തിരുവനന്തപുരം:നെടുമ്പാശ്ശേരി അപകടവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍റേത് രാഷ്ട്രീയ മര്യാദക്ക് നിരക്കാത്ത നിലപാടാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. പ്രതിപക്ഷ നേതാവ് കുത്തിതിരിപ്പ് പ്രസ്താവന നടത്തരുതെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
എറണാകുളത്ത് ദേശീയപാതയിലെ കുഴിയിൽ വീണ് ഹോട്ടൽ തൊഴിലാളി മരിച്ച സംഭവത്തിൽ മന്ത്രിക്കെതിരെ വിഡി സതീശൻ വിമർശനം ഉന്നയിച്ചിരുന്നു. സാധാരണ ഗതിയില്‍ പ്രീ മണ്‍സൂര്‍ പീരിയഡില്‍ റോഡുകളില്‍ പണി നടക്കും. എന്നാല്‍ ഇത്തവണ അത് ഉണ്ടായിട്ടില്ലെന്നും സതീശൻ വിമർശനം ഉന്നയിച്ചിരുന്നു.
'വിഡി സതീശന്‍ വസ്തുത മനസിലാക്കി പ്രതികരിക്കണം': നെടുമ്പാശേരിയിലേത് ദൗർഭാഗ്യകരമായ സംഭവമാണെന്ന് പറഞ്ഞ മുഹമ്മദ് റിയാസ് പ്രതിപക്ഷ നേതാവ് ഒരു മരണത്തെ പോലും സർക്കാരിനെതിരെ തിരിച്ചുവിടാൻ ശ്രമിക്കുന്നതായും ആരോപിച്ചു. പ്രതിപക്ഷ നേതാവിനെ പഠിപ്പിക്കാൻ താൻ ഉദ്ദേശിക്കുന്നില്ല. എന്നാൽ അദ്ദേഹം വസ്തുതകൾ മനസിലാക്കി സംസാരിക്കണം.
ഏത് വകുപ്പിന്‍റെ റോഡ് ആണെങ്കിലും കുഴികൾ ഉണ്ടാകരുത്. കേരളം ഉണ്ടായ അന്ന് മുതൽ റോഡുകളിൽ കുഴിയുണ്ടെന്നും പറഞ്ഞ് കയ്യും കെട്ടി നോക്കി നിൽക്കാനാവില്ല. ഡിഎൽപി ബോർഡ് പ്രസിദ്ധപ്പെടുത്തിയതോടെ പൊതുമാരാമത്ത് റോഡുകളിൽ നില മെച്ചപ്പെട്ടു. ദേശീയപാതയുടെ വലിയൊരു ഉത്തരവാദിത്വവും കേന്ദ്രത്തിനാണ്. ഈ റോഡുകളിൽ ഇടപെടുന്നതിന് പരിമിതി ഉണ്ട്.