എറണാകുളം :നാർക്കോട്ടിക്ക് ജിഹാദ് പരാമർശത്തെ തുടർന്നുണ്ടായ വിവാദത്തിൽ സർക്കാറിന് ദുരൂഹമായ അജണ്ടയുണ്ടെന്ന് സംശയിക്കുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. വിവാദം തുടരട്ടെയെന്ന് സി.പി.എമ്മും സർക്കാരും കരുതുന്നതായി സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നാർക്കോട്ടിക്ക് ജിഹാദ് വിവാദത്തിൽ സർക്കാറിന് ദുരൂഹമായ അജണ്ടയുണ്ടെന്ന് പ്രതിപക്ഷ നേതാവ് സമൂഹ മാധ്യമങ്ങളിലൂടെ വർഗീയ വിദ്വേഷം പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടിയെടുക്കാത്ത ഇന്ത്യയിലെ ഏക സർക്കാരാണ് കേരളത്തിലുള്ളത്. വർഗീയ ചേരിതിരിവിന് അയവുവരുത്താൻ സർക്കാർ ശ്രമിക്കാത്ത സാഹചര്യത്തിലാണ് പ്രതിപക്ഷം സമുദായ നേതാക്കളുമായി ചർച്ച നടത്തുന്നത്. പാര്‍ട്ടി സെക്രട്ടറിയ്‌ക്കോ, സി.പി.എമ്മിനോ ഈ വിഷയത്തിൽ ഒരഭിപ്രായവുമില്ല.
ALSO READ:സ്‌കൂള്‍ തുറക്കുമ്പോള്‍ ഷിഫ്റ്റ് സമയക്രമം എങ്ങനെ? എന്തൊക്കെയാണ് മാറ്റങ്ങള്‍?
വിവാദങ്ങൾക്ക് പിന്നിൽ സംഘപരിവാർ അജണ്ടയാണ്. അത് രണ്ട് സമുദായങ്ങളെ ഭിന്നിപ്പിക്കുക എന്നതാണ്. സർക്കാർ പ്രശ്‌ന പരിഹാരത്തിന് നടത്തുന്ന ഏത് ശ്രമങ്ങൾക്കും പ്രതിപക്ഷം പിന്തുണ നൽകും. സർക്കാർ ചെയ്യാത്തതിനാലാണ് തങ്ങൾ സമവായ ശ്രമങ്ങളുമായി മുന്നോട്ടുപോകുന്നത്.
ആരോപണങ്ങളെക്കുറിച്ച് അന്വേഷണം നടത്തി സത്യം ബോധ്യപ്പെടുത്തേണ്ടത് സർക്കാരാണ്. താമരശേരി രൂപതയുമായി ബന്ധപ്പെട്ട വിവാദം രമ്യമായി പരിഹരിക്കാൻ പ്രതിപക്ഷത്തിന് കഴിഞ്ഞെന്നും വി.ഡി സതീശന്‍ പറഞ്ഞു.
സംഘടനാപരമായ കാര്യങ്ങൾ പൊതുചർച്ചയ്ക്ക് വിട്ട് കൊടുത്തിട്ടില്ലെന്ന്, വെള്ളാപ്പള്ളിയുടെ വിമർശനത്തോട് അദ്ദേഹം പ്രതികരിച്ചു. കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.