തിരുവനന്തപുരം: കൊവിഡ് കാലഘട്ടത്തിൽ സർക്കാരിന്‍റെ പ്രതിച്ഛായ വർധിപ്പിച്ച വലിയ മുന്നേറ്റമായിരുന്നു 20 രൂപ നിരക്കിൽ ഉച്ചഭക്ഷണം വിതരണം ചെയ്യുന്ന ജനകീയ ഹോട്ടലുകൾ. കുടുംബശ്രീയുമായി സഹകരിച്ച് ആരംഭിച്ച പദ്ധതിക്ക് ദേശീയ തലത്തിൽ വലിയ പ്രശംസയാണ് ലഭിച്ചിരുന്നത്. എന്നാൽ, സർക്കാരിന്‍റെ പ്രതിച്ഛായ ഉയർത്തിയ ഈ പദ്ധതിയെ സർക്കാർ കയ്യൊഴിഞ്ഞതോടെ കുടുംബശ്രീ പ്രവർത്തകർ കടക്കെണിയിലും ഹോട്ടലുകൾ പൂട്ടലിലേക്കുമാണ് കടക്കുന്നത്.
നഗരത്തിലെ ആദ്യത്തെ ജനകീയ ഹോട്ടലാണ് തിരുവനന്തപുരം ഓവർ ബ്രിഡ്‌ജിലെ അനന്തപുരി കഫേ ജനകീയ ഹോട്ടൽ. 1700 ലധികം ഊണുകളാണ് ഇവിടെ നിന്ന് വിറ്റ് പോയിരുന്നത്. ജനങ്ങൾ വലിയ രീതിയിൽ ഉപയോഗപ്പെടുത്തിയിരുന്നു എന്നതിന്‍റെ തെളിവാണിത്.
ശേഷിക്കുന്നത് മോഹന വാഗ്‌ദാനങ്ങള്‍ മാത്രം: എന്നാൽ, ബില്ല് അടയ്ക്കാത്തതിനെ തുടർന്ന് കെ എസ് ഇ ബി വൈദ്യുതി വിച്ഛേദിച്ചതോടെ ഒരാഴ്‌ചയായി ഹോട്ടൽ അടച്ചിട്ടിരിക്കുകയാണ്. 20 രൂപ ഊണിൽ 10 രൂപ സർക്കാർ സബ്‌സിഡി എന്ന വ്യവസ്ഥയുടെ ബലത്തിലാണ് ഇവിടെ ജനകീയ ഹോട്ടൽ കുടുംബശ്രീ പ്രവർത്തകരായ 10 പേർ ചേർന്ന് ആരംഭിക്കുന്നത്. സപ്ലൈകോയിൽ നിന്ന് സബ്‌സിഡി നിരക്കിൽ സാധനങ്ങൾ എത്തിച്ച് നൽകാമെന്നും വൈദ്യുതി നിരക്ക് അടയ്ക്കാമെന്നും ഉൾപ്പെടെ, മോഹന വാഗ്‌ദാനങ്ങളാണ് ഹോട്ടൽ ആരംഭിച്ചപ്പോൾ ഇവർക്ക് ലഭിച്ചത്.
നാല് വർഷമായി സ്വന്തം വരുമാനത്തിൽ നിന്നുമാണ് കറന്‍റ് ചാർജ് അടയ്ക്കുന്നത്. ഏഴര മാസത്തെ ഊണിന്‍റെ സബ്‌സിഡിയായി 13,20,000 രൂപയിലധികമാണ് സർക്കാരിൽ നിന്നും ലഭിക്കാനുള്ള കുടിശ്ശിക. ഇതിന് മുൻപ് രണ്ട് തവണ കുടിശ്ശിക മുടക്കിയതിനാൽ ഹോട്ടലിന്‍റെ വൈദ്യുതി വിച്ഛേദിച്ചിട്ടുണ്ട്. 13,000 രൂപയുടെ കുടിശ്ശിക വരുത്തിയതിനാണ് ഇപ്പോൾ വൈദ്യുതി വിച്ഛേദിച്ചിരിക്കുന്നത്.