തിരുവനന്തപുരം :സംവിധായിക നയന സൂര്യന്‍റെ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ഗുരുതര പിഴവുണ്ടായതായി കണ്ടെത്തൽ. തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഫൊറൻസിക് വിഭാഗം മുൻ മേധാവിയായിരുന്ന ഡോ.ശശികലയാണ് നയന സൂര്യന്‍റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് തയ്യാറാക്കിയത്. ഈ റിപ്പോർട്ടിലാണ് ഗുരുതര പിഴവ് കണ്ടെത്തിയത്.
നയനയുടെ കഴുത്തിലുണ്ടായിരുന്ന ഉരഞ്ഞ പാട് രേഖപ്പെടുത്തിയതിലാണ് പിഴവുണ്ടായത്. പോസ്റ്റുമോർട്ടം വർക്ക് ബുക്കിലെ കുറിപ്പിൽ രേഖപ്പെടുത്തിയിരുന്നത് നയനയുടെ കഴുത്തിൽ 1.5 സെന്‍റിമീറ്റർ പാടുണ്ടെന്നായിരുന്നു. എന്നാൽ, പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ 31.5 സെന്‍റിമീറ്റർ നീളത്തിൽ ഉരഞ്ഞ പാടുണ്ട് എന്നാണ് രേഖപ്പെടുത്തിയത്.
ക്രൈംബ്രാഞ്ചാണ് ഈ പിഴവ് കണ്ടെത്തിയത്. സംഭവം ടൈപ്പ് ചെയ്‌തതിലുണ്ടായ പിഴവാണെന്ന് ഡോ.ശശികല ക്രൈംബ്രാഞ്ചിന് മൊഴി നൽകിയിട്ടുണ്ട്. കഴുത്തിനേറ്റ പരിക്കാണ് നയനയുടെ മരണത്തിന് കാരണമെന്നാണ് ഡോ.ശശികലയുടെ നിഗമനം. ക്രൈംബ്രാഞ്ച് നയനയുടെ മൃതദേഹത്തിന്‍റെ ചിത്രങ്ങൾ പരിശോധിച്ചപ്പോഴാണ് ഈ പിഴവ് കണ്ടെത്തിയത്.