തിരുവനന്തപുരം : മാലിന്യത്തില്‍ നിന്നും പ്രകൃതി വാതകം (Natural Gas From Waste) ഉത്പാദിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍ (Government is preparing to produce Natural gas from Waste). കഴിഞ്ഞ മാസം ചേര്‍ന്ന തദ്ദേശ മന്ത്രിയുടെയും വ്യവസായ മന്ത്രിയുടെയും യോഗത്തിലാണ് തീരുമാനം. ഇതു സംബന്ധിച്ച് തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. ബിപിസിഎല്‍, ഗെയ്ല്‍ എന്നീ കമ്പനികളെയാണ് പ്ലാന്‍റുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏല്‍പ്പിക്കാന്‍ ഒരുങ്ങുന്നത്.
കുറഞ്ഞത് പ്രതിദിനം 100 ടണ്‍ സംസ്‌കരണ ശേഷിയുള്ള പ്ലാന്‍റുകള്‍ സ്ഥാപിക്കാനാണ് തീരുമാനം. ആവശ്യമായ മാലിന്യം ലഭിക്കില്ലെന്ന വിലയിരുത്തലില്‍ ഇടുക്കി, പത്തനംതിട്ട, കാസര്‍കോട്, വയനാട് ജില്ലകളില്‍ പ്ലാന്‍റുകള്‍ ആരംഭിക്കില്ല. കൊച്ചി ബ്രഹ്മപുരത്ത് വരുന്ന മാലിന്യ പ്ലാന്‍റിന്‍റെ ചുമതല ബിപിസിഎല്ലിന് തന്നെ നല്‍കും. കണ്ണൂരും കോഴിക്കോടും നിലവിലുള്ള മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ തുടരുകയാണെങ്കില്‍ പ്ലാന്‍റുകള്‍ പരിഗണിക്കില്ല.
പ്ലാന്‍റുകള്‍ നിലവില്‍ വന്നാല്‍ മാലിന്യത്തില്‍ നിന്ന് കംപ്രസ്‌ഡ് ബയോഗ്യാസും ജൈവ വളവും ഉത്പാദിപ്പിക്കപ്പെടും. ഇത് കമ്പനികള്‍ക്ക് വിതരണം ചെയ്യാനാണ് നിലവില്‍ തീരുമാനിച്ചിരിക്കുന്നത്. പ്ലാന്‍റില്‍ നിന്ന് ലഭിക്കുന്ന ജൈവ വളവും വിപണിയിലെത്തിക്കാനാണ് തീരുമാനം. ഇതിനായി ഫാക്‌ട് എന്ന കമ്പനിയെ ചുമതലപ്പെടുത്താനാണ് ധാരണ.
കരാര്‍ ലഭിക്കുന്ന കമ്പനികള്‍ക്കാകും നിര്‍മാണ ചെലവും ചുമതലയും. പ്ലാന്‍റുകളുടെ നിര്‍മാണത്തിന് ആവശ്യമായ സ്ഥലവും പ്രവര്‍ത്തനത്തിന് ആവശ്യമായ വെള്ളവും വൈദ്യുതിയും സര്‍ക്കാര്‍ നല്‍കും. പ്ലാന്‍റിലേക്ക് മാലിന്യം തരം തിരിച്ച് എത്തിക്കാനുള്ള ചുമതല നഗരസഭകള്‍ക്കും മുനിസിപ്പാലിറ്റികള്‍ക്കുമാണ്.