തിരുവനന്തപുരം : സ്ക്രീനിൽ താൻ വരുമ്പോൾ കയ്യടിക്കാൻ ആളെ കൂട്ടി പോയിട്ടുണ്ടെന്ന് നടൻ നിർമൽ പാലാഴി (Nirmal Palazhy). സിനിമ നടൻ എന്ന നിലയിൽ സ്വയം അടയാളപ്പെടുത്താൻ തനിക്ക് അവസരം ലഭിച്ച സിനിമയാണ് ഇത്. തിരക്കഥ വായിച്ചപ്പോൾ തന്നെ മെമ്പര്‍ സുധാകരന്‍റെ വേഷം തനിക്ക് ചെയ്യണമെന്ന് തോന്നിയെന്നും അത് കരഞ്ഞുകാലുപിടിച്ച് വാങ്ങിയതാണെന്നും അദ്ദേഹം പറഞ്ഞു. 'നദികളിൽ സുന്ദരി യമുന'(Nadikalil Sundari Yamuna) എന്ന സിനിമയുടെ പ്രചാരണാർഥം തിരുവനന്തപുരം കേസരി ഹാളിൽ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
ചില യൂട്യൂബർമാർ കേക്ക് മുറിക്കുന്ന ലാഘവത്തോടെ മോശം വാക്കുകൾ പറയുന്നു. പക്ഷേ ജനങ്ങൾ സ്വയം ചിത്രം ഏറ്റെടുത്തു. വർഷങ്ങളായി സിനിമയ്ക്ക് പോകാത്ത എന്‍റെ അമ്മയെ കൂട്ടി കാണാൻ കഴിഞ്ഞ പടമാണ്. നല്ലൊരു കുടുംബ ചിത്രമാണ് 'നദികളിൽ സുന്ദരി യമുന'യെന്നും അദ്ദേഹം പറഞ്ഞു.
ഓൺലൈൻ അക്രമണങ്ങൾ വക വയ്ക്കാതെ ജനങ്ങൾ സിനിമയെ ഏറ്റെടുത്തുവെന്ന് അണിയറപ്രവർത്തകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സിനിമ പുറത്തിറങ്ങി രണ്ട് ദിവസത്തിനുള്ളിൽ ചില ഓൺലൈൻ മാധ്യമങ്ങൾ റിവ്യൂ പറയുന്നു. ഇത്തരം റിവ്യൂകൾ കണ്ടുമാത്രം സിനിമ കാണാൻ തിയേറ്ററിലേക്ക് പോകുന്നവരുണ്ട്. സിനിമ ഇറങ്ങി എട്ട് ദിവസങ്ങൾക്ക് ശേഷമൊക്കെ റിവ്യൂ പറഞ്ഞാൽ സിനിമയെ ഇത് ബാധിക്കില്ല.
ഇത്തരത്തിൽ ദിവസങ്ങൾക്കുശേഷം റിവ്യൂ പറയുന്നത് ഓൺലൈൻ മാധ്യമങ്ങളുടെ സ്വീകാര്യതയെയും ബാധിക്കുന്നില്ലെന്നും സിനിമയിൽ പ്രധാന കഥാപാത്രമായി എത്തിയ അനീഷ് ഗോപാൽ പറഞ്ഞു. വലിയ അവകാശ വാദങ്ങൾ ഇല്ലാതെ വന്ന സിനിമയാണ്. കുറച്ച് കഥാപാത്രങ്ങളെ ഉപയോഗിച്ച് ചെയ്തൊരു സിനിമ. സിനിമയ്ക്ക് നേരെ ഉണ്ടാകുന്ന അക്രമണങ്ങൾ കാരണം കുഞ്ഞുസിനിമകൾ ഇല്ലാതായികൊണ്ടിരിക്കുന്ന സാഹചര്യമാണെന്ന് സിനിമയുടെ നിർമാതാക്കളിൽ ഒരാളായ മുരളിയും പറഞ്ഞു.