തിരുവനന്തപുരം :യുവസംവിധായിക നയന സൂര്യയുടെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും. കൊലപാതകമാണെന്ന സംശയത്തെ തുടര്‍ന്നാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിടുന്നത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന പരാതിയുയര്‍ന്നതിനെ തുടര്‍ന്ന് പൊലീസ് കേസിൽ വീണ്ടും വിശദമായ പരിശോധന നടത്തിയിരുന്നു. ഡിസിആര്‍ബി അസി.കമ്മിഷണര്‍ ദിനിലിന്‍റെ നേതൃത്വത്തിലാണ് വിശദമായ പരിശോധന നടത്തിയത്.
ഈ അന്വേഷണത്തിന് ശേഷം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. ഫോറന്‍സിക് റിപ്പോര്‍ട്ടിനൊപ്പം മരണം സംഭവിച്ച വീടും പരിശോധിച്ച ശേഷമാണ് മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കണ്ടെത്തിയിരിക്കുന്നത്. നയനയെ അവശ നിലയില്‍ കണ്ടെത്തിയ വീട് അകത്തുനിന്ന് അടച്ച നിലയിലായിരുന്നെങ്കിലും ബാല്‍ക്കണി വാതില്‍ വഴി ഒരാള്‍ക്ക് വീടിനുള്ളില്‍ നിന്ന് രക്ഷപ്പെടാനുള്ള സാധ്യതയുണ്ട്.
അതേസമയം നയന സ്വയം പരിക്കേല്‍പ്പിച്ചുവെന്ന ഫോറന്‍സിക് റിപ്പോര്‍ട്ട് സ്ഥിരീകരിച്ചിട്ടില്ല. ഇതെല്ലാമാണ് പ്രാഥമിക അന്വേഷണം നടത്തിയ സംഘത്തിന്‍റെ കണ്ടെത്തല്‍. കേസില്‍ ആദ്യ അന്വേഷണം നടത്തിയ മ്യൂസിയം പൊലീസിന് ഗുരുതര വീഴ്‌ചയുണ്ടായതായും കണ്ടെത്തിയിട്ടുണ്ട്. ഇതെല്ലാം പരിഗണിച്ചാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറുന്നത്.
നയനയുടെ മരണ കാരണം കഴുത്തിനേറ്റ പരിക്കാണെന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. എന്നാല്‍ കേസന്വേഷിച്ച പൊലീസ് ഇക്കാര്യം ബന്ധുക്കളെ അറിയിച്ചിരുന്നില്ല. നയനയ്ക്ക് സ്വയം പരിക്കേല്‍പ്പിക്കുന്ന പ്രത്യേകതരം മാനസിക അസ്വാസ്ഥ്യമുണ്ടെന്നതായിരുന്നു മ്യൂസിയം പൊലീസിന്‍റെ നിരീക്ഷണം. ഇക്കാര്യം പറഞ്ഞാണ് അന്ന് അന്വേഷണം അവസാനിപ്പിച്ചത്.
എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പരിശോധിച്ച സുഹൃത്തുക്കളാണ് പരാതിയുമായി രംഗത്തെത്തിയത്. പിന്നാലെ ബന്ധുക്കളും പരാതി നല്‍കി. 2019 ഫെബ്രുവരി 23ന് രാത്രിയിലാണ് സുഹൃത്തുക്കള്‍ നയനയെ അബോധാവസ്ഥയില്‍ വാടക വീടിനുള്ളില്‍ കണ്ടെത്തിയത്. പൂട്ടിയിരുന്ന വാതിലുകള്‍ തുറന്ന് അകത്തുകയറിയാണ് സുഹൃത്തുക്കള്‍ നയനയെ ആശുപത്രിയിലെത്തിച്ചത്. പക്ഷേ മരണം സംഭവിച്ചിരുന്നു.