തിരുവനന്തപുരം: നർകോട്ടിക് ജിഹാദ് വിവാദത്തിൽ പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെ പിന്തുണച്ച് ദീപിക മുഖപ്രസംഗം. അപ്രിയ സത്യങ്ങൾ ആരും പറയരുതെന്നോ എന്ന തലക്കെട്ടിലുള്ള ലേഖനത്തിൽ, സമൂഹ നന്മയും സമുദായഭദ്രതയും കാംക്ഷിക്കുന്ന ആളുകൾക്ക് ചിലപ്പോൾ അപ്രിയ സത്യങ്ങൾ തുറന്നു പറയേണ്ടിവരുമെന്നാണ് പറയുന്നത്.
യുവജനങ്ങളെ മയക്കുമരുന്ന് നൽകി വശീകരിച്ച് നശിപ്പിക്കുന്ന നാർക്കോട്ടിക് ജിഹാദ് വ്യാപകമായി നടക്കുന്നുണ്ടെന്ന് ബിഷപ്പ് ചൂണ്ടിക്കാട്ടിയത് മറ്റേതെങ്കിലും മതത്തോടുള്ള വിരോധം കൊണ്ടല്ല. നമ്മുടെ കുഞ്ഞുങ്ങൾ നമുക്ക് നഷ്ടപ്പെടരുത് എന്ന ചിന്ത മാത്രമാണ് ഇതിനു പിന്നിൽ. ഇതുകേട്ട് മറ്റുള്ളവർ ഉറഞ്ഞുതുള്ളുന്നത് എന്തിനാണെന്നും ലേഖനത്തിൽ ചോദിക്കുന്നു.
സമുദായ സൗഹാർദം തകർക്കാൻ ബിഷപ്പ് ശ്രമിച്ചുവെന്ന ആരോപണവും ദീപിക തള്ളുന്നു. സമുദായ സൗഹാർദത്തിന്‍റെ അതിർവരമ്പുകൾ നിശ്ചയിക്കുന്നത് ആരാണ് ?. ചുറ്റിലും നടക്കുന്ന കൊള്ളരുതായ്മകൾ കണ്ടില്ലെന്നു നടിച്ചു മിണ്ടാതിരുന്നാൽ എല്ലാവർക്കും സ്നേഹവും സന്തോഷവുമാണെന്നും മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു.