കേരളം

kerala

ETV Bharat / state

ശരണം വിളിച്ച് മോദി, കലാശം കൊട്ടേണ്ടെന്ന് കമ്മിഷൻ

കൈകൾ മുകളിലേക്ക് ഉയർത്തി ശരണം വിളിച്ച മോദി എല്‍ഡിഎഫിനേയും യുഡിഎഫിനേയും രൂക്ഷമായി വിമർശിച്ചു. ഇരു മുന്നണികളും ഏഴ് പാപങ്ങൾ കഴിഞ്ഞ കാലങ്ങളില്‍ നടത്തിയെന്ന് പറഞ്ഞ മോദി, അവ വിശദീകരിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പിന് മൂന്ന് ദിവസം മാത്രം ശേഷിക്കെ മുൻ വർഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി വിധി പ്രവചിക്കാനാകാത്ത മണ്ഡലങ്ങളുടെ എണ്ണം വർധിക്കുകയാണ്. 20ഓളം മണ്ഡലങ്ങളില്‍ അതിശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്.

Election Special  narendra modi kerala visit  ശരണം വിളിച്ച് മോദി  നരേന്ദ്ര മോദി  കേരളാ തെരഞ്ഞെടുപ്പ്  നിയമസഭാ തെരഞ്ഞെടുപ്പ് 2021  election commission bans kalashakottu
ശരണം വിളിച്ച് മോദി, കലാശം കൊട്ടേണ്ടെന്ന് കമ്മിഷൻ

By

Published : Apr 2, 2021, 8:32 PM IST

കേരളത്തില്‍ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണം ഞായറാഴ്ച വൈകിട്ട് അവസാനിക്കാനിരിക്കെ ശക്തമായ ത്രികോണ മത്സരത്തിന് അവസരമൊരുക്കി മുന്നണികൾ. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കോന്നിയില്‍ ശരണം വിളിച്ചാണ് പ്രചാരണ പരിപാടിയിലെ പ്രസംഗത്തിന് തുടക്കമിട്ടത്. സാഹോദര്യത്തിന്‍റെയും ആത്മീയതയുടേയും മണ്ണില്‍ എത്താൻ സാധിച്ചതില്‍ സന്തോഷമെന്ന് പറഞ്ഞ മോദി ക്ഷേത്രങ്ങളുടെ പേരുകൾ എടുത്തുപറഞ്ഞും പ്രസംഗം കൊഴുപ്പിച്ചു. കൈകൾ മുകളിലേക്ക് ഉയർത്തി ശരണം വിളിച്ച മോദി എല്‍ഡിഎഫിനേയും യുഡിഎഫിനേയും രൂക്ഷമായി വിമർശിച്ചു. ഇരു മുന്നണികളും ഏഴ് പാപങ്ങൾ കഴിഞ്ഞ കാലങ്ങളില്‍ നടത്തിയെന്ന് പറഞ്ഞ മോദി, അവ വിശദീകരിക്കുകയും ചെയ്തു.

അതേസമയം, നാളെ തിരുവനന്തപുരത്ത് പ്രചാരണത്തിന് എത്തുമെന്ന് അറിയിച്ച പ്രിയങ്ക ഗാന്ധി കൊവിഡ് നിരീക്ഷണത്തിലായതിനാല്‍ നേമം കഴക്കൂട്ടം മണ്ഡലങ്ങളിലെ പ്രചാരണത്തിന് എത്തില്ല എന്ന് അറിയിച്ചു. പകരം രാഹുല്‍ ഗാന്ധി നേമത്ത് പ്രചരണത്തിന് എത്തുമെന്നാണ് സൂചന. തെരഞ്ഞെടുപ്പിന് മൂന്ന് ദിവസം മാത്രം ശേഷിക്കെ മുൻ വർഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി വിധി പ്രവചിക്കാനാകാത്ത മണ്ഡലങ്ങളുടെ എണ്ണം വർധിക്കുകയാണ്. 20ഓളം മണ്ഡലങ്ങളില്‍ അതിശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്. ത്രികോണ മത്സരത്തിന് പുറമെ ശക്തരായ സ്ഥാനാർഥികളും ഇളക്കി മറിച്ച പ്രചാരണവുമാണ് കൊവിഡ് കാലത്തും തെരഞ്ഞെടുപ്പിനെ പ്രവചനാതീതമാക്കുന്നത്.

