"ഒരു നിമിഷമേ കയ്യിൽ ഉള്ളൂ എങ്കിൽ ഒരു നിമിഷം.. പുകയരുത്..ജ്വലിക്കണം...!! ഇനിയും എന്തൊക്കെ നേരിടേണ്ടി വന്നാലും ഞാൻ പൂർവാധികം ശക്തിയോടെ മുന്നോട്ടുതന്നെയാണ്.... എന്‍റെ വാക്കുകളും അനുഭവങ്ങളും കൊണ്ട് ഒരാളുടെ ജീവിതത്തിലെങ്കിലും പ്രത്യാശ നൽകാൻ കഴിഞ്ഞാൽ ഞാൻ ധന്യനാണ്.. എന്‍റെ ഹൃദയങ്ങൾ, നിങ്ങളൊക്കെ തരുന്ന ഊർജവും സ്നേഹവും പ്രാർഥനകളുമാണ് ഈയുള്ളവന്‍റെ കൈമുതൽ.." തീയാകണം. എന്നിട്ട് ആളിപ്പടരണമെന്ന് ഉറക്കെ വിളിച്ചുപറഞ്ഞ പോരാളി. ഒരു നിറഞ്ഞ പുഞ്ചിരിയുമായാണ് ആ ഇരുപത്തിയേഴ് വയസുകാരൻ മറയുന്നത്. നന്ദുവിന്‍റെ പ്രായത്തിന് വലിപ്പമില്ലെങ്കിലും അയാൾ മനുഷ്യര്‍ക്കാകെ പ്രചോദനമാണ്.
'ഒരു നിമിഷമെങ്കില്‍ ഒരു നിമിഷം, പുകയരുത് ജ്വലിക്കണം'; നന്ദുവിനോട് മരണം തോല്‍ക്കുന്നു 24-ാം വയസിലാണ് നന്ദു മഹാദേവയെ, പ്രണയിനിയെന്ന് താൻ വിളിക്കുന്ന കാൻസർ തേടിയെത്തുന്നത്. മുട്ടുവേദനയിൽ തുടങ്ങിയ കാൻസർ കാല്‍ നഷ്ടപ്പെടുത്തിയ ശേഷം ശ്വാസകോശത്തിലേക്കും പടർന്നു. കോശങ്ങളെ കാർന്നുതിന്ന് ശരീരത്തില്‍ ആധിപത്യം സ്ഥാപിക്കുമ്പോഴും നന്ദുവിന്‍റെ മനസിനെ കാൻസറിന് കീഴടക്കാൻ കഴിഞ്ഞിരുന്നില്ല.
മൂന്നുവർഷം മുന്‍പത്തെ വിഡ്ഢി ദിനത്തിലാണ് നന്ദുവിന്‍റെ ജീവിതം മാറിയൊഴുകാന്‍ തുടങ്ങിയത്. ആദ്യമതൊരു ഞെട്ടലായിരുന്നു. എന്നാൽ കടുത്ത പരീക്ഷണാധ്യായങ്ങളിലൂടെ കടന്നുപോകുമ്പോഴും അപ്രതീക്ഷിത അതിഥിയെ രാക്ഷസിയെന്നോ ക്രൂരയെന്നോ വിശേഷിപ്പിച്ചില്ല, പകരം അതിനെയുള്‍ക്കൊണ്ട് പ്രണയിനിയായി വിശേഷിപ്പിച്ചു.
രോഗം ആരെയും അറിയിക്കേണ്ടന്നല്ല, എന്തിനാണ് മറച്ചുവയ്ക്കുന്നതെന്നാണ് നന്ദു ചിന്തിച്ചത്. ഇതൊരു മഹാരോഗമല്ല, ചെറിയൊരു ജലദോഷമെന്നാണ് റിസൾട്ട് അറിഞ്ഞ ശേഷം നന്ദു പതിയെ ഉൾക്കൊണ്ടത്.
