്‍റെ വിശദാംശങ്ങള്‍ പുറത്തുവിടുകയുമായിരുന്നു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങളാണ് കൊലപാതകമെന്ന സംശയത്തിലേക്ക് നയിച്ചത്. പിന്നീട് സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിനെ അന്വേഷണം ഏല്‍പ്പിക്കുകയായിരുന്നു.