നയനയുടെ സഹോദരൻ മധു മാധ്യമങ്ങളോട് തിരുവനന്തപുരം:സംവിധായിക നയന സൂര്യയുടെ മരണം സിബിഐ അന്വേഷിക്കണമെന്ന ആവശ്യവുമായി കുടുംബം. ഇക്കാര്യം ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയന് കുടുംബം നിവേദനം നൽകി. പഠിച്ചു തീരുമാനമെടുക്കാം എന്നാണ് മുഖ്യമന്ത്രി കുടുംബത്തിന് നൽകിയിരിക്കുന്ന ഉറപ്പ്.
നിലവിലെ ക്രൈംബ്രാഞ്ച് അന്വേഷണം കൂടാതെ പ്രത്യേക സംഘവും മരണം സംബന്ധിച്ച് അന്വേഷിക്കുമെന്നും മുഖ്യമന്ത്രി കുടുംബത്തെ അറിയിച്ചു. നിലവിലെ ക്രൈംബ്രാഞ്ചിൻ്റെ പ്രാഥമിക അന്വേഷണത്തിൽ തൃപ്‌തരാണെന്നാണ് കൂടിക്കാഴ്‌ചയ്‌ക്ക് ശേഷം നയനയുടെ സഹോദരൻ മധു മാധ്യമങ്ങളോട് പ്രതികരിച്ചത്. പ്രാഥമിക അന്വേഷണത്തിൽ മ്യൂസിയം പൊലീസിന് വീഴ്‌ച വന്നിട്ടുണ്ട്.
ഇക്കാര്യങ്ങൾ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയതായും മധു പറഞ്ഞു. നിലവിൽ നയനയുടെ മരണം ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റാണ് അന്വേഷിക്കുന്നത്. എസ് പി മധുസൂദനന്‍റെ നേതൃത്വത്തിലാണ് അന്വേഷണം. പ്രാഥമിക പരിശോധനയിൽ തന്നെ ആദ്യം കേസ് അന്വേഷിച്ച മ്യൂസിയം പൊലീസിന് ഗുരുതരവീഴ്‌ച വന്നതായി കണ്ടെത്തിയിട്ടുണ്ട്.
ALSO READ:യുവ സംവിധായക നയന സൂര്യയുടെ മരണം; അന്വേഷണം ക്രൈം ബ്രാഞ്ചിന്
നയനയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കഴുത്തിന് ഏറ്റ പരിക്കാണ് മരണം കാരണം. എന്നാൽ മ്യൂസിയം പൊലീസ് നയന സ്വയം മുറിവേൽപ്പിക്കുന്ന രോഗത്തിന് അടിമയാണെന്ന് വിചിത്രവാദമുന്നയിച്ച് കേസ് അവസാനിപ്പിക്കുകയായിരുന്നു. നയനയുടെ കുടുംബത്തെയും മ്യൂസിയം പൊലീസ് തെറ്റിദ്ധരിപ്പിച്ചിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തൽ അറിഞ്ഞ് മൂന്നു വർഷങ്ങൾക്കുശേഷം നയനയുടെ സുഹൃത്തുക്കൾ നടത്തിയ പോരാട്ടമാണ് പുനരന്വേഷണത്തിലേക്ക് വഴിതെളിച്ചത്.