അതിനിടെ, ഇരട്ടവോട്ട് ആരോപണത്തിന് പിന്നാലെ കെഎസ്ഇബി അദാനിയുമായി കരാറില്‍ ഏർപ്പെട്ടുവെന്ന ആരോപണവും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ചു. അദാനിയില്‍ നിന്ന് വൈദ്യുതി വാങ്ങാൻ 8850 കോടി രൂപയുടെ 25 വർഷത്തേക്കുള്ള കരാറില്‍ ഏർപ്പെട്ടുവെന്നും അതുവഴി അദാനിക്ക് ആയിരം കോടി രൂപയുടെ ലാഭം ഉണ്ടാകാൻ പോകുകയാണെന്നും ചെന്നിത്തല ആരോപിച്ചു. എന്നാല്‍ ചെന്നിത്തലയുടെ ആരോപണങ്ങളെ മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും കെഎസ്‌ഇബിയും തള്ളി. വൈദ്യുതി ബോർഡ് ഉണ്ടാക്കിയ കരാറുകളുടെ എല്ലാ വിവരങ്ങളും കെഎസ്ഇബി വെബ്സൈറ്റിലുണ്ടെന്നും പ്രതിപക്ഷ നേതാവ് കഥ അറിയാതെ ആട്ടം കാണുകയാണെന്നും മന്ത്രി എംഎം മണി മറുപടി പറഞ്ഞു. കരാർ സോളാര്‍ എനര്‍ജി കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുമായിട്ടാണെന്നും അദാനിയുമായി കരാര്‍ ഇല്ലെന്നുമാണ് കെഎസ്ഇബി ചെയർമാൻ പ്രതികരിച്ചത്. അതോടൊപ്പം പ്രളയത്തെ സംബന്ധിച്ച് പ്രതിപക്ഷ നേതാവ് ഉയർത്തിയ ആരോപണങ്ങളെയും മുഖ്യമന്ത്രി തള്ളിക്കളഞ്ഞു. വെള്ളപ്പൊക്കത്തിന് കാരണമായത് അതിതീവ്രമഴയാണെന്നും ഫലപ്രദമായ ഡാം മാനേജ്‌മെന്‍റ് മൂലം പ്രളയത്തിന്‍റെ ആഘാതം കുറയ്ക്കാൻ കഴിഞ്ഞെന്നും പിണറായി വിജയൻ പറഞ്ഞു.

ഓരോ തെരഞ്ഞെടുപ്പ് കാലത്തും പ്രചാരണം അവസാനിക്കുന്ന ദിവസം നടത്തുന്ന കലാശക്കൊട്ട് പാർട്ടി പ്രവർത്തകർക്ക് ആവേശമാണ്. എന്നാല്‍ കൊവിഡ് പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ കലാശക്കൊട്ടിന് തെരഞ്ഞെടുപ്പ് കമ്മിഷൻ വിലക്ക് ഏർപ്പെടുത്തി. ഉച്ചഭാഷിണിക്കും അനൗൺസ്‌മെന്‍റിനും ബൈക്ക് റാലികൾക്കും നിയന്ത്രണമുണ്ട്. ആൾക്കൂട്ടം ഉണ്ടാകുന്ന തരത്തില്‍ കലാശക്കൊട്ട് അനുവദിക്കില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നിലപാട്. അതോടെ പരസ്യ പ്രചാരണം അവസാനിക്കുന്ന ഞായറാഴ്ച വീടുകൾ കയറിയുള്ള പ്രചാരണത്തിലേക്ക് രാഷ്ട്രീയ പാർട്ടികൾ നീങ്ങേണ്ടി വരും.

ABOUT THE AUTHOR

...view details