കേരളം

kerala

ETV Bharat / state

ആറ്റുകാൽ പൊങ്കാല: സ്‌ത്രീ സുരക്ഷ പ്രധാനം, പൊലീസിന്‍റെ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പ്രവർത്തിക്കുമെന്ന് നാഗരാജു ഐപിഎസ് - police preparations on Attukal pongala

പൊങ്കാലയ്ക്കായി വിന്യസിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരിൽ നാലിൽ ഒന്ന് എന്ന തോതിൽ വനിത ഉദ്യോഗസ്ഥരെ വിന്യസിക്കുമെന്നും നാഗരാജു ഐപിഎസ്

ആറ്റുകാൽ പൊങ്കാല  Attukal Pongala  സിറ്റി പൊലീസ് കമ്മീഷണർ നാഗരാജു ചകിലം ഐപിഎസ്  നാഗരാജു ഐപിഎസ്  Nagaraju Chakilam IPS  Attukal Pongala police preparations  Nagaraju ips  police preparations on Attukal pongala  ആറ്റുകാൽ പൊങ്കാല സജ്ജീകരണങ്ങൾ
നാഗരാജു ഐപിഎസ്

By

Published : Mar 3, 2023, 8:27 PM IST

ആറ്റുകാൽ പൊങ്കാലയുടെ ഒരുക്കങ്ങൾ വിശദീകരിച്ച് നാഗരാജു ഐപിഎസ്

തിരുവനന്തപുരം:ആറ്റുകാൽ പൊങ്കാലയോട് അനുബന്ധിച്ച് പൊലീസിന്‍റെ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പ്രവർത്തിക്കുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ നാഗരാജു ചകിലം ഐപിഎസ്. 2020 ന് ശേഷം കൊവിഡ് നിയന്ത്രണങ്ങൾ ഒന്നുമില്ലാതെ നടക്കുന്ന പൊങ്കാലയായതിനാൽ വലിയ ജനത്തിരക്കാണ് ഇത്തവണ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം ഇടിവി ഭാരതിനോട്‌ പറഞ്ഞു.

പൊങ്കാലയ്ക്കായി വിന്യസിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരിൽ നാലിൽ ഒന്ന് എന്ന തോതിൽ വനിത ഉദ്യോഗസ്ഥരെ വിന്യസിക്കും. തിരക്കിനോടൊപ്പം ക്ഷേത്രത്തിൽ ഉണ്ടാവുന്ന വലിയ ക്യു നിയന്ത്രിക്കാൻ ലക്ഷ്യമിട്ടുള്ള സംവിധാനങ്ങളാകും ഒരുക്കുക. ഗതാഗതം നിയന്ത്രിക്കാനായി വൺ വേ സംവിധാനം, നോ പാർക്കിങ് സംവിധാനം എന്നിവയും കർശനമായി നടപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഫുഡ്‌ സേഫ്റ്റി ലൈസൻസ് നിർബന്ധം: പൊങ്കാല നടക്കുന്ന മാർച്ച്‌ ഏഴിന് പൊതു സ്വകാര്യ ബസ് സർവീസുകൾക്കായി പുതിയ റൂട്ടും സ്റ്റോപ്പുകളും ഒരുക്കും. ഇതിനായുള്ള ചർച്ചകൾ നടന്നു വരികയാണ്. സാധാരണ പൊങ്കാല ദിവസങ്ങളിൽ പ്രാദേശിക കൂട്ടായ്‌മകൾ ഭക്ഷണവും വെള്ളവും ശീതള പാനീയങ്ങളും വിതരണം ചെയ്യുന്ന രീതിയുണ്ട്.

എന്നാൽ ഇത്തവണ ഫുഡ്‌ സേഫ്റ്റി ലൈസൻസ് ഉള്ളവർക്ക് മാത്രമേ ഇത്തരത്തിൽ സൗജന്യ ഭക്ഷ്യ വിതരണം നടത്താൻ അനുമതിയുള്ളു. ഇത് കർശനമായി പാലിക്കുന്നുണ്ടോ എന്ന് പൊലീസ് ഉറപ്പ് വരുത്തും. ഇതിനായി പ്രത്യേക സ്ഥലങ്ങളും ഒരുക്കിയിട്ടുണ്ടാകും. പൊതുഇടങ്ങളിലെല്ലാം നിയന്ത്രണമില്ലാതെ ഭക്ഷണ വിതരണം ചെയ്‌ത പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കാൻ പാടില്ലെന്നും കമ്മിഷണർ അറിയിച്ചു.

അന്യ സംസ്ഥാന പൊലീസും: വനിത സുരക്ഷ മുഖ്യ ശ്രദ്ധാവിഷയമാണ്. ഇതിനായി പൊലീസ് കർശന ജാഗ്രത പുലർത്തും. മഫ്‌തി പൊലീസിനെയും ഉത്സവത്തിന്‍റെ ഭാഗമായി വിന്യസിച്ചിട്ടുണ്ട്. നിരവധി അന്തർ സംസ്ഥാന മോഷണ സംഘങ്ങൾ ഇത്തരം വലിയ ഉത്സവങ്ങളിൽ എത്താറുണ്ടെന്ന് വിവരമുണ്ട്. അതിനാൽ തന്നെ മറ്റ് സംസ്ഥാനങ്ങളിലെ പൊലീസ് ഉദ്യോഗസ്ഥരെയും മഫ്‌തി സ്‌ക്വാഡിൽ ഉൾപ്പെടുത്തും.

പൊങ്കാല നടക്കുന്ന പ്രദേശങ്ങളിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ച് പരിശോധന നടത്തി വരികയാണ്. അടിയന്തര സേവനങ്ങളായ ആംബുലൻസ് ഫയർ ഫോഴ്‌സ് എന്നീ വാഹനങ്ങളുടെ സുഗമമായ യാത്ര പൊങ്കാല ദിവസം ഉറപ്പ് വരുത്താനുള്ള നടപടികളും ഉണ്ടാകും. ഇതിനായി ഒരു പ്രത്യേക റൂട്ട് പൊലീസ് നിലനിർത്തും. ഈ റൂട്ടിൽ പാർക്കിങിനും പൊങ്കാലയ്ക്കും അനുവാദം ഉണ്ടാകില്ലെന്നും നാഗരാജു ഐപിഎസ് കൂട്ടിച്ചേർത്തു.

ഒരുക്കങ്ങൾ പൂർത്തിയാക്കി സർക്കാർ: അതേസമയം കൊവിഡ് കാലത്തിന് ശേഷമുള്ള പൊങ്കാലയ്‌ക്കായി വലിയ ഒരുക്കങ്ങളാണ് സർക്കാർ നടത്തുന്നത്. പൊങ്കാലക്കെത്തുന്ന ഭക്‌തർക്ക് ഭക്ഷ്യ സുരക്ഷ, യാത്രാസൗകര്യം, ചികിത്സാസേവനം എന്നിവ ലഭ്യമാക്കുമെന്ന് സർക്കാർ നേരത്തെ അറിയിച്ചിരുന്നു. പൊങ്കാല മഹോത്സവുമായി ബന്ധപ്പെട്ട് സർക്കാരും നഗരസഭയും ചേർന്ന് 8.39 കോടി രൂപയാണ് ചെലവിടുന്നത്.

കൂടാതെ പൊങ്കാലയ്‌ക്കെത്തുന്നവർക്കായി കെഎസ്‌ആർടിസി അധിക സർവീസ് നടത്തുമെന്നും, ഇതിനായി പ്രത്യേകം കൺട്രോൾ റൂമുകൾ ആരംഭിക്കുമെന്നും ഗതാഗത മന്ത്രി ആന്‍റണി രാജുവും അറിയിച്ചിരുന്നു. 24 മണിക്കൂറും മെഡിക്കൽ ടീമിന്‍റെ സേവനവും ആംബുലൻസ് സൗകര്യവും ഉറപ്പാക്കും.

അതേസമയം ഭക്ഷണ വിതരണത്തിന് ഭക്ഷ്യസുരക്ഷാവകുപ്പ് ഓൺലൈൻ രജിസ്‌ട്രേഷൻ നിർബന്ധമാക്കിയിട്ടുണ്ട്. രജിസ്റ്റര്‍ ചെയ്‌തവരെ മാത്രമേ ഭക്ഷണവും വെള്ളവും നൽകാൻ അനുവദിക്കുകയുള്ളൂ. കൂടാതെ ഉത്സവ മേഖലയിൽ നഗരസഭയുടെ ഹെൽത്ത് സ്‌ക്വാഡിന്‍റെ സജീവ പ്രവർത്തനവും, ലീഗൽ മെട്രോളജി സ്‌ക്വാഡുകളുടെ സജീവ പ്രവർത്തനവും ഉറപ്പാക്കും.

ABOUT THE AUTHOR

...view details