എന്തിനെയും പോസിറ്റീവായി കാണുന്ന നന്ദു അങ്ങനെ പതിയെ അതിജീവനത്തിന്‍റെ ചുവടുകളിലേക്ക് മാറി. കാൻസർ ജീവിതത്തിന്‍റെ ഫുൾസ്റ്റോപ്പല്ലെന്ന് സ്വയം വിശ്വസിച്ചു. അതിനെ ഉയർത്തിക്കാട്ടി ചുറ്റിനുള്ളവർക്കും നന്ദു മഹാദേവ ദൃഢതയുടെ ജ്വലനമായി.
"എന്നിൽ സ്നേഹം മാത്രമേയുള്ളൂ., അപൂർവ്വം ചിലർക്കെങ്കിലും അത് അനുഭവപ്പെട്ടിട്ടില്ലെങ്കിൽ അത് നിങ്ങളെന്‍റെ ഹൃദയത്തിനുള്ളിലേക്ക് എത്തിനോക്കാന്‍ ധൈര്യപ്പെടാത്തത് കൊണ്ട് മാത്രമാണ്.. എന്‍റെയുള്ളിലേക്ക് എത്തിനോക്കാന്‍ ധൈര്യപ്പെടുന്നവരുടെ ഹൃദയത്തിലേക്ക് എന്‍റെയും സ്നേഹം ഒഴുകിയെത്തിയിരിക്കും...
ചെറിയ ജീവിതത്തിലെ വലിയ അനുഭവങ്ങൾ... വേദനയുടെ കോശങ്ങൾ ഇരട്ടിച്ച് ഇരട്ടിച്ച് കുത്തിനോവിപ്പിക്കുമ്പോൾ പലപ്പോഴും നന്ദുവിന് ഉറക്കമിളച്ച് രാത്രികളെ മറികടക്കേണ്ടി വന്നു. ഒരു വാക്കത്തിയോ ആയുധമോ അടുത്ത് വയ്ക്കുന്നത് പോലും അമ്മയ്‌ക്ക് പേടിയായിരുന്നു... ഒരു അവയവം തന്നെ ശത്രുവെന്ന് തോന്നിയ നിമിഷങ്ങൾ.
ആർസിസിയിലെ വേദന തിന്ന ദിവസങ്ങളിൽ നിന്നും താൻ തിരിച്ചുവരുമെന്ന് സ്വന്തം മനസിനോട് പറഞ്ഞ് അത് ലോകത്തിന് പല പ്രാവശ്യം നന്ദു കാട്ടിക്കൊടുത്തു.
വേദന അസഹനീയമാകുമ്പോഴും കീമോ വാർഡിൽ നിന്ന് നന്ദു പാട്ടുപാടിയും അതിജീവിക്കുന്നവർക്ക് ആശംസയറിയിച്ചും കാന്‍സറിനെ ധൈര്യം കൊണ്ട് കീഴ്പ്പെടുത്തിക്കൊണ്ടേയിരുന്നു.. ആ സമയത്ത് ഒരു മൂളിപ്പാട്ടെങ്കിലും പാടാനാകുന്നത് ആ പോരാളിക്ക് വലിയ വിജയമായിരുന്നു. താനിനി ഒരിക്കലും പാടില്ലെന്ന് വിധിയെഴുതിയതാണ്... ശ്വാസം മുട്ടിയാൽ ഓക്സിജൻ സിലിണ്ടർ വാടകയ്ക്കെടുത്ത് അതുവച്ചു പാടുമെന്ന് അവന്‍ തറപ്പിച്ചുപറഞ്ഞു.
ഓർമകളും ഒപ്പം നിന്നവരും നന്ദുവിന്‍റെ മുന്നേറ്റത്തിനുള്ള പാതയൊരുക്കി. അതിലേക്ക് അയാൾ കുതിച്ചുകയറുകയായിരുന്നു ഒരു കാലിനെ രോഗം എടുത്തു കഴിഞ്ഞപ്പോഴും... "ഞാൻ ഈ ഒറ്റക്കാലും വച്ച് സമുദ്ര നിരപ്പിൽ നിന്ന് 3080 അടി ഉയരെയുള്ള പാഞ്ചാലിമേട് ചുറുചുറുക്കോടെ കയറി.. അതും വെറും 20 മിനിറ്റ് കൊണ്ട്..." ഉയിരോടെ ഉണ്ടെങ്കിൽ ഒരുനാൾ ഹിമാലയവും കയറുമെന്ന ആ നിശ്ചയദാർഢ്യത്തോട് ശരിക്കും ശരീരത്തിനകത്ത് ഒളിച്ചുതാമസിച്ച ഭീരുക്കളായ കാൻസർ കോശങ്ങൾ പല തവണ അടിയറവ് പറഞ്ഞിട്ടുണ്ട്.
