തിരുവനന്തപുരം:സത്യഗ്രഹം അനുഷ്ഠിക്കുന്ന ലീഗ് എംഎൽഎ നിയമസഭയിൽ ഹാജർ രേഖപ്പെടുത്തി. സംസ്ഥാന ബജറ്റിൽ ഇന്ധനങ്ങൾക്ക് സെസ് ഏർപ്പെടുത്തിയത് അടക്കമുള്ള നികുതി വർധനവിനെതിരെ സത്യഗ്രഹം അനുഷ്ഠിക്കുന്ന മുസ്ലിം ലീഗ് എംഎൽഎ നജീബ് കാന്തപുരമാണ് ഇന്നലെ ഹാജർ രേഖപ്പെടുത്തിയത്. ഹാജർ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കർക്ക് എംഎൽഎ കത്ത് നൽകിയിട്ടുണ്ട്.
അബദ്ധത്തിൽ ഹാജർ രേഖപ്പെടുത്തിയതാണെന്നാണ് വിശദീകരണം. നിയമസഭയിൽ അംഗങ്ങൾക്ക് ഇപ്പോൾ ഇ സിഗ്നേച്ചറാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പ്രതിപക്ഷത്തു നിന്നും ഷാഫി പറമ്പിൽ, മാത്യു കുഴൽനാടൻ, സി ആർ മഹേഷ്, നജീബ് കാന്തപുരം തുടങ്ങിയ എംഎൽഎമാരാണ് നിയമസഭ കവാടത്തിന് മുന്നിൽ സത്യഗ്രഹം അനുഷ്ഠിക്കുന്നത്.