തിരുവനന്തപുരം: വൈവിധ്യമാര്‍ന്ന ദൈവരൂപങ്ങളാല്‍ ബൊമ്മക്കൊലു ഒരുക്കി വീടുകള്‍ നവരാത്രി ആഘോഷത്തിന് ഒരുങ്ങി. ആദ്യ മൂന്ന് ദിവസം ദുര്‍ഗാദേവിയേയും അടുത്ത മൂന്നു ദിവസം ലക്ഷ്‌മി ദേവിയേയും അവസാന മൂന്നു ദിവസം സരസ്വതി ദേവിയേയും പൂജിക്കും. വീടുകളിലെ ബൊമ്മക്കൊലു ആഘോഷങ്ങള്‍ക്ക് പുറമെ ക്ഷേത്രങ്ങളിലും വിശേഷാല്‍ പൂജകളും ചടങ്ങുകളും നടക്കും.
'പാവ' എന്നര്‍ത്ഥം വരുന്ന 'ബൊമ്മ' എന്നതും 'പടികള്‍' എന്നര്‍ത്ഥം വരുന്ന 'കൊലു' എന്ന വാക്കും കൂടിച്ചേര്‍ന്നുണ്ടായതാണ് ബൊമ്മക്കൊലു. അസുര ശക്തികള്‍ക്ക് എതിരെ ദേവിയുടെ വിവിധ ഭാഗങ്ങള്‍ നന്മയുടെ വിജയം സ്ഥാപിക്കുമ്പോള്‍ അതിനെ ആഘോഷമാക്കുന്ന ദേവവൃന്ദങ്ങളുടെ പ്രതീകമായാണ് വീടുകളില്‍ ബൊമ്മക്കൊലു ഒരുക്കുന്നത്.
നവരാത്രിയുടെ ആദ്യ ദിവസം ഗണപതിപൂജയ്ക്കു ശേഷം മരത്തടികള്‍ കൊണ്ട് പടികള്‍ ഉണ്ടാക്കും. സാധാരണയായി 3, 5,7, 9, 11 എന്നിങ്ങനെ ഒറ്റസംഖ്യയിലാണ് പടികള്‍ നിര്‍മ്മിക്കുന്നത്. പടികള്‍ക്കു മുകളില്‍ തുണി വിരിച്ചശേഷം ദേവീദേവന്‍മാരുടെ ബൊമ്മകൾ അവയുടെ വലിപ്പത്തിനും സ്ഥാനത്തിനുമനുസരിച്ച് പടിയിൽ നിരത്തിവയ്ക്കും.
പുരാണത്തിലെ കഥാപാത്രങ്ങളും കഥകളുമാണ് ബൊമ്മകൊലുകളിലൂടെ ചിത്രീകരിക്കുന്നത്. ഗണപതി, ശിവന്‍, ലക്ഷ്‌മി, വിഷ്‌ണു, ദശാവതാരം, സരസ്വതി, പാര്‍വതി, ദുര്‍ഗ, ശ്രീകൃഷ്‌ണന്‍, വാദ്യോപകരണങ്ങള്‍ തുടങ്ങിയ ബൊമ്മകള്‍ പടികളിലുണ്ടാകും. മഹിഷാസുര വധത്തിനായി ഒന്‍പത് അവതാരങ്ങളില്‍ പിറവിയെടുത്ത ദേവിയുടെ പ്രതീകമായി ഓരോ ദിവസവും ഒന്‍പത് കന്യകമാരെയും ആരാധിക്കും. ഇവര്‍ക്ക് പുതുവസ്ത്രം നല്‍കുന്നതോടെയാണ് വിദ്യാരംഭ ദിവസം ചടങ്ങുകള്‍ പൂര്‍ത്തിയാവുക.
Also Read: പത്തുരൂപയ്‌ക്ക് ഭക്ഷണം 'സമൃദ്ധി @ കൊച്ചി'യിൽ