തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിൽ നടത്തുന്ന നവകേരള സദസിന്‍റെ സ്പെഷ്യൽ ബസിനായി ട്രഷറി നിയന്ത്രണം മറികടന്ന് പണം അനുവദിച്ച് സർക്കാർ ഉത്തരവ്. ബസിനായി 1.5 കോടി അനുവദിച്ചാണ് സർക്കാർ ഉത്തരവിറക്കിയിരിക്കുന്നത്. നവംബർ 10നാണ് ഇത് സംബന്ധിച്ച ഉത്തരവ് ഇറങ്ങിയത് (Money allocation issue related to Nava Kerala Sadas special bus).
ഇൻഫർമേഷൻ ആൻറ് പബ്ലിസിറ്റി വകുപ്പിന്‍റെ ചെലവിലാണ് പണം ഉൾപ്പെടുത്തിയിരിക്കുന്നതെന്നാണ് ഉത്തരവിൽ പറയുന്നത്. ആഢംബര ബസിന്‍റെ പണി ബെംഗളൂരുവിൽ പുരോഗമിക്കുന്നതായാണ് വിവരം. നേരത്തെ നവകേരള സദസിന് ഉപയോഗിക്കുന്നത് രൂപമാറ്റം വരുത്തിയ കെഎസ്ആർടിസി ബസാണെന്ന റിപ്പോർട്ടുകൾ ഉയർന്നിരുന്നു.
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യാത്രയ്ക്കായി സ്വിഫ്റ്റ് ജീവനക്കാരുടെ കരുതൽ ധനം ഉപയോഗിച്ചു വാങ്ങിയ ഹൈബ്രിഡ് നോൺ എ സി സീറ്റർ കം സ്ലീപ്പർ ബസ് രൂപമാറ്റം വരുത്തുമെന്നായിരുന്നു റിപ്പോർട്ട്. സീറ്റുകളുടെ എണ്ണം കുറച്ച് എ സി സ്ഥാപിക്കുകയും ചെയ്യും. എന്നാൽ സ്വിഫ്റ്റ് ബസുകൾ മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കരുതെന്ന കിഫ്‌ബി കരാർ നിലനിൽക്കുന്നതിനാലാണ് സ്വിഫ്റ്റ് ജീവനക്കാരുടെ കരുതൽ ധനം ഉപയോഗിച്ചു വാങ്ങിയ ഹൈബ്രിഡ് ബസ് രൂപമാറ്റം വരുത്തുന്നതെന്നും വിവരം ലഭിച്ചിരുന്നു. ഇത്തരത്തിൽ രൂപമാറ്റം വരുത്തുന്നതിന് മാനേജ്മെന്‍റ് സ്വകാര്യ കമ്പനിയെ ചുമതലപ്പെടുത്തിയിരുന്നു.
കേരളീയം, നവകേരള സദസ് പരിപാടികൾക്കെതിരെ അടുത്തിടെ രൂക്ഷവിമർശനങ്ങൾ ഉയർന്നിരുന്നു. കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ഈ ഘട്ടത്തിൽ ധൂർത്ത് നടത്തി അധിക ചെലവ് വരുത്തുകയാണെന്ന് രാഷ്‌ട്രീയ നേതാക്കൾ അഭിപ്രായപ്പെട്ടിട്ടുണ്ട് (Economic crisis of Kerala).