കേരളം

kerala

ETV Bharat / state

കെഎസ്ആർടിസി ബജറ്റ് ടൂറിസം: അടിമുടി മാറ്റത്തിനൊരുങ്ങി നവകേരള ബസ് - കെഎസ്ആർടിസി ബജറ്റ് ടൂറിസം

KSRTC budget tourism: നവകേരള സദസിൽ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസ് കെഎസ്ആർടിസി ബജറ്റ് ടൂറിസത്തിനായി മാറ്റം വരുത്താൻ ബെംഗളൂരുവിൽ എത്തിച്ചു.

Navakerala bus  KSRTC budget tourism  കെഎസ്ആർടിസി ബജറ്റ് ടൂറിസം  നവകേരള സദസ് ബസ്
Navakerala bus

By ETV Bharat Kerala Team

Published : Jan 13, 2024, 7:00 AM IST

തിരുവനന്തപുരം: നവകേരള സദസിൽ മുഖ്യമന്ത്രിയും മന്ത്രിമാരും യാത്ര ചെയ്‌ത ബസ് കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസത്തിനായി മാറ്റം വരുത്തും (KSRTC budget tourism). ഇതിനായി ബസ് ബെംഗളൂരുവിലെ കോച്ച് ബിൽഡേഴ്‌സിൽ എത്തിച്ചു. ജനുവരി 3നാണ് ബസ് ബെംഗളൂരുവിൽ എത്തിച്ചത്.

പുനർനിർമ്മാണത്തിന് ശേഷം ബസ് അടുത്ത ആഴ്‌ച തിരിച്ചെത്തുമെന്നാണ് വിവരം. ബസിൽ അടിമുടി മാറ്റങ്ങൾ വരുത്തും. മുഖ്യമന്ത്രി ഇരുന്ന റോളിംഗ് കസേര മാറ്റും. സീറ്റുകളുടെ അടുപ്പവും പുനർ ക്രമീകരിക്കും. ഇൻവേർട്ടറും ജനറേറ്റും ഇരിക്കുന്ന സ്ഥലം യാത്രക്കാരുടെ ലഗേജ് സൂക്ഷിക്കുന്നതിനും ഉപയോഗിക്കും.

നിലവിലെ കട്ടി കൂടിയ ചില്ലുകൾക്ക് പകരം സാധരണ ഗ്ലാസുകൾ സ്ഥാപിക്കും. ഇത്തരത്തിൽ ബസ് പുനർനിർമ്മിക്കുന്നതിന് 3 ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഫെബ്രുവരി മുതൽ ബസ് ബജറ്റ് ടൂറിസത്തിന് ഉപയോഗിക്കുമെന്നാണ് വിവരം. 1.15 കോടി മുടക്കിയാണ് ഭാരത് ബെൻസിന്‍റെ ബസ് വാങ്ങിയത്. നിലവിൽ ബജറ്റ് ടൂറിസത്തിനായി ഇലക്ട്രിക് ഡബിൾ ഡെക്കർ ബസും കെഎസ്ആർടിസി വാങ്ങിയിരുന്നു. നവ കേരള ബസ് കൂടി ബജറ്റ് ടൂറിസത്തിൻ്റെ ഭാഗമാകുന്നതോടു കൂടി കൂടുതൽ യാത്രക്കാരെ ആകർഷിക്കാൻ ആകുമെന്ന് പ്രതീക്ഷയിലാണ് കെഎസ്ആർടിസി.

കഴിഞ്ഞ മാസമാണ് മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസ് എന്തു ചെയ്യണമെന്ന കാര്യത്തിൽ തീരുമാനമായത്. ആദ്യം തലസ്ഥാനത്തുൾപ്പെടെ പൊതുജനങ്ങൾക്കായി ബസ് പ്രദർശിപ്പിക്കാനും പിന്നീട് വാടകയ്ക്ക് നൽകാനുമാണ് തീരുമാനം. വിവാഹ ആവശ്യം, വിനോദയാത്ര, തീർത്ഥാടനം തുടങ്ങിയവയ്ക്ക് നവകേരള ബസ് വാടകയ്ക്ക് ലഭിക്കും(Nava Kerala Bus For Various Value Added Purpose). കെഎസ്ആർടിസിയുടെ ഉടമസ്ഥതയിലാണ് ബസ്. നവകേരള സദസിന്‍റെ എറണാകുളത്തെ പര്യടനം കൂടി പൂർത്തിയായശേഷമാണ് ബസ് കെഎസ്ആർടിസിക്ക് വിട്ടുകൊടുത്തത്. ബസിന്‍റെ പരിപാലന ചുമതല കെഎസ്ആർടിസിക്കാണ്.

സ്വകാര്യ ആഡംബര ടൂറിസ്റ്റ് ബസുകളെക്കാൾ കുറവായിരിക്കും വാടക തുക. ബസ് വാടകയ്ക്ക് കിട്ടുമോ എന്നു ചോദിച്ച് ഇതുവരെ എഴുന്നൂറിലധികം പേർ അധികൃതരെ വിളിച്ചതായാണ് വിവരം. 1.15 കോടി മുടക്കിയാണ് ഭാരത് ബെൻസിന്‍റെ ബസ് വാങ്ങിയത്. 25 പേർക്കുള്ള ഇരിപ്പിടമാണ് ബസിലുള്ളത്. ശുചിമുറിയുള്ള ബസുകൾ സംസ്ഥാനത്ത് കുറവാണ്.

നവ കേരള സദസുമായി ബന്ധപ്പെട്ട ഏറെ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയത് നവകേരള ബസ് ആയിരുന്നു. ഇത്രയും തുക മുടക്കി എന്തിന് ബസ് വാങ്ങിയെന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ മുഖ്യ ആരോപണം. സിപിഎം നേതാവ് എകെ ബാലന്‍ ഉള്‍പ്പെടെയുള്ളവര്‍ അന്ന് തന്നെ യാത്ര കഴിഞ്ഞാല്‍ ബസ് വിനോദ സഞ്ചാര മേഖലയ്ക്ക് മുതല്‍ക്കൂട്ടാകുമെന്ന് പ്രഖ്യാപിച്ചിരുന്നു.

ABOUT THE AUTHOR

...view details