തിരുവനന്തപുരം: റോഡുകളിൽ സ്ഥാപിച്ച എഐ കാമറകൾക്ക് പുറമെ ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താൻ ഡ്രോൺ അധിഷ്‌ഠിത എഐ കാമറ സംവിധാനം ഉപയോഗപ്പെടുത്താനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്. ഇതുമായി ബന്ധപ്പെട്ട് ഗതാഗത കമ്മിഷണർ എസ് ശ്രീജിത്ത് തയ്യാറാക്കിയ പദ്ധതി സർക്കാരിന്‍റെ പരിഗണനയ്ക്കായി അയച്ചു. ഗതാഗത നിയമലംഘനങ്ങൾ അപ്പാടെ തുടച്ചുനീക്കാനാണ് മോട്ടോർ വാഹന വകുപ്പ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
പദ്ധതി ഇങ്ങനെ: പദ്ധതിക്കായി 300 കോടിയെങ്കിലും ചെലവാകുമെന്നാണ് ഏകദേശ കണക്കുകൂട്ടൽ. ഡ്രോൺ എഐ കാമറകൾ വഴി ആകാശമാര്‍ഗം എവിടെയുള്ള ഗതാഗത നിയമലംഘനവും കണ്ടെത്താനാകുമെന്നതാണ് പ്രത്യേകത. ഏതുതരം ഡ്രോണുകളാണ് ഇതിന് അനുയോജ്യമായതെന്ന് തെരഞ്ഞെടുക്കാന്‍ വിവിധ ഐഐടികളുടെ സഹായവും മോട്ടോര്‍ വാഹന വകുപ്പ് തേടിയിട്ടുണ്ട്. ഇത്തരം പദ്ധതികൾക്ക് കേന്ദ്ര സഹായവും ലഭിക്കുമെന്നാണ് മോട്ടോർ വാഹന വകുപ്പിന്‍റെ വിലയിരുത്തൽ. എന്നാൽ ഡ്രോൺ അധിഷ്‌ഠിത എഐ കാമറ സംവിധാനം വഴി ഏതുതരം നിയമലംഘനങ്ങളാണ് കണ്ടെത്തുന്നതെന്ന കാര്യത്തിൽ വ്യക്തതയില്ല.
വിവാദങ്ങളുടെ എഐ കാമറ: പ്രതിപക്ഷം ഉന്നയിച്ച വിവാദങ്ങൾ വകവെക്കാതെ സംസ്ഥാനത്തെ റോഡുകളിൽ സ്ഥാപിച്ച 726 എഐ കാമറകൾ വഴി ജൂൺ അഞ്ച് മുതലാണ് പിഴ ഈടാക്കാൻ ആരംഭിച്ചത്. ഇതിന് പിന്നാലെ ഹെൽമെറ്റ് ധരിക്കാതെ ഇരുചക്ര വാഹനം ഓടിക്കുന്നവരുടെയും കാറുകളിൽ സീറ്റ് ബെൽറ്റ് ധരിക്കാതെ യാത്ര ചെയ്യുന്നവരുടെയും എണ്ണത്തിൽ വലിയ കുറവാണുണ്ടായത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ റോഡ് അപകടത്തില്‍ 344 പേര്‍ക്ക് ജീവന്‍ നഷ്‌ടപ്പെട്ടപ്പോൾ എഐ കാമറകൾ സ്ഥാപിച്ചതിന് ശേഷം ഈ വര്‍ഷം ജൂണില്‍ അത് 140 ആയി കുറഞ്ഞു.