തിരുവനന്തപുരം : കാർഷിക ഗ്രാമവികസന ബാങ്കും കേരള ബാങ്കും തമ്മിൽ ലയിപ്പിക്കുന്ന കാര്യം പരിശോധിക്കണമെന്ന് നബാർഡ് ചെയർമാൻ കെ വി ഷാജി (Nabard Chairman KV Shaji ). ലയനം കർഷകർക്ക് ഗുണകരമാകും. ഇത് നബാർഡിന്‍റെ നിലപാടല്ലെന്നും മറിച്ച് തൻ്റെ വ്യക്തിപരമായ അഭിപ്രായമായി കാണണമെന്നും കെ വി ഷാജി പറഞ്ഞു. 'കേരളീയം' (Keraleeyam ) പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച 'കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന്‍റെ പ്രസക്തിയും പ്രാധാന്യവും' എന്ന വിഷയത്തിൽ ടാഗോർ ഹാളിൽ സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പല കോ - ഓപ്പറേറ്റീവ് ഇൻസ്റ്റിറ്റ്യൂഷനുകൾക്കും പേയ്‌മെന്‍റ് സർവീസ് നൽകാനുള്ള ലൈസൻസ് അനുവദിക്കാൻ മടിക്കുന്നത് സൈബർ സെക്യൂരിറ്റിയിലെ പോരായ്‌മ, ഐടി ഘടനയുടെ പോരായ്‌മ എന്നിവ കണക്കിലെടുത്താണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, കാർഷിക ഗ്രാമവികസന ബാങ്കും കേരളബാങ്കും തമ്മിൽ ലയിപ്പിക്കണമെന്ന നിർദേശം സംസ്ഥാന സർക്കാർ ചർച്ചചെയ്യുമെന്ന് സെമിനാറിന് അധ്യക്ഷത വഹിച്ച മന്ത്രി വി എൻ വാസവനും വ്യക്തമാക്കി (Minister VN Vasavan). സഹകരണ മേഖലയിലെ പണം ഉപയോഗിച്ചുകൊണ്ടുള്ള ശരിയായ രീതിയിലുള്ള വളർച്ചയാണ് കേരളത്തിന്‍റെ ഭാവിവികസനത്തിന് പരമപ്രധാനം.
സഹകരണ മേഖലയുടെ പ്രാധാന്യം എണ്ണിപ്പറഞ്ഞ് മന്ത്രി വാസവൻ :ഫാർമേഴ്‌സ് പ്രൊഡ്യൂസിങ് ഓർഗനൈസേഷനുകളും പ്രാഥമിക സഹകരണ ബാങ്കുകളുമായി കൂടുതൽ യോജിച്ച് പ്രവർത്തിക്കുന്നതിനുള്ള സംവിധാനം ഒരുക്കും. ഗ്രാമീണ മേഖലയിൽ ഉത്‌പാദനം വർധിപ്പിക്കുന്നതിന് ഗുണകരമാവുന്ന ഒന്നായി ഇതിനെ മാറ്റാനാണ് സർക്കാർ ആഗ്രഹിക്കുന്നത്. സഹകരണ മേഖലയെ പ്രൊഫഷണലായി സജ്ജമാക്കാൻ ഗവേഷണത്തിനും പഠനത്തിനും വേണ്ട സംവിധാനങ്ങൾ സംസ്ഥാന സർക്കാർ ഒരുക്കും. രാജ്യത്തിന് തന്നെ മാതൃകയാവുന്നവയാണ് സഹകരണ രംഗത്ത് കേരളം ഇന്ന് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പലകാര്യങ്ങളും.
സ്‌പെയിൻ അടക്കമുള്ള രാജ്യങ്ങളിൽ സഹകരണ രംഗം അവിടുത്തെ ജിഡിപിക്ക് നൽകുന്ന സംഭാവന വളരെ വലുതാണെന്നും ആ മാതൃകയിലേക്ക് നീങ്ങുന്നതിനെക്കുറിച്ചാണ് കേരളം ചിന്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു. 2.5 ലക്ഷം കോടിയാണ് സഹകരണ മേഖലയിലെ നിക്ഷേപം. കേരളത്തിലെ സഹകരണ മേഖല വൈവിധ്യമാർന്ന പ്രവർത്തനങ്ങളിലൂടെ നവകേരള സൃഷ്‌ടിക്ക് കരുത്തും വഴികാട്ടിയുമായി നിൽക്കുകയാണ്.