തിരുവനന്തപുരം:യുവസംവിധായികനയന സൂര്യയുടെ മരണത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം ഇന്ന് പ്രത്യേക യോഗം ചേരും. കേസന്വേഷണം ഏതൊക്കെ രീതിയിൽ വേണമെന്ന കാര്യത്തിൽ തീരുമാനമെടുക്കാനാണ് പ്രത്യേക യോഗം ചേരുന്നത്. മുൻപ് മ്യൂസിയം പൊലീസ് രേഖപ്പെടുത്തിയ മൊഴിയിൽ കൂടുതൽ എന്തെങ്കിലും ചേർക്കാനുണ്ടോ എന്നുള്ളതും പരിശോധിക്കും.
നയനയുടെ സഹോദരന്‍റെ മൊഴി ഉൾപ്പടെ മുൻപ് മൊഴി നൽകിയ മുഴുവൻ പേരെയും വീണ്ടും വിളിച്ച് വരുത്തി മൊഴി രേഖപ്പെടുത്തും. ശാസ്ത്രീയ തെളിവുകളും ഫോറൻസിക് റിപ്പോർട്ടുകളും പുനഃപരിശോധനക്ക് വിധേയമാക്കും. ഇതിന് ശേഷമാകും അന്വേഷണത്തിന്‍റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുക.
കേസിൽ ആദ്യം അന്വേഷണം നടത്തിയ മ്യൂസിയം പൊലീസിന്‍റെ ഭാഗത്ത് നിന്നും ഗുരുതരമായ വീഴ്‌ചകളാണ് ഉണ്ടായിട്ടുള്ളതെന്ന് ജില്ല ക്രൈം റെക്കോർഡ്‌സ് ബ്യുറോ എസി ജെകെ ദിനിൽ സമർപ്പിച്ച റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ മാസം അഞ്ചിനായിരുന്നു കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയത്. 13 അംഗ ക്രൈം ബ്രാഞ്ച് സംഘത്തിനാണ് അന്വേഷണ ചുമതല.
2019 ഫെബ്രുവരി 24 നാണ് നയന സൂര്യയെ താമസസ്ഥലത്തെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് അന്വേഷണം നടത്തിയ മ്യുസിയം പൊലീസ് നയനയുടേത് ആത്മഹത്യയാണെന്നും സ്വയം മുറിവേൽപ്പിച്ച് ആനന്ദം കണ്ടെത്തുന്ന രോഗത്തിന് അടിമയാണെന്നും ഉൾപ്പെടെയുള്ള കണ്ടെത്തലുകൾ ഉൾപ്പെടുത്തി കേസ് അവസാനിപ്പിക്കുകയായിരുന്നു. നയനയുടെ സുഹൃത്തുക്കൾ നടത്തിയ നിരന്തരമായ ശ്രമഫലമായാണ് കേസിൽ വീണ്ടും പുനരന്വേഷണം ആരംഭിച്ചത്.