നന്ദുവിന്‍റെ മോളിക്കുലാർ ടെസ്റ്റ് റിസൾട്ട് ഡോക്ടർമാർക്കും ഒരു ഞെട്ടലായിരുന്നു. കോടാനുകോടിയുള്ള കാൻസർ രോഗികളിൽ കാണുന്ന അപൂർവയിനം കോശവളർച്ച... പുതിയൊരു വകഭേദം. പുതിയതായി മെഡിക്കൽ സയൻസിൽ പേര് ചേർക്കപ്പെട്ട നന്ദുവിന്‍റെ കാൻസറിന് ഒരുനാൾ മരുന്ന് കണ്ടുപിടിക്കപ്പെടുമെന്ന് ആ ചെറുപ്പക്കാരൻ കണക്കുകൂട്ടിയിട്ടുണ്ട്. പ്രതിസന്ധിഘട്ടത്തിലും ശുഭാപ്തിയോടെ പോരിടാൻ ലോകത്തിന് മുന്നിൽ വയ്ക്കുന്ന വലിയൊരു പ്രതീക്ഷ കൂടിയാണത്.
പാട്ടുകളും വീഡിയോകളുമായി വീട്ടിലെ അതിജീവനകാലം പിന്നിടുമ്പോൾ ലൈക്കുകളും ആശംസകളുമായി നന്ദൂട്ടന്‍റെ 'ചങ്കുകളും' നവമാധ്യമങ്ങളിൽ ആ ചങ്കൂറ്റത്തിനൊപ്പം കൂടി. എന്നും വിളിച്ച് കുശലാന്വേഷണം നടത്താനും കുറേ കുറേ സുഹൃത്തുക്കളുണ്ടായിരുന്നു. ഫേസ്ബുക്കിലെ പഴയ ഫോട്ടോകൾ കുത്തിപ്പൊക്കിയപ്പോൾ പണ്ടത്തെ നന്ദുവിനെയും ചികിത്സയ്ക്ക് ശേഷം മുടി പോയ നന്ദുവിനെയും അതിജീവിച്ച നന്ദുവിനെയുമെല്ലാം ഒളിച്ചുവക്കാതെ അയാൾ ചാലഞ്ചാക്കി.
പ്രശസ്തിയിൽ ഒരു കാര്യവുമില്ല, ഹൃദയത്തോട് ചേർത്തുവയ്ക്കാവുന്ന ബന്ധങ്ങളാണ് വലുത്... "നന്ദു ആരാണെന്ന് ചോദിച്ചാൽ മ്മടെ വീട്ടിലെ കൊച്ചിനെ പോലെയാണെന്ന് പറയുന്ന ആ അംഗീകാരത്തോളം വലുതല്ല ഒരു അംഗീകാരവും.." കാൻസർ തനിക്ക് സമ്മാനിച്ച ചില നേട്ടങ്ങൾ.
"നമ്മളെ വളരെ ദയനീയമായി നോക്കിയിരുന്നവരിൽ നിന്നു തന്നെ ആ മൊതല് വേറെ ലെവലാണെന്ന് പറഞ്ഞുകേൾക്കുമ്പോഴുള്ള ഒരു സന്തോഷമുണ്ട്....പതിനായിരം പേരുള്ള സ്റ്റേജിൽ നിന്ന് അവാർഡ് വാങ്ങിയാലും അത്രേം വരൂല....."
അയാൾ പൊരുതി ജീവിക്കുക മാത്രമല്ലായിരുന്നു, ജയിക്കുകയായിരുന്നു. "അങ്ങനെ പൊരുതി ജയിക്കുന്നവരെ സമൂഹം അങ്ങേയറ്റം ഊഷ്മളതയോടെ സ്നേഹിക്കും…!!" അതെ, നന്ദുവിനോട് മരണം തോല്‍ക്കുന്നു.